പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയില്‍ മഫ്തക്ക് വിലക്ക്; അണയാതെ പ്രതിഷേധം
കല്‍പ്പറ്റ: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിനെത്തിയ വനിതാ പഞ്ചായത്ത് പ്രസിഡന്റുമാരുടെ ശിരോവസ്ത്രം അഴിപ്പിച്ച് അപമാനിച്ച സംഭവത്തില്‍ പ്രതിഷേധം അണയുന്നില്ല. കല്‍പ്പറ്റയില്‍ മുസ്‌ലിം ലീഗും ജനാധിപത്യ മഹിളാ അസോസിയേഷനും പ്രതിഷേധ പ്രകടങ്ങള്‍ നടത്തി. ബത്തേരിയില്‍ മുസ്‌ലിം ലീഗിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടന്നു. മൂപ്പൈനാട് പഞ്ചായത്ത് സംഭവത്തില്‍ സംയുക്ത പ്രമേയം പാസാക്കി പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും പരാതി ഫാക്‌സായി അയക്കുകയും ചെയ്തു.
വിശ്വാസത്തിന്റെ ഭാഗമായി വസ്ത്രം ധരിക്കാനുള്ള അവകാശത്തെ പോലും വകവച്ചുകൊടുക്കാനാകാത്ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് സമീപനത്തിനെതിരേയാണ് കക്ഷി രാഷ്ട്രീയത്തിന് അതീതമായുള്ള പ്രതിഷേധം അലയടിച്ചത്. കല്‍പ്പറ്റ ടൗണില്‍ മുസ്‌ലിം ലീഗ് മണ്ഡലം കമ്മിറ്റി പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. വിഷയത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് നേതാക്കള്‍ വ്യക്തമാക്കി. യോഗത്തില്‍ കല്‍പ്പറ്റ മണ്ഡലം പ്രസിഡന്റ് റസാഖ് കല്‍പ്പറ്റ അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് പി.കെ അബൂബക്കര്‍, സെക്രട്ടറി സി. മൊയ്തീന്‍ കുട്ടി, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി. ഇസ്മായില്‍, എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി നവാസ്, ടി. ഹംസ, സലിം മേമന, കെ. ഹാരിസ് സംസാരിച്ചു.
വസ്ത്രമുരിയുന്ന ഭരണകൂട ഫാസിസം നാടിന് അപമാനം: ഐ.സി
ബാലകൃഷ്ണന്‍
കല്‍പ്പറ്റ: രാജ്യത്തെ ജനങ്ങള്‍ എന്തു കാണണമെന്നും എന്തു കഴിക്കണമെന്നും തീരുമാനമെടുത്തുകൊണ്ട് അടുക്കള വരെ കയറിയ ഭരണകൂട ഫാസിസം ഇന്ന് മതേതര ഇന്ത്യയുടെ വേഷത്തിലും കടന്നുകയറി വസ്ത്രമുരിക്കുന്നത് അപമാനകരമാണെന്ന് ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ പ്രസ്താവനയില്‍ പറഞ്ഞു.
കല്‍പ്പറ്റ: ഗാന്ധിനഗറില്‍ വനിതാദിന പരിപാടിയുടെ ഭാഗമായി സംഘടിക്കപ്പെട്ട ദേശീയ സമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ചെത്തിയ വനിതാ പഞ്ചായത്ത് പ്രസിഡന്റുമാരെ മതാചാരപ്രകാരമുള്ള തട്ടവും ഹിജാബും ധരിച്ചുവെന്നതിന്റെ പേരില്‍ തടഞ്ഞ് അപമാനിച്ചത് മതേതര രാജ്യത്തിന് ചേര്‍ന്നതല്ലെന്ന് മുന്‍ ഡി.സി.സി പ്രസിഡന്റ് കെ.എല്‍ പൗലോസ് പറഞ്ഞു.
