നെല്ല് കൊണ്ടുപോകുന്ന ലോറികള്‍ തടയില്ല
ആലപ്പുഴ: കുട്ടനാട് മേഖലയിലെ നെല്ല് കൊയ്ത്തും സംഭരണവുമായി ബന്ധപ്പെട്ട തടസങ്ങള്‍ നീക്കാന്‍ തീരുമാനം. നെല്ലിന്റെ വിളവെടുപ്പും സംഭരണവും അവശ്യസേവനങ്ങളാക്കിയ മന്ത്രിസഭാ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ തീരുമാനമെടുക്കാന്‍ മന്ത്രിമാരായ ജി.സുധാകരനും പി.തിലോത്തമനും വി.എസ്.സുനില്‍കുമാറും പങ്കെടുത്ത യോഗത്തിലാണ് നടപടി.
നെല്ല് കൊയ്ത്ത്, സംഭരണ നടപടികള്‍ തടസമില്ലാതെ തുടരും. തടസങ്ങളെല്ലാം നീക്കി എത്രയും വേഗം കൊയ്ത്ത് പൂര്‍ത്തിയാക്കാന്‍ യോഗം തീരുമാനിച്ചു.
കുട്ടനാട്ടില്‍ ഉള്‍പ്പെടെയുള്ള നെല്ല് കൊയ്ത്തും സംഭരണവും ഭക്ഷ്യസുരക്ഷയുടെ പ്രശ്‌നമായാണ് സര്‍ക്കാര്‍ കാണുന്നത്. ലോറിയുടെയും ഡ്രൈവര്‍മാരുടെയും അപര്യാപ്തതയ്ക്ക് പരിഹാരം കാണുന്നതിനുള്ള തീരുമാനവും എടുത്തിട്ടുണ്ട്. ഏതെങ്കിലും മില്ലുടമകള്‍ക്ക് ലോറിയുടെ അപര്യാപ്തത ഉണ്ടായാല്‍ അത് കലക്ടറെ അറിയിക്കാനും അത് പരിഹരിക്കാനും നിര്‍ദ്ദേശം നല്‍കി.
മില്ലുടമകള്‍ നെല്ല് സംഭരിക്കുന്നതിന് ഏതെങ്കിലും വിധത്തില്‍ താമസം നേരിട്ടാല്‍ നിലവില്‍ കൊയ്ത്ത് കഴിഞ്ഞ നെല്ല് സംഭരിച്ച് സര്‍ക്കാര്‍ കണ്ടെത്തുന്ന ഗോഡൗണുകളിലേക്ക് മാറ്റും.
കര്‍ഷകന് ഒരു തരത്തിലുള്ള സാമ്പത്തിക നഷ്ടവും ഉണ്ടാകില്ലെന്നും യോഗത്തില്‍ മന്ത്രിമാര്‍ അറിയിച്ചു.
നിലവില്‍ കൊയ്ത്ത് കഴിഞ്ഞിട്ടുള്ള കുട്ടനാട്ടിലെയും അപ്പര്‍ കുട്ടനാട്ടിലെയും 1200 ലോഡ് നെല്ല് 10 ദിവസത്തിനകം സംഭരിച്ച് നീക്കാന്‍ യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ടെന്ന് കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു.
ഏപ്രിലോടെ 80 ശതമാനം നെല്ലും സംഭരിക്കും. മെയ് പതിനഞ്ചോടെ മിക്കവാറും നെല്ല് സംഭരണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് കൃഷി മന്ത്രി പറഞ്ഞു.കൊവിഡ് പ്രതിരോധ നിര്‍ദ്ദേശങ്ങളുടെ പശ്ചാത്തലത്തില്‍ നെല്ല് സംഭരണത്തിന് നിയോഗിക്കുന്ന കയറ്റിറക്ക് തൊഴിലാളികള്‍ക്കും ലോറി ഡ്രൈവര്‍മാര്‍ക്കും കൊയ്ത്ത് യന്ത്രത്തിന്റെ ഡ്രൈവര്‍മാര്‍ക്കും ബാധകമായ പ്രത്യേക പ്രോട്ടോകോള്‍ പൊലിസിന്റെ സഹകരണത്തോടുകൂടി കലക്ടര്‍ തയാറാക്കി നല്‍കും.
തൊഴിലാളികളുടെ ആരോഗ്യനില പരിശോധിക്കുന്നതിനായി പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിക്കും. മാസ്‌ക് നല്‍കും. പരസ്പരം പാലിക്കേണ്ട അകലം സംബന്ധിച്ച് കൃത്യമായ പ്രോട്ടോകോള്‍ ഇവര്‍ക്ക് വേണ്ടി തയാറാക്കും. ഡ്രൈവര്‍മാര്‍, കൊയ്ത്ത് യന്ത്രം ഓടിക്കുന്നവര്‍, റിപ്പയര്‍ തൊഴിലാളികള്‍, കയറ്റിറക്ക് തൊഴിലാളികള്‍ എന്നിവര്‍ക്കെല്ലാം ഈ പ്രോട്ടോകോള്‍ ബാധകമായിരിക്കും.
ലോറികളില്‍ ലോഡ് കൊണ്ടുവരുമ്പോഴും കൊയ്ത്തുയന്ത്രം നീക്കുമ്പോഴും ഡ്രൈവര്‍മാര്‍ക്കും തൊഴിലാളികള്‍ക്കും പാസ് നല്‍കും. ഇതിന്റെ മേല്‍നോട്ടം ജില്ല ഭരണകൂടം പൊലിസുമായി ചേര്‍ന്ന് നിര്‍വഹിക്കും. ഇവരെ വഴിയില്‍ തടയാതിരിക്കാനുള്ള പ്രത്യേക നിര്‍ദ്ദേശം പൊലിസിന് നല്‍കിയിട്ടുണ്ട്. ലോറികളില്‍ നെല്ല് സംഭരണം എന്നു ബോര്‍ഡ് വയ്ക്കാനും നിര്‍ദ്ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."