പ്രവാസിയുടെ അക്കൗണ്ട് ഹാക്ക് ചെയ്ത് അരലക്ഷം രൂപ കവര്‍ന്നു
ജിദ്ദ: ദമാമിലെ പ്രമുഖ കമ്പനിയില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ സ്വദേശിയുടെ നാട്ടിലുള്ള ഐ.ഡി.ബി.ഐ ബാങ്ക് എന്‍.ആര്‍.ഐ അക്കൗണ്ട് ഹാക്ക് ചെയ്തു പണം കവര്‍ന്നു. രണ്ടു ദിവസം മുന്‍പാണ് നിരന്തരമായ ശ്രമങ്ങള്‍ക്കൊടുവില്‍ ഹാക്കര്‍മാര്‍ ഇദ്ദേഹത്തിന്റെ ഡെബിറ്റ് കാര്‍ഡില്‍ നിന്നു പണം വലിച്ചത്.
യു.കെയിലെ ഒരു സ്ഥാപനത്തില്‍ നിന്നും 52,000 ഇന്ത്യന്‍ രൂപക്ക് തുല്യമായ പര്‍ച്ചേസിങ് നടത്തിയതായാണ് കാണിക്കുന്നത്. തന്റെ നാട്ടിലുള്ള അക്കൗണ്ട് ആയതിനാല്‍ അതില്‍ നല്‍കിയിരുന്നത് ഇന്ത്യയിലെ മൊബൈല്‍ നമ്പര്‍ ആയിരുന്നെന്നും രണ്ടു ദിവസമായി അത് പ്രവര്‍ത്തനരഹിതമായിരുന്നെന്നും പിന്നീട് മൊബൈല്‍ തുറന്നാപ്പോഴാണു പണം പിന്‍വലിച്ചതായി കണ്ടതെന്നും ഇദ്ദേഹം പറയുന്നു.
പണം വലിക്കുന്നതിന് മുന്‍പ് രണ്ടു തവണ ഒ.ടി.പി നമ്പര്‍ ആവശ്യപ്പെട്ട് സന്ദേശം വന്നതായും ഇദ്ദേഹം വെളിപ്പെടുത്തി. പണം നഷ്ടപ്പെട്ട് ഒരു മണിക്കൂറിനകം തന്നെ അക്കൗണ്ട് മരവിപ്പിച്ചതിനാല്‍ കൂടുതല്‍ പണം നഷ്ടമായില്ല. ഇത് സംബന്ധിച്ച് ബാങ്കുമായി ബന്ധപ്പെട്ടപ്പോള്‍ ട്രാന്‍സാക്ഷന്‍ ഡിസ്പ്യുട്ട് ഫോമില്‍ പരാതി നല്‍കണമെന്നും അതിനു ശേഷം അറിയിക്കാം എന്ന മറുപടിയുമാണ് ലഭിച്ചത്.
ഇതിനു സമാനമായ സംഭവങ്ങള്‍ വേറെയും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഒരു മാസം മുന്‍പാണ് തിരുവനന്തപുരം സ്വദേശിയുടെ ലക്ഷങ്ങള്‍ നഷ്ടമായത്. ഒരു ദിവസം തന്നെ അഞ്ചു തവണ ഒ.ടി.പി നമ്പര്‍ ആവശ്യപ്പെട്ടു. ബാങ്കില്‍ നിന്നാണെന്നും വെരിഫിക്കേഷന്‍ നടത്തുകയാണെന്നും അറിയിച്ചതനുസരിച്ച് ഓരോ തവണയും തുടരെ തുടരെ വന്ന നമ്പറുകള്‍ അറിയിക്കുകയും ചെയ്തതോടെയാണ് പണം അക്കൗണ്ടില്‍ നിന്നു വലിച്ചത്. പണം പിന്‍വലിച്ച സന്ദേശങ്ങള്‍ ശ്രദ്ധിക്കാതെ വീണ്ടും നമ്പര്‍ നല്‍കിയതിലൂടെയാണ് അബദ്ധം പിണഞ്ഞത്. ഇത് പോലെ പണം നഷ്ടമായവരില്‍ മറ്റു മലയാളികളും ഉള്‍പ്പെടുന്നതായാണ് അന്വേഷണത്തില്‍ നിന്നു മനസ്സിലായത്. പലരും മാനക്കേട് കൊണ്ട് പുറത്തു പറയാന്‍ മടിക്കുകയാണ്.
എന്നാല്‍ അക്കൗണ്ടുകള്‍ സുരക്ഷിതമാക്കേണ്ടത് അതാതു ബാങ്കുകള്‍ ആണെന്നിരിക്കേ പല ബാങ്കുകളും ഇത്തരം കാര്യങ്ങളില്‍ അലംഭാവം തുടരുന്നതായാണ് ഇത്തരം സംഭവങ്ങളിലൂടെ വ്യക്തമാവുന്നത്. വിവിധ രാജ്യങ്ങളിലെ പ്രമുഖ ബാങ്കുകള്‍ എല്ലാം സന്ദേശങ്ങള്‍ വഴി മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ടെങ്കിലും ഹാക്കര്‍മാര്‍ തട്ടിപ്പിന്റെ നൂതന മാര്‍ഗങ്ങള്‍ തേടുകയാണ്.
അതാതു രാജ്യത്തെ ബാങ്കുകളില്‍ അക്കൗണ്ടിനൊപ്പം സ്ഥിരമായി ഉപയോഗിക്കുന്ന മൊബൈല്‍ നമ്പര്‍ തന്നെ നിര്‍ബന്ധമായും നല്‍കണമെന്നും ബാങ്കുകളുടെ പേരിലോ മറ്റു സ്വകാര്യമായ സന്ദേശങ്ങള്‍ വരുമ്പോള്‍ ഒ.ടി.പി നമ്പര്‍ നല്‍കരുതെന്നും ഇത്തരം സന്ദേശങ്ങളെ ബാങ്കുകളില്‍ നേരിട്ട് അറിയിക്കണമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."