മരുതായിയിലെ അക്രമം: പ്രതികളുമായി തെളിവെടുപ്പ് നടത്തി
മട്ടന്നൂര്‍: മരുതായിയില്‍ യുവാവിനെ അക്രമിച്ച് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ സംഭവം നടന്ന മരുതായിലെ പൊറോറ സര്‍വിസ് ബാങ്കിനു സമീപവും പ്രതികള്‍ തുക വീതിച്ചെടുത്ത നടുവനാട് തലച്ചേങ്ങാടും പിടിക്കപ്പെട്ട പ്രതികളുമായി സി.ഐ ഷജോ ജോസഫും സംഘവും തെളിവെടുപ്പ് നടത്തി. ഇന്നലെ ഉച്ചയോടെയാണ് തെളിവെടുപ്പിനായി എത്തിയത്. ഇതുവരെ സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേര്‍ പിടിയിലായി.
സംഭവത്തില്‍ 11 പ്രതികളുടെ പേരിലാണ് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ മാസമാണ് പണയത്തിലിരിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ എടുത്തുനല്‍കുന്ന സംഘത്തിലെ രണ്ടു യുവാക്കളെ സംഘം ആക്രമിച്ചത്. മട്ടന്നൂര്‍ -ഇരിക്കൂര്‍ റൂട്ടില്‍ മരുതായി കള്ള് ഷാപ്പിന് സമീപത്ത് വച്ചായിരുന്നു യുവാക്കളെ ആക്രമിച്ചത്. കൈക്ക് കുത്തേറ്റ കോഴിക്കോട് ചേളന്നൂരിലെ മേലേടത്ത് മീത്തല്‍ ഇബ്രാഹിമിന്റെ മകന് സി ഷമീര്‍, സുഹൃത്ത് മിഖ്ദാദ് എന്നിവരുടെ പരാതി പ്രകാരം പൊലിസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."