നേര്യമംഗലം പവര്‍ ഹൗസ് പെന്‍സ്റ്റോക്കില്‍ വിള്ളല്‍ ബംഗ്ലുരുവില്‍ നിന്നും വിദഗ്ധ സംഘം എത്തും
തൊടുപുഴ: നേര്യമംഗലം പവര്‍ഹൗസിലെ ജനറേറ്ററിലേക്ക് വെള്ളമെത്തിക്കുന്ന പെന്‍സ്റ്റോക്ക് പൈപ്പില്‍ വിള്ളല്‍. ഒരുമീറ്ററോളം നീളത്തിലുണ്ടായ വിള്ളലിലൂടെ വെള്ളം പുറത്തേക്ക് കുത്തിയൊഴുകി. ജീവനക്കാരുടെ അവസരോചിതമായ ഇടപെടല്‍മൂലം വന്‍ദുരന്തം ഒഴിവായി.
11 ന് രാവിലെ 6 മണിയോടെയാണ് പവര്‍ഹൗസിലെ മൂന്നാം നമ്പര്‍ ജനറേറ്ററിലേക്ക് വെള്ളമെത്തിക്കുന്ന പെന്‍സ്റ്റോക്ക് പൈപ്പിലെ വിള്ളലിലൂടെ വെള്ളം പുറത്തേയ്ക്ക് കുത്തിയൊഴുകിയത്. പെന്‍സ്റ്റോക്ക് പൈപ്പിന്റെ നാലാമത്തെ ബ്‌ളോക്കിലെ കവറിംഗ് പൈപ്പിലാണ് വിള്ളലുണ്ടായത്.
വെള്ളംകുത്തിയൊഴുകി പവര്‍ഹൗസിന് അടുത്തെത്തിയതോടെ ജീവനക്കാര്‍ 450 മീറ്റര്‍ അകലെയുള്ള വാല്‍വ് ഹൗസിലെ ബട്ടര്‍ ഫ്‌ളൈവാല്‍വ് അടയ്ക്കുകയായിരുന്നു. ഉദ്യോഗസ്ഥരുടെ അവസരോചിതമായ ഇടപെടലില്ലായിരുന്നെങ്കില്‍ പന്നിയാര്‍ ദുരന്തത്തിന്റെ തനിയാവര്‍ത്തനം തന്നെയാകുമായിരുന്നു ഇവിടെയും.
കാലപ്പഴക്കം ചെന്ന് പൈപ്പ് ദ്രവിച്ചതുമൂലമാണ് വിള്ളല്‍ ഉണ്ടായത്. ഇതോടെ 17.5 മെഗാവാട്ട് വൈദ്യുതി ഉത്പാദനം നടത്തിയിരുന്ന ജനറേറ്ററിന്റെ പ്രവര്‍ത്തനം നിറുത്തിവച്ചിരിക്കുകയാണ്. 2011 ല്‍ സമാനമായരീതിയില്‍ ഒന്നാം നമ്പര്‍ ജനറേറ്ററിന്റെ പെന്‍സ്റ്റോക്ക് പൈപ്പും പൊട്ടിയിരുന്നു.
17.5 മെഗാവാട്ടിന്റെ മൂന്നും 25 മെഗാവാട്ടിന്റെ ഒരു ജനറേറ്ററുമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
തകരാര്‍ സംഭവിച്ച പൈപ്പിന്റെ സ്‌കാനിംഗ് നടത്തിയതായും കൊച്ചിയില്‍ നിന്ന് വിദഗ്ദ്ധരെത്തി വെല്‍ഡിംഗ് അടക്കമുള്ള ജോലികള്‍ പൂര്‍ത്തിയാക്കി ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും കെ.എസ്.ഇ.ബി വൃത്തങ്ങള്‍ അറിയിച്ചു. പന്നിയാറില്‍ പെന്‍സ്റ്റോക്ക് പൈപ്പ് പൊട്ടിയപ്പോള്‍ ബട്ടര്‍ ഫ്‌ളൈ വാല്‍വ് അടയ്ക്കാനുള്ള ശ്രമത്തില്‍ വാല്‍വ് തകര്‍ന്ന് 8 ഉദ്യോഗസ്ഥര്‍ മരിച്ചിരുന്നു. 1960 ലാണ് നേര്യമംഗലം പവര്‍ഹൗസ് കമ്മിഷന്‍ ചെയ്തത്.
കൂടുതല്‍ പരിശോധനകള്‍ക്കായി ബാംഗ്ലൂരുവില്‍ നിന്ന് വിദഗ്ധസംഘം ബുധനാഴ്ചയോടെ നേര്യമംഗലം വൈദ്യുതി നിലയത്തിലെത്തുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."