സുഹൃത്തിന്റെ ആധാരം പണയംവച്ച് പണം തട്ടിയ കേസ്: പ്രതി അറസ്റ്റില്‍
കൊടുങ്ങല്ലൂര്‍: സുഹൃത്തിന്റെ ആധാരം പണയം വച്ച് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍. മേത്തല കീഴത്തളി തേങ്ങാപുരക്കല്‍ മാക്‌സിന്‍ (36)ആണ് അറസ്റ്റിലായത്. 2017 മെയ് മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. എറണാകുളം പള്ളിപ്പുറം സ്വദേശി അറക്കല്‍ ജെന്‍സന്റെ ഉടമസ്തതയിലുള്ള കാര്‍ ഒരു ദിവസത്തെ അത്യാവശ്യകാര്യത്തിനായി മാക്‌സിന്‍ കൊണ്ടുപോയിരുന്നു. കാറില്‍ ഭൂമിയുടെ ആധാരം, തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുണ്ടായിരുന്നു.
ഇവ ഉപയോഗിച്ച് സുഹൃത്തായ മേത്തല വലിപ്പറമ്പില്‍ ഡില്‍ജിത്തുമായി ചേര്‍ന്ന് മാക്‌സിന്‍ പറമ്പികുളങ്ങര, പുതിയ പോസ്റ്റ് എന്നിവിടങ്ങളിലെ ധനകാര്യ സ്ഥാപനങ്ങളില്‍ ആധാരം പണയപ്പെടുത്തി പണം കൈപ്പറ്റിയിരുന്നു. ഈ കേസിലാണ് മാക്‌സിനെ അറസ്റ്റ് ചെയ്തത്.
സംഭവത്തിന് ശേഷം പല സ്ഥലങ്ങളില്‍ മാറി മാറി താമസിച്ച് വരികയായിരുന്ന മാക്‌സിനെ ആലപ്പുഴ കോമളപുരത്ത് നിന്നുമാണ് പിടികൂടിയത്. അവിടെ ഒരു സ്പിന്നിങ് മില്ലില്‍ ജോലി ചെയ്ത് വരികയായിരുന്നു ഇയാള്‍. കേസിലെ മറ്റൊരു പ്രതിയായ ഡില്‍ജിത്തിനെ കഴിഞ്ഞ വര്‍ഷം അറസ്റ്റ് ചെയ്തിരുന്നു. പ്രതിയെ കൊടുങ്ങല്ലൂര്‍ കോടതി റിമാന്‍ഡ് ചെയ്തു.
കൊടുങ്ങല്ലൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.കെ പത്മരാജന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ എസ്.ഐമാരായ ഇ. ആര്‍ ബൈജു, വി.രാംദാസ്, പൊലിസുകാരായ സി.ആര്‍ പ്രദീപ്, ഗോപകുമാര്‍, ഉമേഷ്, സനില്‍ കുമാര്‍ എന്നിവരും ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."