കായികപ്രതിഭയ്ക്ക് വട്ടിയൂര്‍ക്കാവിന്റെ ആദരം റോള്‍ബോളില്‍ കേരളത്തിന്റെ അഭിമാനമായി അഖില്‍
പേരൂര്‍ക്കട: റോള്ബോള് എന്ന കായിക ഇനത്തില്‍ കേരളത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് വട്ടിയൂര്‍ക്കാവ് സ്വദേശിയായ അഖില്‍ (22). കഴിഞ്ഞ മാസം ബംഗ്ലാദേശിലെ ധാക്കയില്‍നടന്ന ലോക റോള്ബോള് മത്സരത്തില്‍ ഇറാനെ മുട്ടുകുത്തിച്ച ഇന്ത്യന്‍ ടീമില്‍ അഖിലുമുണ്ടായിരുന്നു. ഏഴിനെതിരെ എട്ടു ഗോളുകള്‍ക്ക് ഇറാനെ പരാജയപ്പെടുത്തുമ്പോള്‍, രണ്ട് ഗോളുകള്‍ അഖിലിന്റെ വകയായിരുന്നു.
വട്ടിയൂര്‍ക്കാവ് ചിത്രാ നഗര്‍ ശിവകൃപയില്‍ അനില്‍കുമാറിന്റെയും ലിഖിയുടെയും മകനാണ്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് റോള്ബോള് പരിചയിക്കുന്നത്. 2012-ല്‍ ജാംഷെഡ്പൂരില്‍ നടന്ന ഒന്നാം ജൂനിയര്‍ നാഷണല്‍ റോള്ബോള് ചാമ്പ്യന്‍ഷിപ്പിലും 2011-ല്‍ പൂനയില്‍ നടന്ന ഒമ്പതാമതു സീനിയര്‍ നാഷണല്‍ റോള്ബോള് ചാമ്പ്യന്‍ഷിപ്പിലും പങ്കെടുത്തു. 2014ല്‍ പാറ്റ്നയില്‍ നടന്ന 11ാമതു സീനിയര്‍ നാഷണല്‍ റോള്ബോള് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടിയ കേരള ടീമില്‍ അംഗമായി. 2013ലും 2014ലും പൂനെയില്‍ നടന്ന ദേശീയ സ്കൂള്‍ ഗെയിംസില്‍ കേരള ടീമിനെ പ്രതിനിധീകരിച്ച് പങ്കെടുത്തു. 2015-ല്‍ തിരുവനന്തപുരത്ത് നടന്ന 12ാമതു സീനീയര്‍ നാഷണല്‍ റോള്ബോള് ചാമ്പ്യന്‍ഷിപ്പിലും 2014ല്‍ ബംഗ്ലാദേശിലെ ധാക്കയില്‍ നടന്ന രണ്ടാമത് സൗത്ത് ഏഷ്യല്‍ റോള്‍ ബോള്‍ ചാമ്പ്യന്‍ഷിപ്പിലും പങ്കെടുത്തു.
2015ല്‍ പൂനയില്‍ നടന്ന ലോക റോള്ബോള് ചാമ്പ്യന്‍ഷിപ്പില്‍ 4നെതിരെ 7 ഗോളുകള്‍ക്ക് ഇറാനെ പരാജയപ്പെടുത്തി സ്വര്‍ണ്ണം നേടിയപ്പോഴും ഇന്ത്യന്‍ ടീമില്‍ ഈ പ്രതിഭയുണ്ടായിരുന്നു. അന്നത്തെ ഒരു ഗോള്‍ അഖിലിന്റെ വകയായിരുന്നു. തങ്ങളുടെ നാട്ടിലെ കൊച്ചുമിടുക്കനെ പ്രോത്സാഹിപ്പിക്കുന്നതിന് വട്ടിയൂര്ക്കാവിലുള്ളവര് അഖില്‍ സൗഹൃദസംഘം എന്ന കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."