കസ്റ്റഡിയിലുള്ളവര്‍ ലിഗയെ കണ്ടിരുന്നുവെന്ന് യോഗപരിശീലകന്‍
തിരുവനന്തപുരം: വിദേശവനിത ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് സംഘാംഗങ്ങളുടെ പങ്ക് വെളിപ്പെടുത്തി യോഗ പരിശീലകന്‍. ഇന്നലെ പൊലിസ് കസ്റ്റഡിയില്‍ നിന്നു വിട്ടയച്ച യോഗ പരിശീലകനാണ് കസ്റ്റഡിയിലുള്ള ലഹരി സംഘാംഗങ്ങള്‍ ലിഗയെ കണ്ടിരുന്നുവെന്ന് തന്നോട് പറഞ്ഞതായി വെളിപ്പെടുത്തിയത്.
മൃതദേഹം കണ്ടെത്തിയ കണ്ടല്‍ക്കാട്ടില്‍ ഇവര്‍ സ്ഥിരമായി ചെന്നിരിക്കാറുണ്ടെന്നും ഇയാള്‍ പറഞ്ഞു. രണ്ട് ദിവസമായി പൊലിസ് കസ്റ്റഡിയിലായിരുന്ന ഇയാളെ ഇന്നലെയാണ് വിട്ടയച്ചത്. ലഹരി സംഘാംഗങ്ങളായ മൂന്നുപേരും പുരുഷ ലൈംഗിക തൊഴിലാളിയായ ഒരാളും ഇപ്പോള്‍ പൊലിസ് കസ്റ്റഡിയിലുണ്ട്. ഇവരൊക്കെയും തന്റെ സുഹൃത്തുക്കളാണെന്നും ലിഗയെ കാണാതായ ദിവസം താന്‍ തിരുവനന്തപുരത്തു തന്നെ ഉണ്ടായിരുന്നുവെന്നും ഇയാള്‍ വ്യക്തമാക്കി.
അതേസമയം അന്വേഷണത്തിലെ നിര്‍ണായക ഘടകമായ ഫോറന്‍സിക് പരിശോധനാഫലത്തിനു വേണ്ടി പൊലിസ് കാത്തിരിക്കുകയാണ്. ലിഗയുടെ ആന്തരികാവയവങ്ങള്‍, വസ്ത്രങ്ങള്‍, മൃതദേഹം കിടന്നിടത്തു നിന്നു കണ്ടെത്തിയ മുടിയിഴ തുടങ്ങിയവയാണ് പരിശോധനക്കായി അയച്ചിരിക്കുന്നത്. ഇത് ലഭിക്കുന്നതോടെ അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികളിലേക്ക് കടക്കാനാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. അന്വേഷണത്തിന്റെ ഭാഗമായി ഇതിനോടകം 170 ഓളം പേരെ പൊലിസ് ചോദ്യം ചെയ്തു.
ഇവരില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നിലവില്‍ കസ്റ്റഡിയിലുള്ളവരിലേക്ക് പൊലിസ് എത്തിയത്. ലിഗയെ കാണാതായ ദിവസം തങ്ങള്‍ സ്ഥലത്തില്ലായിരുന്നുവെന്ന ഇവരുടെ മൊഴി കളവാണെന്ന് കഴിഞ്ഞ ദിവസം പൊലിസ് സ്ഥിരീകരിച്ചിരുന്നു. അതേസമയം ലിഗയെ കൊലപ്പെടുത്താനുണ്ടായ കാരണം സംബന്ധിച്ച് ഇപ്പോഴും അവ്യക്തത തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."