മുതിരപ്പുഴയാറ്റില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് 5680 കവിഞ്ഞു
മൂന്നാര്‍: മൂന്നാറിന്റെ ഹൃദയഭാഗത്തുകൂടി ഒഴുകുന്ന മുതിരപ്പുഴയില്‍ അപകടകാരികളായ കോളിഫോം ബാക്ടീരിയ പത്തിരട്ടി വര്‍ധിച്ചതായി ആരോഗ്യവകുപ്പ് കണ്ടത്തി. മാരകമായ രോഗങ്ങള്‍ പരത്തുവാന്‍ കാരണമായ ബാക്ടീരിയ അനുവദീയമായതിനും കൂടുതല്‍ അളവിലുള്ളതായാണ് കണ്ടെത്തല്‍.
ആരോഗ്യ വകുപ്പ് പുഴയിലെ വെള്ളം ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് പുഴയിലെ ജലം മലിനമയമാണെന്ന് കണ്ടെത്തിയിട്ടുള്ളത്. മൂന്നാറിലെ റിസോര്‍ട്ടുകളും വ്യാപാരസ്ഥാപനങ്ങളും തള്ളുന്ന മാലിന്യങ്ങള്‍ പുഴയിലേക്കു നേരിട്ടെത്തുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. മുതിരപ്പുഴയിലെ വെള്ളത്തില്‍ മാലിന്യത്തിന്റെ തോത് 5680 കോളിഫോം ആണെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
പുഴയില്‍ നിന്നും ശേഖരിച്ച 100 മില്ലീ ലിറ്റര്‍ വെള്ളത്തിലാണ് പരിശോധന നടത്തിയത്. 100 മില്ലീ ലിറ്റര്‍ വെള്ളത്തില്‍ 100 മുതല്‍ 500 വരെ കോളിഫോം ബാക്ടീരിയ സാധാരണ രീതിയില്‍ കാണപ്പെടാമെന്നിരിക്കെ വിനാശകരമായ 5680 കോളിഫോം ബാക്ടീരിയ കണ്ടെത്തിയത് മനുഷ്യര്‍ക്കും പരസ്ഥിതിക്കും ഒരു പോലെ ദോഷകരമായ അവസ്ഥയാണ്.
മൂന്നാര്‍ ഹെഡ് വര്‍ക്‌സ് ഡാമിലൂടെ ഒഴുകുന്ന വെള്ളമാണ് മൂന്നാറിലും പരിസരത്തും ഭീഷണി സൃഷ്ടിക്കുന്നത്. മൂന്നാര്‍, പള്ളിവാസല്‍, ആനച്ചാല്‍, ചെങ്കുളം, തോക്കുപാറ, കുഞ്ചിത്തണ്ണി തുടങ്ങിയ പ്രദേശങ്ങളിലൊക്കെയുള്ള നിരവധി പേര്‍ കുടവെള്ളത്തിനും മറ്റുമായി പുഴയെയാണ് ആശ്രയിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് 2500 മാത്രമായിരുന്നു. എന്നാല്‍ അറുമാസത്തിനകം ബാക്ടീരിയയുടെ അളവ് പത്തിരട്ടിയായി. ടൈഫോയ്ഡ്, മഞ്ഞപ്പിത്തം, കോളറ തുടങ്ങിയ രോഗങ്ങള്‍ക്കു കാരണമാകുന്ന ബാക്ടീരിയയാണിത്.
പുഴ മാലിന്യമായതോടെ മൂന്നാറിലെ മാലിന്യപ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകുകയാണ്. മാലിന്യം പുഴയിലേക്ക് ഒഴുക്കിയതുമായി ബന്ധപ്പെട്ട് 59 റിസോര്‍ട്ടുകള്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ പുഴയില്‍ മാലിന്യം കലരുവാന്‍ ഇടയായ സംഭവത്തില്‍ 5 റിസോര്‍ട്ടുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."