കൊല്ലം കലക്ടറേറ്റ് സംഭവം: രാജ്യത്തെ മുന്‍ സ്‌ഫോടനങ്ങളും അന്വേഷിക്കുന്നു
കൊല്ലം: കൊല്ലം കലക്ടറേറ്റിലെ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ സര്‍ക്കാര്‍ ഓഫിസുകള്‍ക്കു സമീപം നടന്നിട്ടുള്ള സ്‌ഫോടനങ്ങളും പൊലിസ് അന്വേഷിക്കുന്നു. ഇന്ത്യയില്‍ സമാന സ്വഭാവമുള്ള എല്ലാ സ്‌ഫോടനങ്ങളുടെയും പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ചുള്ള വിവരങ്ങളാണ് ശേഖരിക്കുന്നത്.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ ഓഫിസുകള്‍ക്കു സമീപം ബോംബ് സ്‌ഫോടനം നടത്തിയ വിവിധ സംഘടനകളും നിരീക്ഷണത്തിലാണ്. എന്നാല്‍, അന്വേഷണം പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത് ഡി.എച്ച്.ആര്‍.എമ്മിലേക്കും നിരോധിത സംഘടനയായ 'സിമി'യിലേക്കുമാണ്. ഡി.എച്ച്.ആര്‍.എമ്മിന്റെ സജീവപ്രവര്‍ത്തകരായ പതിനാറു പേരും 'സിമി'യില്‍ പ്രവര്‍ത്തിച്ചിരുന്ന എട്ടു പേരും നിരീക്ഷണത്തിലാണ്. ഇതില്‍ ആറുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരില്‍നിന്നു കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ലെന്നാണ് സൂചന.
കലക്ടറേറ്റ് വളപ്പിലെ സ്‌ഫോടനവുമായി ബന്ധമില്ലെന്നും അന്വേഷണം ഡി.എച്ച്.ആര്‍.എമ്മിലേക്കു നീങ്ങുന്നതു ദൗര്‍ഭാഗ്യകരമാണെന്നും ഡി.എച്ച്.ആര്‍.എം ചെയര്‍പേഴ്‌സണ്‍ സെലീന പ്രക്കാനം പറഞ്ഞു. സത്യസന്ധമായ അന്വേഷണം നടത്തി കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
അതേസമയം, അന്വേഷണത്തിനായി 30 പേരടങ്ങുന്ന പ്രത്യേക അന്വേഷണസംഘത്തെ കഴിഞ്ഞദിവസം രൂപീകരിച്ചു. സിറ്റി പൊലിസ് കമ്മിഷണര്‍ സതീഷ് ബിനോയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ കൊല്ലം എ.സി.പി. കെ. ലാല്‍ജി, വെസ്റ്റ് സി.ഐ ബിനു, ഈസ്റ്റ് സി.ഐ വി.എസ് പ്രദീപ്കുമാര്‍, എസ്.ഐമാരായ ജി. ഗോപകുമാര്‍, ആര്‍. രാജേഷ്, എസ്. ജയകൃഷ്ണന്‍, കെ. വിനോദ്, കെ. ദേവരാജന്‍ എന്നിവരാണുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെവരെ 118 പേരെ ചോദ്യം ചെയ്തു.
സ്‌ഫോടനത്തെ കുറിച്ചു വിവരം ലഭിക്കുന്നവര്‍ അതു പൊലിസിനു കൈമാറണമെന്നും അന്വേഷണസംഘം അറിയിച്ചു. 9497990025, 9497987031, 9497980181 എന്നീ നമ്പറുകളിലാണ് വിവരങ്ങള്‍ കൈമാറേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."