അപകടങ്ങള്‍ തുടരുമ്പോഴും അനങ്ങാപ്പാറകളായി അധികൃതര്‍
തെന്മല: വാഹനാപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന അധികൃതരുടെ നിലപാടിനെതിരേ ആക്ഷേപം ഉയരുന്നു. ചരക്ക് ലോറി ജീവനക്കാരുടെ അശ്രദ്ധമായ ഡ്രൈവിങ് മൂലം ആര്യങ്കാവ് മുതല്‍ പുനലൂര്‍ വരെയുള്ള കൊടും വളവുകള്‍ നിറഞ്ഞ പാതയില്‍ ദിനേന അപകടങ്ങള്‍ പതിവാണ്.
തമിഴ്‌നാട്ടില്‍ കേരളത്തിലേക്കുള്ള ചരക്കു നീക്കത്തിന്റെ പ്രധാന ഗേറ്റ് വേകളിലൊന്നായ ആയ ആര്യങ്കാവിലൂടെ അമിതഭാരവുമായി രാപകലില്ലാതെ നിരവധി ചരക്കു ലോറികളാണ് കേരളത്തിലേക്ക് എത്തുന്നത്.
ചരക്ക് കയറ്റാനും നിത്യേന നിരവധി വാഹനങ്ങള്‍ തമിഴകത്തേക്ക് പോകുന്നു. വിശ്രമ രഹിതമായി ഡ്രൈവിങ് നടത്തി ചരക്കു സാധനങ്ങള്‍ എത്തിക്കാനുള്ള പാച്ചിലില്‍ പലപ്പോഴും ഡ്രൈവര്‍ ഉറങ്ങിപ്പോകുന്നതാണ് ലോറികള്‍ മറിയാന്‍ ഇടയാക്കുന്നത്.
കോട്ടവാസല്‍, തെന്മല, ഉറുകുന്ന്, പ്ലാച്ചേരി, കലയനാട് എന്നിവിടങ്ങളിലെ കൊടുംവളവുകളില്‍ നിയന്ത്രണം വിട്ട് നിരവധി തവണ ലോറി മറിഞ്ഞ് അപകടങ്ങളുണ്ടായിട്ടുണ്ട്. മദ്യലഹരിയിലും ചരക്കു വാഹനമോടിക്കുന്നവരെ പിടികൂടാന്‍ പൊലിസ് തയാറാകാത്തതും വാഹനാപകടങ്ങള്‍ വര്‍ധിപ്പിക്കുന്നു.
പുനലൂര്‍ ടി.ബി ജങ്ഷന്‍, വാളക്കോട്, ക്ഷേത്രഗിരി, ഇടമണ്‍ ഭാഗങ്ങളില്‍ ഹൈവേ പൊലിസ് രാത്രി കാല പട്രോളിങ് നടത്തുന്നുണ്ടെങ്കിലും വാഹന പരിശോധന നടത്തി ലോറിക്കാരില്‍ നിന്നും പെറ്റി കേസെടുത്ത് പണം ഈടാക്കാറുണ്ട്. പക്ഷെ മദ്യപിച്ച് വാഹനമോടിക്കുന്ന ഡ്രൈവര്‍മാരെ പിടികൂടാന്‍ ഇവര്‍ തയാറാകുന്നില്ല. കൊടുംവളവുകളില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ ദേശീയപാതാ അതോറിറ്റി അധികൃതര്‍ ഒരു മുന്‍കരുതലും സ്വീകരിച്ചിട്ടില്ല. വാഹനങ്ങളുടെ അമിതവേഗത നിയന്ത്രിക്കാനും നടപടിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."