ശപമോക്ഷം കാത്ത് കുറിഞ്ഞിമുക്ക് റോഡ്
ചങ്ങനാശേരി: ഇത്തിത്താനം കുറിഞ്ഞിമുക്ക് കാര്‍ഗില്‍ റോഡ് നന്നാക്കാന്‍ എം.എല്‍.എ ഫണ്ട് അനുവദിച്ചിട്ട് വര്‍ഷം രണ്ട് കഴിഞ്ഞിട്ടും നാളിതുവരെ യാതൊരുവിധ പ്രവര്‍ത്തനങ്ങളും നടത്തുന്നില്ലെന്ന് പരാതി. ഫണ്ട് അനുവദിച്ചതിനെതുടര്‍ന്ന് നിര്‍മാണ കമ്മിറ്റി രൂപീകരിച്ച് കണ്‍വീനറെയും മറ്റ് ഭാരവാഹികളെയും തിരഞ്ഞെടുത്തതുമാത്രമാണ് ആകെ നടന്ന പ്രവര്‍ത്തനമെന്ന് പ്രദേശവാസികള്‍.
നാലുമീറ്റര്‍ വീതിയുള്ള ഈ റോഡിലെ മണ്ണ് ഒഴുകിപ്പോയതിനെ തുടര്‍ന്ന് റോഡ് സഞ്ചാരയോഗ്യമല്ലാതായി കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. റോഡിനുനടുവില്‍ തന്നെ വലിയ കുഴികള്‍ രൂപപ്പെട്ടതിനാല്‍ കാല്‍നടയാത്രപോലും ദുഷ്‌കരമാണ്.
ഈ പ്രദേശത്ത് കടുത്ത കുടിവെള്ളക്ഷാമമുള്ളതിനാല്‍ തൊട്ടടുത്തുള്ള പഞ്ചായത്ത് കിണറ്റില്‍ നിന്നുമാണ് പ്രദേശവാസികള്‍ വെള്ളം ശേഖരിക്കുന്നത്. വെള്ളം എടുക്കാന്‍ പോകുന്ന വീട്ടമ്മമാര്‍ പുല്ല് വളര്‍ന്ന് മൂടപ്പെട്ടനിലയില്‍ കിടക്കുന്ന റോഡിലെ കുഴികളില്‍ കാലുതെന്നിവീഴുന്നത് പതിവാണ്.
റോഡ് മോശമായികിടക്കുന്നതിനാല്‍ ജനവാസകേന്ദ്രമായ ഈ പ്രദേശത്തേക്ക് ഓട്ടോറിക്ഷകളും മറ്റും എത്താറില്ലെന്ന് സമീപവാസികള്‍ പറയുന്നു.
ഈ പ്രദേശത്തെ വഴിവിളക്കുകള്‍ പ്രകാശിക്കാത്തതുമൂലവും ഇഴജന്തുക്കളുടെ ശല്യവും കാരണം വഴിയുള്ള രാത്രികാല സഞ്ചാരവും കൂടുതല്‍ പ്രയാസകരമാണെന്ന് ഇവര്‍ പറയുന്നു.
അടുത്തമാസം മറ്റൊരു സാമ്പത്തികവര്‍ഷം കൂടി കടന്നുപോകുന്നതോടെ റോഡിന് അനുവദിച്ച ഫണ്ടിന്റെ കാര്യത്തില്‍ ആശങ്കയുണ്ടെന്നും ഫണ്ട് പാഴാക്കാതെ എത്രയും പെട്ടെന്ന് റോഡ് സഞ്ചാരയോഗ്യമാക്കുവാന്‍ വേണ്ട നടപടികള്‍ അധികൃതര്‍ സ്വീകരിക്കണമെന്നും സിപിഎം പുളിമൂട് ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."