മാളയില്‍ രാഷ്ട്രീയചരിത്ര പൈതൃക മ്യൂസിയം സ്ഥാപിക്കുന്നു
മാള: സ്വാതന്ത്ര്യ സമര സേനാനിയും മാളയിലെ അറിയപ്പെടുന്ന പൗര പ്രമുഖനുമായിരുന്ന കെ.എ തോമസ് മാസ്റ്ററുടെ സ്മാരകമായി മാളയില്‍ രാഷ്ട്രീയചരിത്രപൈതൃക മ്യൂസിയം സ്ഥാപിക്കുന്നു. മുസിരിസ് പൈതൃക പദ്ധതിയില്‍ പെടുത്തിയാണ് മ്യൂസിയം ഒരുക്കുന്നത്.
കഴിഞ്ഞ ജനുവരി 29ന് തിരുവനന്തപുരത്ത് മന്ത്രിമാരായ കടകംപിള്ളി സുരേന്ദ്രന്‍, ഡോ. തോമസ് ഐസക്, വി.ആര്‍ സുനില്‍കുമാര്‍ എം.എല്‍.എ എന്നിവര്‍ പങ്കെടുത്ത മുസിരിസ് പ്രൊജക്ട് ഡയരക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനമായത്.
കൊടുങ്ങല്ലൂര്‍ എം.എല്‍.എ വി.ആര്‍ സുനില്‍കുമാറിന്റെ നിര്‍ദേശം യോഗം അംഗീകരിക്കുകയായിരുന്നു.
കൊച്ചിരാജ്യ പ്രജാ മണ്ഡലത്തിന്റേയും തിരുക്കൊച്ചി മേഖലയിലെ സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെയും സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്ന തോമസ് മാസ്റ്ററുടെ ജന്‍മശതാബ്ദിയോടനുബന്ധിച്ച് തൃശൂരില്‍ 2016 ഒക്ടോബര്‍ ഒന്‍പതിന് നടന്ന സമാപന സമ്മേളനത്തില്‍ പങ്കെടുത്ത് കൊണ്ട് ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്കാണീ നിര്‍ദേശം ആദ്യമായി മുന്നോട്ട് വച്ചത്.
പട്ടം താണുപിള്ള ചെയര്‍മാനും അരങ്ങില്‍ ശ്രീധരന്‍ സെക്രട്ടറിയുമായിരുന്ന സോഷ്യലിസ്റ്റ് പാര്‍ട്ടി തിരുക്കൊച്ചി കമ്മിറ്റിയുടെ ജോയിന്റ് സെക്രട്ടറിയുമായും പാര്‍ട്ടി മുഖപത്രമായ സ്വതന്ത്രഭാരതം പത്രാധിപരായും തോമസ് മാസ്റ്റര്‍ പ്രവര്‍ത്തിച്ചിരുന്നു.
മുസിരിസ് പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊടുങ്ങല്ലൂരിലും പറവൂരിലും ഏതാനും മ്യൂസിയങ്ങള്‍ സ്ഥാപിക്കപ്പെട്ടെങ്കിലും മാളയില്‍ ആദ്യത്തേതാണ് തോമസ് മാസ്റ്ററുടെ പേരിലുള്ള ഈ മ്യൂസിയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."