രണ്ടുകോടി ചെലവില്‍ മറയൂര്‍ വനാതിര്‍ത്തിയില്‍ 'ആന മതില്‍' നിര്‍മിക്കുന്നു
ഇടുക്കി: മറയൂര്‍ മേഖലയിലെ കാട്ടാന ശല്യം പ്രതിരോധിക്കുന്നതിന് വനാതിര്‍ത്തികളില്‍ രണ്ടുകോടി രൂപ മുടക്കി ആന മതില്‍ നിര്‍മിക്കുന്നു. കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍ റേഞ്ചില്‍ നിര്‍മിച്ച ഊരാളുങ്കന്‍ മാതൃകയിലായിരിക്കും കരിങ്കല്ലുകള്‍ കൊണ്ട് ആന മതില്‍ നിര്‍മിക്കുക. ഒന്നാം ഘട്ടത്തില്‍ 1.50 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
50 ലക്ഷം രൂപ രണ്ടാം ഘട്ടത്തിലും ലഭിക്കും. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ഐ.ഡി.ഡബ്ലി.യൂ.എച്ച് ഫണ്ടില്‍ ( ഇന്റര്‍ഗ്രേറ്റ്ഡ് ഡവലപ്പ്‌മെന്റ് വൈല്‍ഡ് ലൈഫ് ഹാബിറ്റാറ്റ്‌സില്‍ ) നിന്നുമാണ് പണം അനുവദിച്ചിട്ടുള്ളത്.
കേരളത്തിലെ വിവിധ റേഞ്ചുകളില്‍ ആന മതില്‍ നിര്‍മിക്കുന്നതിന് 10.86 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. നിലമ്പൂര്‍ നോര്‍ത്ത് റേഞ്ചിലാണ് കൂടുതല്‍ തുക അനുവദിച്ചിരിക്കുന്നത്. 3.27 കോടി രൂപയാണ് ഇവിടെ അനുവദിച്ചിരിക്കുന്നത്. മറയൂരില്‍ ചിന്നാര്‍ വനാതിര്‍ത്തിയിലെ കരിമുട്ടി മുതല്‍ പാമ്പാര്‍ വരെയുള്ള മേഖലയിലാണ് ആന മതില്‍ നിര്‍മിക്കുന്നതിന് തീരുമാനിച്ചിട്ടുള്ളത്.
മറയൂര്‍ റേഞ്ചിന്റെ കീഴില്‍ രണ്ടു വര്‍ഷത്തിനിടയില്‍ നാലുപേര്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. വനാതിര്‍ത്തിയിലെ ജനവാസ കേന്ദ്രങ്ങളിലും കൃഷിയിടങ്ങളിലും കാട്ടാന ശല്യം രൂക്ഷമാണ്. ലക്ഷങ്ങള്‍ മുടക്കി നിരവധി തവണ സൗരോര്‍ജ്ജ വേലിയും കിടങ്ങുകളും നിര്‍മിച്ചിരുന്നു. നിര്‍മാണത്തിലെ അപാകം മൂലം ഇവയെല്ലാം ഉപയോഗ യോഗ്യമല്ലാതായി. ആന കാവലിന് വനാതിര്‍ത്തികളില്‍ വാച്ചര്‍മാരുടെ സംഘത്തേയും നിയമിച്ചിരുന്നു. ഇതെല്ലാം വിഫലമായതോടു കൂടിയാണ് ആന മതില്‍ നിര്‍മ്മാണത്തിലേക്ക് വനം വകുപ്പ് അധികൃതര്‍ എത്തിയത്.
കൊട്ടിയൂര്‍ റേഞ്ചില്‍ ചെയ്തതുപോലെ ഐ.ഐ.ടി ഡിസൈനില്‍ ആണ് ആന മതില്‍ നിര്‍മിക്കുന്നത്. 2.10 മീറ്റര്‍ ഉയരത്തിലും താഴെ 1.20 മീറ്റര്‍ വീതിയിലും മുകളില്‍ 60 സെന്റിമീറ്റര്‍ വീതിയിലുമാണ് മതില്‍ നിര്‍മ്മിക്കുന്നത്. ഓരോ അഞ്ചു മീറ്റര്‍ ഇടവിട്ട് കോണ്‍ക്രീറ്റ് പില്ലറും മുകളില്‍ കോണ്‍ക്രീറ്റ് ബെല്‍റ്റും നിര്‍മ്മിച്ച് മതില്‍ ശക്തമാക്കുന്നു.
ആന മതില്‍ നിര്‍മാണത്തിന് ആവശ്യമാായ പാറക്കല്ലുകള്‍ പകുതി വനത്തില്‍ നിന്നും ബാക്കി പുറത്ത് നിന്നും ശേഖരിക്കുവാനാണ് ലക്ഷ്യമിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."