ചിന്നാര്‍ ചന്ദനക്കടത്ത് കേസിലെ പ്രധാന പ്രതി കീഴടങ്ങി
മറയൂര്‍: ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ നിന്നും ചന്ദനം മുറിച്ചു കടത്തിയ പ്രധാന പ്രതികളില്‍ ഒരാള്‍ കൂടി കീഴടങ്ങി. മറയൂര്‍ ഈച്ചാംപെട്ടി ആദിവാസി കോളനി സ്വദേശി എം.മധീഷ് (20) ആണ് ചിന്നാര്‍ വന്യജീവി സങ്കേതം അസി. വൈല്‍ഡ് ലൈഫ് വാര്‍ഡനു മുന്‍പില്‍ കീഴടങ്ങിയത്.
കഴിഞ്ഞ ഒരു വര്‍ഷക്കാലമായി മധീഷ് തമിഴ്‌നാട്ടില്‍ വിവിധ കോളനികളില്‍ ഒളിവിലായിരുന്നു. ചിന്നാര്‍ വന്യജീവി സങ്കേതത്തിലെ ചുരുളിപ്പെട്ടി, ഒട്ടച്ചിപ്പാലം എന്നീ ഭാഗങ്ങളില്‍ നിന്നും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 2 ചന്ദനമരങ്ങള്‍ മധീഷും, പാളപ്പെട്ടി ആദിവാസി കുടിയിലെ അരുണ്‍ കുമാറും ഏതാനും സുഹൃത്തുക്കളും ചേര്‍ന്ന് മുറിച്ചു കടത്തിയിരുന്നു. എന്നാല്‍ ചുരുളിപ്പെട്ടി ഭാഗത്തു നിന്നും മുറിച്ചു കടത്തിയ ചന്ദനവും ആയുധവും അടുത്ത ദിവസം തന്നെ ഒളിപ്പിച്ചു വച്ച അവസ്ഥയില്‍ 200 മീറ്റര്‍ അകലെ ഒരു പൊന്തക്കാട്ടില്‍ നിന്നും കണ്ടെടുത്തു.
ഇതറിഞ്ഞ പ്രതികള്‍ ഒളിവില്‍ പോയിരുന്നു. പിന്നീട് ഒരു മാസത്തിനുള്ളില്‍ ആണ് ഒട്ടച്ചിപ്പാലം ഭാഗത്തുള്ള മറ്റൊരു ചന്ദനമരം ഇവര്‍ മുറിച്ചു കടത്തിയത്. ഉടന്‍ തന്നെ ഡോഗ് സ്‌ക്വാഡ് സഹിതം അന്വേഷണം നടത്തിയെങ്കിലും തൊണ്ടിയോ പ്രതിയേയോ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് രഹസ്യാന്വേഷണത്തിലൂടെ പ്രധാന പ്രതികള്‍ ആരെല്ലാമാണെന്നു
ഉദ്യോഗസ്ഥര്‍ മനസ്സിലാക്കുകയും അവരെ പിന്തുടരുകയും ചെയ്തു. കോടാന്തൂര്‍, ഈസല്‍ത്തട്ട്, ജെല്ലിപ്പെട്ടി തുടങ്ങിയ തമിഴ്‌നാട്ടിലെ വിവിധ കുടികളിലായി മധീഷ് ഒളിവില്‍ താമസിച്ചു വരികയായിരുന്നു. പ്രധാന പ്രതികളില്‍ ഒരാളായിരുന്നു അരുണ്‍ കുമാര്‍ ഏതാനും മാസങ്ങള്‍ക്ക് ശേഷം ചിന്നാര്‍ അസി.വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ മുന്‍പാകെ കീഴടങ്ങിയിരുന്നു.
ഇയാള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മാതിനി ഭാഗത്തു പാറയിടുക്കില്‍ ഒളിപ്പിച്ചു വച്ച 9 കഷ്ണം ചന്ദനക്കാതല്‍, ചന്ദനം മുറിക്കാന്‍ ഉപയോഗിച്ച കൈവാള്‍ എന്നിവ കണ്ടെടുത്തു. താനും പിടിക്കപ്പെടുമെന്നു ഉറപ്പായതോടെ കുറ്റസമ്മതം നടത്തി പ്രധാന പ്രതിയായ മധീഷ് വ്യാഴാഴ്ച രാവിലെ കീഴടങ്ങുകയായിരുന്നു. മറ്റു പ്രതികള്‍ ഒളിവില്‍ കഴിഞ്ഞു വരികയാണ്. പ്രതിയെ തെളിവെടുപ്പിനു ശേഷം ദേവികുളം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ചിന്നാര്‍ അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, പി എം പ്രഭു വിന്റെ നേതൃത്വത്തില്‍ ഡെപ്യൂട്ടി റേഞ്ച് ഓഫിസറായ മനോജ് ചന്ദ്രന്‍ സെക്ഷന്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരായ വിനോദ്, രാജു, മുത്തു കുമാര്‍, ആനന്ദന്‍, ബീറ്റു ഫോറസ്റ്റ് ഓഫിസര്‍മാരായ സുജേഷ് കുമാര്‍, ഷൈജു,എന്നിവര്‍ കേസ് അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."