കൊല്ലം ബൈപാസ്: നാലുവരിയായി വികസിപ്പിക്കാന്‍ കേന്ദ്രം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
കൊല്ലം: ബൈപാസ് നാലുവരിപാതയായി വികസിപ്പിക്കുന്നതിലേക്കായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര റോഡ് ഗതാഗതവും ദേശീയപാതയും മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി എന്‍.കെ പ്രേമചന്ദ്രന്‍ എം.പി അറിയിച്ചു.
കൊല്ലം ബൈപാസ് നാലുവരിയായി വികസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിക്കും ദേശീയ പാതയും റോഡ് ഗതാഗതവും മന്ത്രാലയം സെക്രട്ടറി യുധ്‌വീര്‍ സിങ് മാലിഖിനും നിവേദനം നല്‍കിയതിനെ തുടര്‍ന്നാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. കൊല്ലം ബൈപാസ് നാലുവരി പാതയായി നിര്‍മിക്കുന്നതിനാണ് രൂപകല്‍പ്പന ചെയ്തിരുന്നത്. 45 മീറ്റര്‍ വീതിയില്‍ സ്ഥലം ഏറ്റെടുത്തു കഴിഞ്ഞു. സ്ഥലം ലഭിക്കുന്നതിനുളള തടസമാണ് കേരളത്തിലെ ദേശീയപാത വികസനത്തിന് പ്രതിസന്ധി. കൊല്ലം ബൈപാസിനെ സംബന്ധിച്ചിടത്തോളം സ്ഥലം ലഭ്യമാണ്. സര്‍വിസ് റോഡുകളും അയത്തില്‍, കല്ലുംതാഴം തുടങ്ങി ജങ്ഷനുകളുടെ വികസനവും അടിയന്തിരമായി പൂര്‍ത്തീകരിക്കണം. നിലവിലെ ബൈപാസ് കൊല്ലത്തെ ഗതാഗതകുരുക്ക് പൂര്‍ണമായി പരിഹരിക്കാന്‍ പര്യാപ്തമല്ല. അടിയന്തിരമായി ബൈപാസ് നാലുവരി പാതയാക്കുന്നതിനുള്ള നടപടി ആരംഭിക്കണമെന്നും എന്‍.കെ പ്രേമചന്ദ്രന്‍ എം.പി നിവേദനത്തില്‍ ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."