പ്രതിഷേധിച്ചു
സുല്‍ത്താന്‍ ബത്തേരി: ഷഹര്‍ബാന്‍ സൈതലവിയുടെ ശിരോവസ്ത്രം നീക്കം ചെയ്ത നടപടിയില്‍ വനിതാ ലീഗ് സുല്‍ത്താന്‍ ബത്തേരി മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. പ്രസിഡന്റ് നസീറ ഇസ്മായില്‍, സെക്രട്ടറി ശിഫാനത്ത്, ട്രഷറര്‍ ഷറീന അബ്ദുല്ല സംസാരിച്ചു.
കല്‍പ്പറ്റ: ഷഹര്‍ബാന്‍ സൈതലവിയുടെ ശിരോവസ്ത്രം നീക്കം ചെയ്ത നടപടിയില്‍ വനിതാ ലീഗ് കല്‍പ്പറ്റ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. ആയിഷ ഹനീഫ, റുഖിയ ടീച്ചര്‍, നദീറ മുസ്തഫ, റംല മൊയ്തീന്‍ കുട്ടി, ഉമൈബ മൊയ്തീന്‍ കുട്ടി സംസാരിച്ചു.
അപമാനിച്ചത് സ്ത്രീത്വത്തെ: ഷഹര്‍ബാന്‍ സൈതലവി
കല്‍പ്പറ്റ: ലോക വനിതാദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ദേശീയ സമ്മേളനത്തിലേക്ക് വിളിച്ചുവരുത്തി കേന്ദ്രസര്‍ക്കാര്‍ അപമാനിച്ചത് സ്ത്രീത്വത്തെയും രാജ്യത്തിന്റെ മതേതര സംസ്‌കാരത്തെയുമാണെന്ന് മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് ഷഹര്‍ബാന്‍ സൈതലവി പറഞ്ഞു. ന്യൂനപക്ഷങ്ങളോട് പ്രത്യേകിച്ചും കേരളത്തോട് പൊതുവെയും കേന്ദ്രം തുടരുന്ന അവജ്ഞയുടെ ഭാഗമാണ് ഇത്തരം നടപടികള്‍. ഒ.ഡി.എഫ് പദ്ധതി വിജയകരമായി നടപ്പാക്കിയ രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തിന്റെ പ്രതിനിധിയെന്ന നിലയിലാണ് താന്‍ പരിപാടിയിലേക്ക് ക്ഷണിക്കപ്പെട്ടത്. തീര്‍ത്തും പരിമിതമായ സൗകര്യങ്ങള്‍ സഹിച്ചാണ് സമ്മേളന വേദിയിലേക്കെത്തിയത്. എന്നാല്‍ മുഖ്യകവാടത്തിനു സമീപം വച്ച് ഒരു മര്യാദയുമില്ലാതെ താനടക്കമുള്ള മൂന്നു വനിതാ ജനപ്രതിനിധികള്‍ക്ക് പ്രവേശനം നിഷേധിക്കുകയായിരുന്നു. മഫ്ത അഴിക്കാതെ അകത്ത് പ്രവേശിക്കാന്‍ കഴിയില്ലെന്നായിരുന്നു വിശദീകരണം. എന്നാല്‍ തങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമാണിതെന്നും ഏതു വസ്ത്രം ധരിക്കണമെന്നത് വ്യക്തിപരമായ കാര്യമാണെന്നും വിശദീകരിക്കാന്‍ ശ്രമിച്ചിട്ടും അതൊന്നും കേള്‍ക്കാന്‍ പോലും സുരക്ഷാ ഉദ്യോഗസ്ഥര്‍ തയാറായില്ല. ഏറെനേരം സംസാരിച്ചിട്ടും മഫ്ത അഴിച്ചാലേ പ്രധാനമന്ത്രി സംസാരിക്കുന്ന ഹാളിലേക്ക് കടത്തിവിടൂ എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു ഉദ്യോഗസ്ഥര്‍. ഗത്യന്തരമില്ലാതെ മഫ്ത്ത അഴിച്ച് വയ്‌ക്കേണ്ടിവന്നു. തുടര്‍ന്നു ധരിച്ചിരുന്ന സാരികൊണ്ട് തലമറച്ചാണ് പരിപാടി ശ്രവിച്ചത്. അഴിച്ചുവച്ച മഫ്ത എവിടെ സൂക്ഷിക്കുമെന്ന് ചോദിച്ചപ്പോള്‍ നിലത്തിട്ടേക്കാനായിരുന്നു മറുപടി. തുടര്‍ന്ന് സുരക്ഷാ വലയത്തിന് വേണ്ടി ഒരുക്കിയ റിബണില്‍ മഫ്ത പിന്‍ ചെയ്ത് വെക്കേണ്ടിവന്നെന്നും ഷഹര്‍ബാന്‍ പറഞ്ഞു.
