കൊച്ചി മെട്രോയില്‍ യാത്രക്കാരനായി ഉപരാഷ്ട്രപതി
കൊച്ചി: കൊച്ചി മെട്രോയിലെ യാത്രക്കാര്‍ക്ക് അത്ഭുതം സമ്മാനിച്ച് വി.ഐ.പി അതിഥിയെത്തി. ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവാണ് ഇന്നലെ കൊച്ചിമെട്രോയില്‍ യാത്രനടത്തിയത്. രാവിലെ 10.30 ഓടെ മഹാരാജാസ് സ്റ്റേഷന്‍ മുതല്‍ ഇടപ്പള്ളി വരെയും തിരിച്ചുമായിരുന്നു യാത്ര.
യാത്രക്കാരോട് സംസാരിച്ച അദ്ദേഹം മെട്രോയിലെ സൗകര്യങ്ങളെക്കുറിച്ചും തിരക്കി. മെട്രോയുടെ ശരാശരി വരുമാനവും യാത്രക്കാരുടെ എണ്ണവും ഉപരാഷ്ട്രപതി മെട്രോ അധികൃതരോട് ചോദിച്ചറിഞ്ഞു. മന്ത്രി മാത്യു ടി. തോമസ്, ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, കലക്ടര്‍ മുഹമ്മദ് വൈ സഫിറുല്ല, ഐ.ജി വിജയ് സാഖറെ, കമ്മിഷണര്‍ എം.പി ദിനേശ് എന്നിവരും അദ്ദേഹത്തിനൊപ്പം യാത്ര ചെയ്തു.
ഇന്നലെ രാവിലെ സുഭാഷ്പാര്‍ക്കില്‍ നടക്കാനെത്തിയ ഉപരാഷ്ട്രപതി അവിടുത്തെ ശുചീകരണതൊഴിലാളികളുമായി ആശയവിനിമയം നടത്തി. മേയര്‍ സൗമിനിജെയിന്‍, കലക്ടര്‍, സിറ്റിപൊലിസ് കമ്മിഷണര്‍ എന്നിവരും ഉപരാഷ്ട്രപതിക്കൊപ്പമുണ്ടായിരുന്നു.
പ്രഭാതനടത്തത്തിനും മെട്രോയാത്രക്കും ശേഷം തിരുവല്ലയിലെക്ക് തിരിച്ച വെങ്കയ്യനായിഡു പരിപാടി പൂര്‍ത്തിയാക്കി ഹെലിക്കോപ്റ്ററില്‍ വൈകിട്ട് 4.55ന് നാവിക വിമാനത്താവളത്തിലെത്തി.
തുടര്‍ന്ന് ഡല്‍ഹിയിലേക്ക് മടങ്ങിയ ഉപരാഷ്ട്രപതിയെ യാത്രയാക്കുന്നതിന് ജലവിഭവവകുപ്പ് മന്ത്രി മാത്യു.ടി.തോമസ്, പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വിശ്വനാഥ് സിന്‍ഹ, ഐ.ജി വിജയ് സാഖറെ, ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫിറുല്ല, സിറ്റി പൊലിസ് കമ്മിഷണര്‍ എം.പി ദിനേശ് എന്നിവര്‍ വിമാനത്താവളത്തിലെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."