പഞ്ചമുഖ പുണ്യം പകര്‍ന്ന് 'രുദ്രാക്ഷമരം' വീട്ടുവളപ്പില്‍
പട്ടാമ്പി: ഹിമാലയ സാനുക്കളിലും നിത്യഹരിത വനങ്ങളിലും കണ്ടുവരുന്ന രുദ്രാക്ഷം നിളാതീരത്തും വളരുമെന്നും കായ്ക്കുമെന്നും തെളിഞ്ഞു. ഞാങ്ങാട്ടിരിയുടെ കര്‍ഷകശ്രീയായ കവളപ്പാറ ഗംഗാധരനുണ്ണി നായര്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പട്ടാമ്പി കാര്‍ഷിക വികസന കേന്ദ്രത്തില്‍നിന്നും വാങ്ങി വീട്ടുവളപ്പില്‍ നട്ടുവളര്‍ത്തിയ രുദ്രാക്ഷച്ചെടിയാണ് ഇപ്പോള്‍ കായ്ച്ചത്. വര്‍ഷങ്ങളുടെ പരിചരണത്തിനൊടുവില്‍ മരത്തില്‍ മൂന്നു കായ്കളാണ് ഉണ്ടായിരിക്കുന്നത്. ഇലിയോകാര്പസ്, ഗാനിട്രസ് എന്ന ശാസ്ത്ര നാമത്തില്‍ അറിയപ്പെടുന്ന രുദ്രാക്ഷം ശിവന്റെ തൃക്കണ്ണ് ആണെന്ന് വിശ്വസിക്കുന്നവരുണ്ട്.
ഏകമുഖം, ദ്വി, ത്രി, ചതുരം, പഞ്ചമുഖം തുടങ്ങി 21 മുഖങ്ങള്‍ വരെയുള്ള രുദ്രാക്ഷങ്ങള്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. മുഖങ്ങളുടെ കണക്കനുസരിച്ചാണ് ഇതിന്റെ അപൂര്‍വതയും വിലയും നിശ്ചയിക്കപ്പെടുന്നത്. കവളപ്പാറ തറവാട്ടില്‍ വിരിഞ്ഞത് പഞ്ചമുഖ രുദ്രാക്ഷമാണെന്ന് കരുതുന്നു. വിവിധ ഔഷധ സസ്യങ്ങള്‍ നിറഞ്ഞുനില്ക്കുന്ന വളപ്പില്‍, കായ്ച്ചുനില്ക്കുന്ന രുദ്രാക്ഷമരം ഐശ്വര്യമായി ഈ കര്‍ഷക കുടുംബം കരുതുന്നു. ആയുര്‍വേദ വിധി പ്രകാരം പിത്തം, ദാഹം, വിക്ക് എന്നിവ മാറിക്കിട്ടാന്‍ രുദ്രാക്ഷം നല്ലൊരു ഔഷധമാണെന്ന് ആയുര്‍വേദം സമര്‍ത്ഥിക്കുന്നു. മാത്രമല്ല കഫം, വാതം, തലവേദന തുടങ്ങിയ രോഗങ്ങള്‍ക്കും നല്ലതാണ്. രുചിയെ വര്‍ദ്ധിപ്പിക്കുമെന്ന് തെളിയിച്ചിട്ടുള്ള രുദ്രാക്ഷത്തിന് മാനസിക രോഗങ്ങള്‍ ശമിപ്പിക്കുവാനുള്ള കഴിവുമുണ്ട്. ഇതൊക്കെ കൊണ്ടാകണം പഴമക്കാര്‍ രുദ്രാക്ഷ ധാരണത്തിന് ഇത്രയധികം പ്രാധാന്യം നല്‍കിയത്. രുദ്രാക്ഷം കായ്ച്ചതറിഞ്ഞ് നിരവധി പേരാണ് കവളപ്പാറ തറവാട്ടിലേക്ക് ദിനേന എത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."