അനധികൃത മല്‍സ്യ വില്‍പ്പന കേന്ദ്രങ്ങള്‍ ഒഴിപ്പിച്ചു
തളിപ്പറമ്പ്: ഏഴാംമൈല്‍, സയ്യിദ്‌നഗര്‍ പ്രദേശങ്ങളില്‍ അനധികൃതമായി പ്രവര്‍ത്തിച്ചുവന്ന മല്‍സ്യ വില്‍പ്പനശാലകള്‍ ഒഴിപ്പിച്ചു. പൊലിസിന്റെ സഹായത്തോടെ നഗരസഭാ അധികൃതരും പി.ഡബ്ല്യു.ഡിയും ചേര്‍ന്ന് ഇന്നലെ രാവിലെ 10.30ഓടെയാണ് ഇവിടെ മല്‍സ്യ വ്യാപാരം നടത്തിവന്നവരെ ബലം പ്രയോഗിച്ച് ഒഴിപ്പിച്ചത്.
ഇവിടത്തെ അനധികൃത മല്‍സ്യവ്യാപാരത്തിനെതിരെ തളിപ്പറമ്പ് മല്‍സ്യമാര്‍ക്കറ്റിലെ തൊഴിലാളികള്‍ എസ്.ടി.യുവിന്റെ നേതൃത്വത്തില്‍ പരാതി നല്‍കിയിരുന്നു. തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗത്തില്‍ പ്രശ്‌നത്തില്‍ നടപടി വേണമെന്ന് ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിരുന്നു.
ഏഴാംമൈലിലും സയ്യിദ് നഗറിയും സമാന്തര മല്‍സ്യ മാര്‍ക്കറ്റുകള്‍ രാവിലെ തന്നെ ആയിരക്കണക്കിന് രൂപയുടെ മല്‍സ്യം എത്തിച്ച് കച്ചവടം ആരംഭിച്ചിരുന്നു. ഇവരുടെ തട്ടുകടകള്‍ നഗരസഭാ ആരോഗ്യവിഭാഗം പിടിച്ചെടുത്തു. പിടിച്ചെടുത്ത മല്‍സ്യം മുഴുവന്‍ ബ്ലീച്ചിങ് പൗഡര്‍ തൂകി നശിപ്പിച്ചശേഷം നഗരസഭയിലെത്തിച്ചു കുഴിച്ചുമൂടി. നിലവില്‍ കുറ്റിക്കോല്‍, ബക്കളം, പൂവം പ്രദേശങ്ങളിലും സമാന്തര മല്‍സ്യ മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒന്നാം ഗ്രേഡ് നഗരസഭയായിട്ടും തളിപ്പറമ്പില്‍ ഇപ്പോഴും സ്വന്തമായി ഒരു മല്‍സ്യമാര്‍ക്കറ്റ് ഇല്ല. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത ഇറച്ചിക്കടകള്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."