കുടുംബശ്രീയുടെ കൈത്താങ്ങ്; ജീവിതം തിരികെ പിടിച്ച് പ്രിയ
പാലക്കാട്: പ്രളയം നല്‍കിയ ഇരട്ട പ്രഹരത്തില്‍നിന്നും കുടുംബശ്രീയുടെ കൈത്താങ്ങില്‍ ജീവിതം തിരികെ പിടിക്കാനുള്ള പോരാട്ടത്തിലാണ് പ്രിയ. വീട്ടിലിരുന്ന് നിര്‍മിച്ച ആഭരണങ്ങളും ഫാന്‍സി ഉല്‍പ്പന്നങ്ങളും കുടുംബശ്രീ മേളകളിലൂടെ വിപണനം ചെയ്താണ് എടത്തറ കൗസ്തുഭം വീട്ടില്‍ പ്രിയ വരുമാനം കണ്ടെത്തുന്നത്. രണ്ടരവര്‍ഷമായി എടത്തറ ഗ്രാമത്തിലെ ഗംഗോത്രി കുടുംബശ്രീ കൂട്ടായ്മയുടെ ഭാഗമായി സ്‌കൂള്‍ കലാമേളകള്‍ക്കടക്കം ആഭരണങ്ങള്‍ നിര്‍മിച്ചു നല്‍കിയിരുന്നു. 2018 ഓണാഘോഷത്തിന്റെ ഭാഗമായി ചെങ്ങന്നൂരില്‍ സംഘടിപ്പിച്ച കുടുംബശ്രീ 'സരസ് ' മേളയില്‍ താനുണ്ടാക്കിയ മൂന്നരലക്ഷത്തിന്റെ ആഭരണങ്ങളും മറ്റ് നിര്‍മാണവസ്തുക്കളുമായി പ്രദര്‍ശനത്തിനു പോയ പ്രിയക്ക് ജീവനൊഴികെ മറ്റെല്ലാം പ്രളയത്തില്‍ നഷ്ടമായി. ചെങ്ങന്നൂരില്‍നിന്നും പ്രിയ തിരികെയെത്തിയത് ഗതിമാറി ഒഴുകിയ പുഴ കവര്‍ന്നെടുത്ത എടത്തറയിലെ വീടിന് മുന്നിലാണ്. കനത്ത മഴയില്‍ എടത്തറ ചെക്ക് ഡാം കരകവിഞ്ഞ് ഒഴുകി പ്രിയയുടെ വീടിന്റെ അടിത്തറ തകര്‍ത്തു.
സ്വരുക്കൂട്ടിയതെല്ലാം നഷ്ടപ്പെട്ട പ്രിയക്ക് കരുത്തുപകര്‍ന്നത് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലെത്തിയ ഉദ്യോഗസ്ഥരും കുടുംബശ്രീ പ്രവര്‍ത്തകരുമാണ്. ഏത് പ്രതിസന്ധിയിലും കൂടെയുണ്ടാവുമെന്ന ജില്ലാ മിഷന്റെ ഉറപ്പില്‍ പ്രിയ ആഭരണ നിര്‍മാണം പുനരാരംഭിച്ചു. കുടുംബശ്രീയുടെ മുഴുവന്‍ മേളകളിലും പ്രിയക്ക് വില്‍പനയ്ക്കായി ഒരിടം നല്‍കി. ചെറിയ മേളകള്‍ പോലും തിരിച്ചുവരവിന് കരുത്തേകി. മേളകളില്‍നിന്നും ലഭിക്കുന്ന ഓര്‍ഡറുകള്‍ക്കനുസരിച്ച് ആഭരണങ്ങള്‍ നിര്‍മിക്കുന്ന തിരക്കിലാണ് പ്രിയ. ക്രിസ്റ്റല്‍, പേള്‍, പ്ലാസ്റ്റിക് ബീഡ്‌സ്, സില്‍ക്ക് നൂല്, ഗ്ലാസ് ബീഡ്‌സ്, സാന്‍ഡ് സ്റ്റോണ്‍, പേപ്പര്‍, ജൂട്ട്, മുള, ചിരട്ട തുടങ്ങിയ വിവിധ വസ്തുക്കളുപയോഗിച്ച് പ്രിയ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മനോഹരമായി ആഭരണങ്ങള്‍ ഉണ്ടാക്കുന്നു. ഹെയര്‍ ക്ലിപ്‌സ്, വിവിധയിനം കമ്മലുകള്‍, വളകള്‍, മോതിരങ്ങള്‍, നെറ്റിച്ചുട്ടി, പാദസ്വരങ്ങള്‍, ഡാന്‍സിന് ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങള്‍ തുടങ്ങി അഞ്ച് രൂപ മുതല്‍ 2,000 രൂപ വരെയുള്ള വസ്തുക്കല്‍ പ്രിയ നിര്‍മിക്കുന്നു. ഭര്‍ത്താവ് ഉന്മേഷും മക്കളായ സോനയും സ്‌നേഹയും പിന്തുണയുമായി പ്രിയക്കൊപ്പമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."