പി.പി ലക്ഷ്മണന്‍ അന്തരിച്ചു
കണ്ണൂര്‍: ഫിഫ അപ്പീല്‍ കമ്മിറ്റി മുന്‍ അംഗവും അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ മുന്‍ സെക്രട്ടറിയും വ്യവസായപ്രമുഖനും ഫുട്‌ബോള്‍ സംഘാടകനുമായ പി.പി.ലക്ഷ്മണന്‍(83) അന്തരിച്ചു. കണ്ണൂരിലെ സ്വവസതിയായ രോഹിണിയില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് എ.കെ.ജി ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ ഇന്നലെ പുലര്‍ച്ചെ രണ്ടോടെയായിരുന്നു അന്ത്യം. സംസ്‌കാരം നാളെ വൈകിട്ട് നാലിന് പയ്യാമ്പലത്ത്.
നാളെ വൈകിട്ട് 3.30ന് കോര്‍പറേഷന്‍ ഓഫിസില്‍ പൊതുദര്‍ശനത്തിനു വച്ച ശേഷം മൃതദേഹം വിലാപയാത്രയായി പയ്യാമ്പലത്തെത്തിക്കും. കെ.പി.സി.സി അംഗം, കണ്ണൂര്‍ നഗരസഭാ ചെയര്‍മാന്‍, ഫുട്‌ബോള്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്, കേരളാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ്, ഫുട്‌ബോള്‍ ഫെഡറേഷന്‍ ട്രഷറര്‍, അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ ജൂനിയര്‍ ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍, വര്‍ക്കിങ് കമ്മിറ്റി അംഗം, ട്രഷറര്‍, സെക്രട്ടറി, ഇന്ത്യന്‍ ടീം മാനേജര്‍, ഏഷ്യന്‍ യൂത്ത് ഫുട്‌ബോള്‍ മാച്ച് കമ്മിഷണര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കണ്ണൂരിലെ മൊത്ത വ്യാപാര സഹകരണ സ്റ്റോറിന്റെ പ്രസിഡന്റായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച ലക്ഷ്മണന്‍ സംസ്ഥാന കണ്‍സ്യൂമര്‍ ഫെഡറേഷന്‍ ഡയറക്ടറായും റെയ്ഡ്‌കോ, കണ്ണൂര്‍ സഹകരണ സ്പിന്നിങ് മില്‍ എന്നിവയുടെ ചെയര്‍മാനായും സേവനമനുഷ്ഠിച്ചിരുന്നു.
ഭാര്യ: ഡോ. പ്രസന്ന. മക്കള്‍: ഷംല, ഡോ. സ്മിത(യു.എസ്), ലസിത(ടെലി കമ്മ്യൂണിക്കേഷന്‍ എന്‍ജിനിയര്‍), നമിത (കംപ്യൂട്ടര്‍ എന്‍ജിനിയര്‍), നവീന്‍. മരുമക്കള്‍: സുജിത്ത് (ടെക്സ്റ്റയില്‍സ് എക്‌സ്‌പോര്‍ട്ടര്‍, കോയമ്പത്തൂര്‍), സതീഷ് (മെക്കാനിക്കല്‍ എന്‍ജിനിയര്‍, യു.എസ്), ജയകൃഷ്ണന്‍ (കെമിക്കല്‍ എന്‍ജിനിയര്‍, മുംബൈ), പ്രകാശ് (അബൂദബി), സിമിത. സഹോദരങ്ങള്‍: രതീദേവി, സോമന്‍, ഗംഗാധരന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."