കാലവര്‍ഷത്തെ വരവേല്‍ക്കാന്‍ അറബിക്കടലൊരുങ്ങുന്നു
കോഴിക്കോട്: സംസ്ഥാനത്ത് കാലവര്‍ഷം ജൂണ്‍ ഒന്നിനോ അതിനു മുന്‍പോ എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍. അറബിക്കടലിലെ സമുദ്രോപരിതല ഊഷ്മാവും കാറ്റിന്റെ ഗതിയും കാലവര്‍ഷത്തെ വരവേല്‍ക്കാനുള്ള തയാറെടുപ്പിലാണ്.
അനുകൂലമായ സാഹചര്യം തുടങ്ങുന്നതിന്റെ സൂചനകള്‍ അറബിക്കടലില്‍ കാണാനാകുന്നുവെന്ന് യു.എസ് നാഷനല്‍ സെന്റര്‍ ഫോര്‍ എണ്‍വയോണ്‍മെന്റല്‍ പ്രഡിക്ഷന്‍ പറയുന്നു. അടുത്ത 20 ദിവസത്തിനകം ഇത് ശക്തിപ്പെടാനാണ് സാധ്യത.
പ്രതീക്ഷിച്ചതിനും 5 മുതല്‍ 10 ദിവസം മുന്‍പ് വരെ കാലവര്‍ഷം എത്തിയേക്കാമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിലെ മുന്‍ ഡയരക്ടറും കാലാവസ്ഥാ നിരീക്ഷകനുമായ പി.വി ജോസഫും കണക്കുകൂട്ടുന്നു.
നല്ല മഴയ്ക്ക് കാരണമാകുന്ന ലാ നീന പ്രതിഭാസം പസഫിക് സമുദ്രത്തില്‍ രൂപപ്പെട്ടുവരികയാണ്. ഇതും മഴയ്ക്ക് അനുകൂല സാഹചര്യം ഒരുക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് സൂചന നല്‍കുന്നു.
സാധാരണ ജൂണ്‍ ഒന്നിനാണ് കാലവര്‍ഷം കേരളത്തിലെത്തേണ്ടത്. ഈ വര്‍ഷവും കാലവര്‍ഷം സാധാരണ സമയത്ത് തന്നെ എത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ആദ്യഘട്ട വിലയിരുത്തല്‍.
എന്നാല്‍ അതിനു മുന്‍പ് തന്നെ കാലവര്‍ഷം സജീവമാകുമെന്ന സൂചനയാണ് ഇപ്പോള്‍ കാണുന്നതെന്നാണ് സ്വകാര്യകാലാവസ്ഥാ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ഇന്ത്യയില്‍ ആദ്യം പ്രവേശിക്കുന്ന സംസ്ഥാനം കേരളമാണ്. കേരളത്തിലെത്തുന്നതിനു അഞ്ചു ദിവസം മുന്‍പ് കാലവര്‍ഷം ശ്രീലങ്കയിലും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലും എത്താറുണ്ട്.
എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്നത് വേനല്‍ മഴയാണ്. അടുത്ത ഒരാഴ്ച വരെ സംസ്ഥാനത്ത് മഴലഭിക്കാനാണ് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."