പമ്പ് ഹൗസിനുസമീപത്തെ വാല്‍വ് ചേംബറിന്റെ സ്ലാബുകള്‍ തകര്‍ന്നു
പുതുക്കാട്: നിര്‍മാണത്തിലെ അപാകതയെ തുടര്‍ന്ന് പുതുക്കാട് കുടിവെള്ള പദ്ധതിയുടെ പമ്പ് ഹൗസിന് സമീപത്തെ വാല്‍വ് ചേംബറിന്റെ സ്ലാബുകള്‍ തകര്‍ന്നു. പമ്പ് ഹൗസിന്റെ ട്രാന്‍സ്‌ഫോര്‍മര്‍ ഘടിപ്പിക്കാന്‍ മെറ്റല്‍ കൊണ്ടുവന്ന ടിപ്പര്‍ ലോറി കയറിയതോടെ സ്ലാബുകള്‍ തകര്‍ന്നു വീഴുകയായിരുന്നു. സ്ലാബ് തകര്‍ന്ന് ടിപ്പര്‍ ലോറി വാല്‍വ് സ്ഥാപിച്ചിരുന്ന കുഴിയില്‍ അകപ്പെട്ടു. ക്രയിന്‍ ഉപയോഗിച്ചാണ് ടിപ്പര്‍ ലോറി ഉയര്‍ത്തിയത്. സ്ലാബ് വാര്‍ത്തതില്‍ സംഭവിച്ച പിഴവാണ് തകരാന്‍ കാരണമെന്ന് പറയുന്നു.
പദ്ധതിയുടെ പ്രധാനപ്പെട്ട രണ്ടുവാല്‍വുകള്‍ക്കും തകരാര്‍ സംഭവിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. തകര്‍ന്ന സ്ലാബുകള്‍ മാറ്റിയിട്ട് വേണം വാല്‍വുകളുടെ തകരാര്‍ പരിശോധിക്കാന്‍. കുറുമാലി പാലത്തിന് സമീപം നിര്‍മിച്ച പമ്പ് ഹൗസിലേക്ക് പോകുന്ന റോഡിലാണ് വാല്‍വുകള്‍ക്ക് സംരക്ഷണം ഒരുക്കി സ്ലാബ് നിര്‍മിച്ചിരിക്കുന്നത്. രണ്ടുമാസം മുന്‍പാണ് സ്ലാബ് നിര്‍മാണം പൂര്‍ത്തീകരിച്ചത്.
വാല്‍വിന് മുകളില്‍ ഇട്ടിരുന്ന അഞ്ച് സ്ലാബുകളും തകര്‍ന്നുവീണു. ആവശ്യത്തിന് സാമഗ്രികള്‍ ഉപയോഗിക്കാതെയാണ് സ്ലാബ് വാര്‍ത്തിട്ടിരിക്കുന്നത്. യാതൊരുവിധ ഉറപ്പില്ലാത്ത തരത്തില്‍ നിര്‍മിച്ച സ്ലാബിന്റെ കോണ്‍ക്രീറ്റ് പൊടിഞ്ഞുവീഴുന്ന നിലയിലാണ്. പമ്പ് ഹൗസിലേക്ക് യന്ത്രങ്ങള്‍ ഉള്‍പ്പടെയുള്ളവ കൊണ്ടുവരേണ്ട റോഡിലെ സ്ലാബുകള്‍ ബലഹീനമായ രീതിയിലാണ് കരാറുകാര്‍ നിര്‍മിച്ചത്. പത്ത് കോടിയിലേറെ രൂപ മുതല്‍ മുടക്കില്‍ നിര്‍മിക്കുന്ന ബൃഹത് പദ്ധതിയായ പുതുക്കാട് കുടിവെള്ള പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോഴാണ് കരാറുകാരുടെ അനാസ്ഥകള്‍ പുറത്തു വരുന്നത്.
ലക്ഷകണക്കിന് ലിറ്റര്‍ സംഭരണ ശേഷിയുള്ള സ്വാമിയാര്‍കുന്നിലെ ടാങ്കിലേക്ക് കുറുമാലി പുഴയില്‍ നിന്ന് വെള്ളം എത്തിച്ച് വിതരണം ചെയ്യുന്നതാണ് പദ്ധതി. വാട്ടര്‍ അതോരിറ്റി ഉപകരാര്‍ നല്‍കിയ കരാറുകാരനാണ് പദ്ധതിയുടെ നിര്‍മാണം നടത്തുന്നത്. സ്ലാബ് തകര്‍ന്നതറിഞ്ഞ് പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവരാജന്‍ സ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."