പരിസര മലിനീകരണം: പ്ലൈവുഡ് ഫാക്ടറിക്കെതിരേ പ്രതിഷേധവുമായി നാട്ടുകാര്‍
തളിപ്പറമ്പ്: പാരിസ്ഥിതിക-ആരോഗ്യ പ്രശ്‌നങ്ങളുയര്‍ത്തുന്ന കീരിയാട് മഞ്ചാലിലെ പ്ലൈവുഡ് ഫാക്ടറിക്കെതിരെയും ലേബര്‍ ക്യാംപിനെതിരെയും നാട്ടുകാരുടെ പ്രതിഷേധം. ഫാക്ടറി ഉയര്‍ത്തുന്ന പാരിസ്ഥിതിക-ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണണമെന്ന ആവശ്യവുമായി സ്ത്രീകളടക്കമുള്ള നൂറോളം പേരാണ് ഇന്നലെ രംഗത്തെത്തിയത്.
18 വര്‍ഷമായി കുറുമാത്തൂര്‍ കീരിയാട് മഞ്ചാലില്‍ പ്രവര്‍ത്തിക്കുന്ന ഹീറോ പ്ലൈവുഡ് ഫാക്ടറിയില്‍ നിന്നു പുറംതള്ളുന്ന വിഷപ്പുക ഇവിടുത്തെ അന്തരീക്ഷവും മലിനജലം സമീപത്തെ കിണറുകളിലെ കുടിവെള്ളവും മലിനമാക്കിയെന്നു നാട്ടുകാര്‍ ആരോപിച്ചു. 500ലേറെ ഇതരസംസ്ഥാന തൊഴിലാളികള്‍ തങ്ങുന്ന ഫാക്ടറിയുടെ ലേബര്‍ ക്യാംപില്‍ നിന്നു പുറംതള്ളുന്ന മലിനജലവും ഫാക്ടറിയില്‍ നിന്നു പുറംതള്ളുന്ന കെമിക്കല്‍ കലര്‍ന്ന മലിനജലവും ഫാക്ടറി വളപ്പില്‍ ഉപയോഗശൂന്യമായി കിടക്കുന്ന കിണറുകളിലേക്ക് ഒഴുക്കിവിടുന്നതിനാലാണ് കിണറുകളില്‍ മാലിന്യം കലര്‍ന്നതെന്നു നാട്ടുകാര്‍ ആരോപിച്ചു.
മലിനീകരണത്തിനെതിരെ നാട്ടുകാര്‍ രണ്ടുവര്‍ഷം മുന്‍പ് രംഗത്തു വന്നപ്പോള്‍ നടന്ന ചര്‍ച്ചയിലെ ഉറപ്പായിരുന്ന മലിനീകരണ നിയന്ത്രണ പ്ലാന്റ് നിര്‍മാണവും ലേബര്‍ ക്യാംപ് മാറ്റിസ്ഥാപിക്കലും ഇതുവരെ നടപ്പായില്ലെന്നു നാട്ടുകാര്‍ പറയുന്നു. എസ്.ഐ ബിനുമോഹന്റെ നേതൃത്വത്തില്‍ പൊലിസും സ്ഥലത്തെത്തിയിരുന്നു. കുറുമാത്തൂര്‍ പഞ്ചായത്ത് അധികൃതരെയും നാട്ടുകാരെയും പങ്കെടുപ്പിച്ച് പൊലിസ് നടത്തിയ ചര്‍ച്ചയില്‍ മലിനീകരണ നിയന്ത്രണ പ്ലാന്റ് നിര്‍മാണവും ലേബര്‍ ക്യാംപ് മാറ്റി സ്ഥാപിക്കലും വേഗത്തിലാക്കാനും ഫാക്ടറി മാനേജ്‌മെന്റിനു നിര്‍ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."