ഗ്രാമപഞ്ചായത്ത് പ്രമേയം പാസാക്കി
വടുവന്‍ചാല്‍: കേരളത്തില്‍ നിന്ന് ദേശീയ വനിതാ ദിനാഘോഷത്തില്‍ പങ്കെടുക്കുന്നതിനു വേണ്ടി ഗുജറാത്തിലെ ഗാന്ധിനഗറിലേക്ക് പോയ മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷഹര്‍ബാന്‍ സൈതലവിയുടെ ശിരോവസ്ത്രം നീക്കം ചെയ്യിപ്പിച്ച് അപമാനിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ ഭരണസമിതി യോഗം ഐക്യകണ്‌ഠേന പ്രമേയം പാസാക്കി. ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ആര്‍. യമുന അവതരിപ്പിച്ച പ്രമേയത്തെ പി.സി ഹരിദാസന്‍ പിന്താങ്ങി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹരിഹരന്‍ അധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ യഹ്‌യാഖാന്‍ തലക്കല്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ യശോദ, വാര്‍ഡ് അംഗങ്ങളായ സതീദേവി, പി.സി ഹരിദാസന്‍, കാപ്പന്‍ ഹംസ, ജോളിസ് സ്‌കറിയ, കെ. വിജയന്‍, റസിയ ഹംസ, ഷൈബാന്‍, എ.കെ റഫീഖ്, പ്രബിത, ദാമോദരന്‍, സംഗീത രാമകൃഷ്ണന്‍, പഞ്ചായത്ത് സെക്രട്ടറി കെ. രാമചന്ദ്രന്‍ സംസാരിച്ചു.
യോഗം നാളെ
കല്‍പ്പറ്റ: മുസ്‌ലിം ലീഗ് ജില്ലാ-നിയോജക മണ്ഡലം ഭാരവാഹികള്‍, പഞ്ചായത്ത്-മുനിസിപ്പല്‍ പ്രസിഡന്റ്, സെക്രട്ടറിമാര്‍, പോഷകഘടകങ്ങളായ യൂത്ത് ലീഗ്, എം.എസ്.എഫ് വനിതാ ലീഗ്, സ്വതന്ത്രകര്‍ഷക സംഘം ജില്ലാ ഭാരവാഹികള്‍ എന്നിവരുടെ പ്രത്യേകയോഗം 11ന് രാവിലെ 10ന് കല്‍പ്പറ്റ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ചേരുമെന്ന് ജന. സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി അറിയിച്ചു.
പ്രകടനം നടത്തി.
കല്‍പ്പറ്റ: മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷഹര്‍ബാന്‍ സൈതലവിയെ ഗുജറാത്തില്‍ നടന്ന വനിതാ ദിനത്തില്‍ അപമാനിച്ചതില്‍ പ്രതിഷേധിച്ച് മഹിളാ അസോസിയേഷന്‍ കല്‍പ്പറ്റ ഏരിയാ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. പി.ആര്‍ നിര്‍മല, ടി.ജി ബീന, എന്‍.പി കുഞ്ഞുമോള്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."