കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ വീട് കോടിയേരി സന്ദര്‍ശിച്ചു
വരാപ്പുഴ: വരാപ്പുഴയില്‍ പൊലിസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തി(29)ന്റെ വീട്ടില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എത്തി. ഇന്നലെ സി.പി.എം വരാപ്പുഴയില്‍ സംഘടിപ്പിച്ച വിശദീകരണ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു കോടിയേരി ശ്രീജിത്തിന്റെ വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയത്. പറവൂരില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി എത്തിയിട്ടും ശ്രീജിത്തിന്റെ വീട്ടില്‍ പോകാതിരുന്നതിനെതിരേ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ കോടിയേരി ബാലകൃഷ്ണന്‍ സി.പി.എം ജില്ലാ സെക്രട്ടറി പി രാജീവ്, എസ് ശര്‍മ എം.എല്‍.എ എന്നിവര്‍ക്കൊപ്പം വൈകിട്ടോടെ വീട്ടിലെത്തിയത്.
ശ്രീജിത്ത് നിരപരാധിയാണെന്നും വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തതുമുതല്‍ പൊലിസുകാര്‍ മര്‍ദിക്കുകയായിരുന്നുവെന്നും ശ്രീജിത്തിന്റെ പിതാവും മാതാവും ഭാര്യയും കോടിയേരി ബാലകൃഷ്ണനോട് പറഞ്ഞു. ശ്രീജിത്തിന്റെ മരണത്തിന് ഉത്തരവാദികളായ മുഴുവന്‍ പേരെയും സര്‍ക്കാര്‍ നിയമത്തിനുമുന്നില്‍ കൊണ്ടുവന്ന് അവര്‍ എത്ര ഉന്നതരായാലും അര്‍ഹമായ ശിക്ഷ വാങ്ങി നല്‍കുമെന്നും പാര്‍ട്ടിയും സര്‍ക്കാരും ശ്രീജിത്തിന്റെ കുടുംബത്തിനൊപ്പമുണ്ടാകുമെന്നും ഉറപ്പു നല്‍കിയാണ് അദ്ദേഹം മടങ്ങിയത്.
വേട്ടക്കാര്‍ക്കൊപ്പമല്ല, സി.പി.എം എന്നും ഇരകള്‍ക്കൊപ്പമാണെന്നും എത്ര ഉന്നതരായാലായും പ്രതികള്‍ക്ക് കര്‍ശനമായ ശിക്ഷ ഉറപ്പാക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പിന്നീട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ശ്രീജിത്തിന്റെ ഭാര്യക്ക് ജോലി നല്‍കണമെന്നും കുടുംബത്തിന് സഹായം നല്‍കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ബോധപൂര്‍വം ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കാതിരുന്നതല്ല. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടിയില്‍ പങ്കെടുക്കേണ്ടതുണ്ടായിരുന്നതിനാലാണ് അദ്ദേഹം എത്താതിരുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സി.ബി.ഐ അന്വേഷണം വേണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നതെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അത് കോടതി പരിശോധിച്ചുകൊണ്ടിരിക്കുന്ന കാര്യമാണെന്നായിരുന്നു മറുപടി.
നിലവില്‍ പൊലിസ് നടത്തിക്കൊണ്ടിരിക്കുന്ന അന്വേഷണം തൃപ്തികരമാണോയെന്ന ചോദ്യത്തിന് അത് തങ്ങള്‍ക്കെങ്ങനെ പറയാന്‍ കഴിയുമെന്നായിരുന്നു മറുപടി. ഇപ്പോള്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ സ്വീകരിച്ചവയ്ക്ക് പുറമേ മറ്റു നടപടികള്‍ തുടരന്വേഷണത്തിന് ശേഷം ഉണ്ടാകുമെന്നും കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."