കീഴ്‌പേരൂര്‍ വെടിക്കെട്ടപകടം: ക്ഷേത്ര ഭാരവാഹികള്‍ ഒളിവില്‍
കിളിമാനൂര്‍: പോങ്ങനാട് കീഴ്‌പേരൂര്‍ കിഴക്കിന്‍കര ചിറക്കരകാവ് ഭഗവതി ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടപകടത്തില്‍ ക്ഷേത്ര ഭാരവാഹികള്‍ ഒളിവിലാണെന്ന് സൂചന. എക്‌സ്‌പ്ലോസീസ് ലൈസന്‍സ് ഇല്ലാതെ കരിമരുന്ന് ക്ഷേത്രത്തില്‍ സൂക്ഷിച്ചതിനും, വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങളൊരുക്കാതെ വെടിപുര നിര്‍മ്മിച്ചതിനും ക്ഷേത്രഭാരവാഹികളുടെ പേരില്‍ കിളിമാനൂര്‍ പൊലിസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. ക്ഷേത്രക്കമ്മറ്റിയിലെ പ്രധാന ഭാരവാഹികളെയെല്ലാം കേസില്‍ പ്രതിചേര്‍ക്കുമെന്ന് കിളിമാനൂര്‍ പൊലിസ് അറിയിച്ചു.
അതേ സമയം അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. വെടിവഴിപാട് നടത്തിപ്പിലെ സഹായിയും കാട്ടുംപുറം കൊല്ലുവിള ചരുവിളപുത്തന്‍വീട്ടില്‍ ശേഖരന്‍ (74) ആണ് ബുധനാഴ്ച രാത്രി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. അപകടത്തില്‍ വെടിയാശാന്‍ പോങ്ങനാട് ചാത്തറകോണം പൊയ്കയില്‍ വീട്ടില്‍ തങ്കപ്പന്‍ (92) ചൊവ്വാഴ്ച രാത്രി മരിച്ചിരുന്നു.ഇരുവരുടെയും മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. അപകടത്തില്‍ പൊള്ളലേറ്റ തങ്കപ്പന്റെ ചെറുമകള്‍ പൊരുന്തമണ്‍ സുജി ഭവനില്‍ സുചിത്ര (27) യുടെ നില ഗുരുതരമായി തുടരുകയാണ്.
അപകടത്തില്‍ മരിച്ച രണ്ടു പേരും പട്ടികജാതി വിഭാഗത്തിലുള്ളവരും നിര്‍ധനരുമാണ്. ഇവരുടെ കുടുംബങ്ങള്‍ക്ക് അര്‍ഹമായ സാമ്പത്തിക സഹായം അനുവദിക്കണമെന്നുള്ള ആവശ്യവും ഉയര്‍ന്നുകഴിഞ്ഞു. പരേതയായ സുശീലയാണ് ശേഖരന്റെ ഭാര്യ. ഷിബു ഏകമകനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."