സമഗ്ര വികസന പദ്ധതികള്‍ യാഥാര്‍ഥ്യമായി; അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ന്ന് പ്രാദേശിക കോഴിവളര്‍ത്തല്‍ കേന്ദ്രം
കോഴിക്കോട്: നവീകരണത്തിന്റെ പാതയില്‍ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ന്ന് ചാത്തമംഗലത്തെ പ്രാദേശിക കോഴി വളര്‍ത്തല്‍ കേന്ദ്രം. സമഗ്ര വികസന പദ്ധതികളുടെ ഭാഗമായി പുതിയ ഓഫിസ് കെട്ടിടം, ട്രെയിനിങ് സെന്റര്‍, പൗള്‍ട്രി എക്‌സിബിഷന്‍ സെന്റര്‍, ആധുനികവല്‍ക്കരിച്ച പൗള്‍ട്രി ഹൗസുകള്‍, തൊഴിലാളികള്‍ക്കുള്ള വിശ്രമമുറി, ഫാമിലെ സര്‍വിസ് റോഡുകളുടെ ടാറിങ്, പുതിയ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ്, പൗള്‍ട്രി പ്രതിമയുടെ അനാച്ഛാദനം, കര്‍ഷകര്‍ക്കുള്ള വിശ്രമസ്ഥലം എന്നിവകൂടി യാഥാര്‍ഥ്യമായതോടെ പരിമിതികളില്‍നിന്ന് മികച്ച നിലവാരത്തിലേക്കാണ് കേന്ദ്രം ഉയര്‍ന്നത്. ജില്ലാ പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും ചേര്‍ന്ന് 2.5 കോടി ചെലവഴിച്ചാണു പദ്ധതികള്‍ നടപ്പാക്കിയത്.
നിലവിലെ ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളാണു നടപ്പാക്കിയത്. ജില്ലാ പഞ്ചായത്തിന്റെ ഒന്നാംഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫാമിനു ചുറ്റുമതില്‍, ഹാച്ചറി കെട്ടിടം, പുതിയ പൗള്‍ട്രി ഷെഡ്, ജനറേറ്റര്‍ റൂം, മഴവെള്ള സംഭരണികള്‍ എന്നിവ നിര്‍മിച്ചിരുന്നു. 1962ല്‍ 5.7 ഏക്കറില്‍ ആരംഭിച്ച കേന്ദ്രം 1982ലാണ് പ്രാദേശിക കോഴി വളര്‍ത്തല്‍ കേന്ദ്രമായി ഉയര്‍ത്തിയത്. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലേക്കാവശ്യമായ കോഴിക്കുഞ്ഞുങ്ങളുടെ ഉല്‍പാദന കേന്ദ്രമായ സ്ഥാപനം 1995ല്‍ ജില്ലാ പഞ്ചായത്ത് ഏറ്റെടുത്തു.
ഇവിടം സന്ദര്‍ശിക്കുന്നവര്‍ക്കു വിവിധയിനം കോഴികളുടെ പ്രദര്‍ശനം കാണാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. റോസ് എ.പി 95, കാവേരി, സുവര്‍ണ, നേക്കഡ് നെക്ക്, ഗ്രാമശ്രീ, ആസ്‌ട്രോളര്‍, അതുല്യ, കരിങ്കോഴി തുടങ്ങിയ ഇനങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വാര്‍ഷിക വരുമാനത്തിലും മികച്ച വര്‍ധനവാണുണ്ടായത്. 1.3 കോടിയാണ് ഈ വര്‍ഷത്തെ പ്രതീക്ഷിത വരുമാനം. കോഴിക്കുഞ്ഞുങ്ങളുടെ ഉല്‍പാദനവും സര്‍വകാല ഉന്നതിയിലെത്തി. 7.5 ലക്ഷം അടമുട്ടയുടെയും 5.8 ലക്ഷം കുഞ്ഞുങ്ങളുടെയും ഉല്‍പാദനവുമാണ് പ്രതീക്ഷിക്കുന്നത്. തൊഴിലാളികളുടെ എണ്ണത്തിലും വര്‍ധനവുണ്ടാക്കാന്‍ കഴിഞ്ഞു.
വെറ്ററിനറി കോളജ് വിദ്യാര്‍ഥികള്‍, ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍, പൗള്‍ട്രി ഫാം മാനേജ്‌മെന്റ് വിദ്യാര്‍ഥികള്‍, വി.എച്ച്.സി വിദ്യാര്‍ഥികള്‍, കുടുംബശ്രീ അംഗങ്ങളടക്കം 460 പേര്‍ക്ക് ഈ വര്‍ഷം ഇവിടെനിന്ന് പരിശീലനം നല്‍കിയിട്ടുണ്ട്. പരിശീലനവും തുടര്‍ സഹായവും ലഭിച്ചതിനെ തുടര്‍ന്ന് നിരവധിപേര്‍ക്ക് ഫാമുകള്‍, മുട്ട മാര്‍ക്കറ്റിങ്, മിനി പൗള്‍ട്രി പ്ലാന്റുകള്‍ തുടങ്ങിയവ ആരംഭിക്കാന്‍ കഴിഞ്ഞു. സമഗ്രവികസന പദ്ധതികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട് അധ്യക്ഷയായി. പ്രാദേശിക കോഴി വളര്‍ത്തല്‍ കേന്ദ്രം അസി. ഡയരക്ടര്‍ ഡോ. സി. ജലാലുദ്ദീന്‍, ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ബീന മുഖ്യാതിഥികളായി. ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ. എ. മിനി മുഖ്യപ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."