ഇന്ന് ലോക തൊഴിലാളിദിനം: കൊല്ലാലകളിലെ കനല്‍ അണയുന്നു
കക്കട്ടില്‍: തൊഴിലില്ലായ്മ കാരണം കൊല്ലപ്പണിക്കാരുടെ കൊല്ലാലകളില്‍ തീ അണയുന്നു. പ്രതിസന്ധിയെ അതിജീവിക്കാനാവാതെ നൂറുകണക്കിനുപേര്‍ മേഖല വിട്ടുപോയി. ആധുനികവല്‍ക്കരണവും തൊഴില്‍മേഖലകളില്‍ വന്ന മാറ്റവും മൂലം പിടിച്ചുനില്‍ക്കാനാവാതെ പ്രതിസന്ധിയിലാണു ഈ വിഭാഗം.
ഒരു കാലത്ത് ഇരുമ്പുപണിക്ക്, പ്രത്യേകിച്ച് കാര്‍ഷികോപകരണങ്ങള്‍ നിര്‍മിക്കാനും ആയുധങ്ങള്‍ മൂര്‍ച്ച കൂട്ടാനും ഗ്രാമ-നഗര ഭേദമെന്യേ ജനങ്ങള്‍ ആശ്രയിച്ചിരുന്നത് കൊല്ലപ്പണിക്കാരെയായിരുന്നു.
ചിരട്ടയുടെ വില കൂടിയതും ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ പിടിപെടുന്നതും ആവശ്യക്കാര്‍ കുറഞ്ഞതും ഈ രംഗത്തെ പ്രധാന ഭീഷണിയാണ്.
പരമ്പരാഗതമായി ഈ മേഖലയില്‍ ജോലി ചെയ്തുപോന്നവരില്‍ പുതിയ തലമുറ മറ്റു മേഖലകളിലേക്ക് ചേക്കേറി. നിലവില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് ഇപ്പോഴും കൊല്ലപ്പണിയില്‍ തുടരുന്നത്.
പരമ്പരാഗത തൊഴില്‍മേഖല തങ്ങളെ കൈയൊഴിയുന്നതോടെ ഈ ജോലി മാത്രം അറിയുന്നവര്‍ ദുരിതജീവിതം പേറുകയാണ്. കൊല്ലപ്പണി നടക്കുന്ന കൊല്ലാലകളും കുറഞ്ഞു. ആധുനികവല്‍ക്കരിച്ച് മേഖലയെ തിരിച്ചു കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്ന കുറഞ്ഞപക്ഷം തൊഴിലാളികള്‍ ഇപ്പോഴുമുണ്ട്. തൊഴില്‍ സംബന്ധമായ സഹായം സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവണമെന്ന അഭിപ്രായവും ഇവര്‍ ഉയര്‍ത്തുന്നു.
മേഖലയുടെ നിലനില്‍പ്പിന് വൈദ്യുതീകരണവും ആവശ്യമാണ്. പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നല്‍കി കൊല്ലപ്പണിക്കാരെയും സംരക്ഷിക്കേണ്ടതുണ്ട്. വിശ്വകര്‍മ്മ വിഭാഗത്തില്‍പെട്ട ആശാരി, മൂശാരി, തട്ടാന്‍, കൊല്ലന്‍ എന്നിവരുടെ തൊഴില്‍ മേഖലയില്‍ സംരക്ഷണമാവശ്യപ്പെടാന്‍ പ്രത്യേക യൂനിയനുകളില്ലെന്നതും ഇവരുടെ തൊഴിലിനെ സാരമായി ബാധിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."