കോള്‍ മേഖലയിലെ കാര്‍ഷിക പ്രതിസന്ധിക്ക് പരിഹാരം
തൃശൂര്‍: പൊന്നാനി-തൃശൂര്‍ കോള്‍ മേഖലയിലെ 10700 ഹെക്ടര്‍ പ്രദേശത്തെ നെല്‍പാടങ്ങളില്‍ ഉണ്ടായ പ്രതിസന്ധിക്ക് പരിഹാരമായി. കോള്‍പാടങ്ങളിലെ നെല്ല് ഏപ്രില്‍ 15ന് മുന്‍പ് കൊയ്‌തെടുത്ത് മില്ലുകളിലേക്ക് മാറ്റാന്‍ തദ്ദേശസ്വയംഭരണ മന്ത്രി എ.സി മൊയ്തീന്റെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ഇതുവരെ 3600 ഹെക്ടര്‍ പ്രദേശത്തെ നെല്ല് കൊയ്‌തെടുത്തു. 5800 ഹെക്ടര്‍ ആണ് ഇനി കൊയ്യാനുളളത്. ഏപ്രില്‍ 15 നകം ഇത്രയും പ്രദേശത്തെ നെല്ല് കൊയ്‌തെടുക്കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞു. കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്റെ 50 കൊയ്ത്ത് യന്ത്രങ്ങള്‍ ഇതിനായി പാടശേഖരങ്ങളിലെത്തിക്കും. ഇപ്പോള്‍ തന്നെ 48 യന്ത്രങ്ങളും അഞ്ച് മെക്കാനിക്കുകളെയും ലഭ്യമാക്കിയിട്ടുണ്ട്. ഇതിനുപുറമേ ഏതാനും പാടശേഖരസമിതികള്‍ സ്വന്തം നിലയിലും കൊയ്ത്ത് യന്ത്രം സജ്ജമാക്കിയിട്ടുണ്ട്. സാധാരണ ഗതിയില്‍ നിന്ന് വ്യത്യസ്തമായി അടിയന്തര സാഹചര്യം പരിഗണിച്ച് രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് എട്ടു മണി വരെ കൊയ്ത്ത് നടത്തും.
നാലുദിവസത്തിനുളളില്‍ കൊയ്‌തെടുത്ത നെല്ല് മില്ലുകളിലേക്ക് മാറ്റും. 400 ഹെക്ടര്‍ പ്രദേശത്തെ കൊയ്തുവച്ച നെല്ലാണ് മാറ്റാനുള്ളത്. ഇനി കൊയ്യാനുളള നെല്ലും സപ്ലൈയ്‌കോ സംഭരണ ചുമതലയുളള മില്ലുകള്‍ക്ക് ഉടനെ കൈമാറും. മഴയോ മറ്റു അടിയന്തര സാഹചര്യങ്ങളോ ഉണ്ടായാല്‍ നെല്ല് സംഭരണത്തിന് തദ്ദേശസ്ഥാപനങ്ങളും കൃഷി വകുപ്പും ബദല്‍ ക്രമീകരണം ഉണ്ടാക്കും. അത്തരം സാഹചര്യത്തില്‍ പ്രാദേശികമായി കണ്ടെത്തുന്ന സ്‌കൂളുകളിലോ ഹാളുകളിലോ നെല്ല് സംഭരിക്കും. മില്ലുകളിലേക്കുളള നെല്ല് കയറ്റിയിറക്കുന്നതിന് തൊഴിലാളികളെ ലഭിക്കാന്‍ പ്രയാസം നേരിട്ടാല്‍ ജില്ലാ ഭരണകൂടം പ്രത്യേക സംവിധാനം ഒരുക്കാനും തീരുമാനമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."