കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ ഭൂമി സത്യഗ്രഹം: ത്രിദിന ജനകീയ മാര്‍ച്ച് എട്ടിന്
കല്‍പ്പറ്റ: അവകാശപ്പെട്ട കൃഷിഭൂമിക്കായി കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ കാത്തിരിപ്പ് തുടങ്ങിയിട്ട് 42 വര്‍ഷം.
ഭൂമി തിരിച്ചു ലഭിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടറേറ്റ് പടിക്കല്‍ പരേതരായ കാഞ്ഞിരത്തിനാല്‍ ജോര്‍ജ്-ഏലിക്കുട്ടി ദമ്പതികളുടെ മകള്‍ ട്രീസയുടെ ഭര്‍ത്താവ് തൊട്ടില്‍പ്പാലം കട്ടക്കയം ജയിംസിന്റെ അനിശ്ചിതകാല സത്യഗ്രഹം മെയ് 10ന് ആയിരം ദിവസം തികയുകയാണ്. വടക്കേ വയനാട്ടിലെ കാഞ്ഞിരങ്ങാട് വില്ലേജില്‍ വനം വകുപ്പ് അന്യായമായി കൈവശപ്പെടുത്തിയ 12 ഏക്കര്‍ കൃഷിഭൂമി തിരികെ കിട്ടുന്നതിനായാണ് വര്‍ഷങ്ങളായി കുടുംബം നിയമയുദ്ധവും സത്യഗ്രഹ സമരവും നടത്തുന്നത്. എന്നാല്‍ വിലകൊടുത്തു വാങ്ങിയ സ്വന്തം ഭൂമിക്കായി ഈ കുടുംബം നടത്തുന്ന പോരാട്ടങ്ങളെ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ അവഗണിക്കുകയാണ്. 2015 ഓഗസ്റ്റ് 15നാണ് ജെയിംസും കുടുംബവും കലക്ടറേറ്റ് പടിക്കല്‍ സമരം ആരംഭിച്ചത്.
കാഞ്ഞിരങ്ങാട് വില്ലേജില്‍ വനം വകുപ്പ് പിടിച്ചെടുത്തത് കാഞ്ഞിരത്തിനാല്‍ കുടുംബം 1967ല്‍ വിലയ്ക്കുവാങ്ങിയ കൃഷിഭൂമിയാണെന്നു വ്യക്തമാക്കുന്ന അന്വേഷണ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിട്ടും കുടംുബത്തിന് നീതി നിഷേധിക്കുന്ന ഭരണകൂടങ്ങളുടെ നിലപാടിനെതിരേ ബഹുജന പ്രതിഷേധവും ശക്തമാകുകയാണ്. സത്യഗ്രഹം ആയിരം ദിവസം തികയുന്ന ദിവസം ഉച്ചയോടെ കലക്ടറേറ്റ് പടിക്കല്‍ എത്തുന്ന വിധത്തില്‍ സമരസഹായ സമിതി ജനകീയ മാര്‍ച്ചും ആസൂത്രണം ചെയ്തിട്ടുണ്ട്. കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് അവകാശപ്പെട്ട ഭൂമിയില്‍ നിന്ന് മെയ് എട്ടിന് രാവിലെ ഒമ്പതിന് തുടങ്ങുന്ന ജനകീയ മാര്‍ച്ച് വൈകുന്നേരം മാനന്തവാടി ഗാന്ധിപാര്‍ക്കില്‍ സമാപിക്കും.
പിറ്റേന്നു രാവിലെ മാനന്തവാടിയില്‍ ആരംഭിക്കുന്ന മാര്‍ച്ച് വൈകുന്നേരം കമ്പളക്കാട് ടൗണില്‍ സമാപിക്കും. 10ന് രാവിലെ 11നാണ് കമ്പളക്കാടു നിന്ന് കളക്ടറേറ്റ് പടിക്കലേക്ക് മാര്‍ച്ച്. ജനകീയമാര്‍ച്ചിന് ഇന്‍ഫാം, ഹരിതസേന, ഫാര്‍മേസ് റിലീഫ് ഫോറം, ആം ആദ്മി പാര്‍ട്ടി, കെ.സി.വൈ.എം, എം.സി.വൈ.എം തുടങ്ങിയ പ്രസ്ഥാനങ്ങള്‍ പിന്തുണ പ്രഖ്യാപിച്ചതായി സമരസഹായ സമിതി ഭാരവാഹികള്‍ പറഞ്ഞു.
മാര്‍ച്ചില്‍ സമരസഹായസമിതി കണ്‍വീനര്‍ക്കു പുറമേ ചെയര്‍മാന്‍ സുരേഷ്ബാബു, വൈസ് ചെയര്‍മാന്‍മാരായ ജോസഫ് വളവനാല്‍, ബോസ് വട്ടമറ്റം, ട്രഷറര്‍ പി.ടി. പ്രേമാനന്ദന്‍ എന്നിവരടക്കം 50 സ്ഥിരാംഗങ്ങള്‍ ഉണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."