നെല്‍വയല്‍, തണ്ണീര്‍ത്തട ഡാറ്റാബാങ്ക്; ആദ്യഘട്ടം രണ്ടു വില്ലേജുകളില്‍
തിരുവനന്തപുരം: നെല്‍വയല്‍, തണ്ണീര്‍ത്തട സംരക്ഷണത്തിനായുള്ള സമ്പൂര്‍ണ ഡാറ്റാബാങ്ക് തയാറാക്കുന്ന പദ്ധതി ആദ്യഘട്ടത്തില്‍ രണ്ടു വില്ലേജുകളില്‍. തിരുവനന്തപുരത്തെ കഴക്കൂട്ടം, എറണാകുളം ജില്ലയിലെ മരട് വില്ലേജുകളെ പരിഗണിക്കാനാണ് സാധ്യത. എന്നാല്‍, ഇക്കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ല.
ഒരു മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. ഉപഗ്രഹ ചിത്രങ്ങള്‍ ഉപയോഗിച്ച് മാപ്പിങ് നടത്തിയായിരിക്കും ഡാറ്റാ ബാങ്ക് തയാറാക്കുക. ഇതിനായി സ്റ്റേറ്റ് റിമോര്‍ട്ട് സെന്‍സിങ് ആന്‍ഡ് എന്‍വയോണ്‍മെന്റ് സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിനെ (കെസ്‌റെക്) നിയോഗിച്ചു.
ആദ്യഘട്ടം വിജയംകണ്ടാല്‍ സംസ്ഥാനവ്യാപകമായി പദ്ധതി നടപ്പാക്കും. സംസ്ഥാന സര്‍ക്കാര്‍ 2008ല്‍ കൊണ്ടുവന്ന നെല്‍വയല്‍, തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്റെ പിന്‍ബലത്തോടെയാണ് ഡാറ്റാബാങ്ക് നടപ്പാക്കുന്നത്. 2008നു ശേഷം നികത്തിയ പാടങ്ങളുടേയും നിലവില്‍ കൃഷിചെയ്യുന്ന പാടങ്ങളുടേയും കൃത്യമായ വിവരങ്ങളും കണക്കുകളും ശേഖരിച്ച് സൂക്ഷിക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ 14ന് കൃഷി, റവന്യൂ മന്ത്രിമാരുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തില്‍ സംസ്ഥാനത്തെ നെല്‍വയല്‍, തണ്ണീര്‍ത്തടങ്ങളുടെ സമഗ്ര ഡാറ്റാബാങ്ക് തയാറാക്കാന്‍ തീരുമാനിച്ചിരുന്നു. ഇന്ത്യന്‍ ഉപഗ്രഹങ്ങളില്‍ നിന്ന് ലഭിക്കുന്ന ചിത്രങ്ങള്‍ക്ക് തെളിമയില്ലെങ്കില്‍ (ഹൈ റെസല്യൂഷന്‍ സാറ്റലൈറ്റ് പിക്ചര്‍) വിദേശ രാജ്യങ്ങളിലെ സ്വകാര്യ സാറ്റലൈറ്റ് കമ്പനികളില്‍ നിന്ന് ചിത്രങ്ങള്‍ വാങ്ങും. ഇതിനായി ഐ.എസ്.ആര്‍.ഒയുടെ സഹായം തേടും.
2008നു ശേഷമുള്ള കേരളത്തിന്റെ ഉപഗ്രഹ ചിത്രങ്ങളും നിലവിലെ ചിത്രങ്ങളും വിശകലനം ചെയ്തായിരിക്കും ഡാറ്റാബാങ്ക് തയാറാക്കുക. സംസ്ഥാനത്തെ 376ഓളം വില്ലേജുകളുടെ റീസര്‍വേ ഇതിനകം പൂര്‍ത്തിയാക്കി ഗസറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതേ മാതൃകയില്‍ 576ഓളം വില്ലേജുകളുടെ റീസര്‍വേയും പൂര്‍ത്തിയായിട്ടുണ്ട്. എന്നാല്‍, ഇത് സാങ്കേതിക സംവിധാനമുപയോഗിച്ചുള്ള റീസര്‍വേ ആയിരുന്നില്ല. അതിനാല്‍, ഈ റിപ്പോര്‍ട്ടില്‍ നിന്ന് നിലവിലുള്ള നെല്‍വയല്‍, തണ്ണീര്‍ത്തടങ്ങളുടെ കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാനാകില്ല. കൃഷിവകുപ്പ് മുന്നോട്ടുവയ്ക്കുന്ന ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെയുള്ള ഡാറ്റാബാങ്കിങ് പദ്ധതിവഴി റവന്യൂവകുപ്പിന്റെ റീസര്‍വേയും അത്യാധുനിക രീതിയില്‍ പൂര്‍ത്തിയാക്കാനാകും. തെളിമയാര്‍ന്ന ഉപഗ്രഹ ചിത്രങ്ങള്‍ വഴി നെല്‍വയലുകള്‍, തണ്ണീര്‍ത്തടങ്ങള്‍, കാടുകള്‍, നദികള്‍, സര്‍ക്കാര്‍-സ്വകാര്യ ഭൂമികള്‍ തുടങ്ങിയവയുടെ കൃത്യമായ കണക്കുകളും ലഭിക്കും.
സംസ്ഥാനത്ത് 2004-05 കാലയളവില്‍ 2,90,000 ഹെക്ടര്‍ നെല്‍വയലുകളുണ്ടായിരുന്നുവെന്നാണ് കണക്ക്. എന്നാല്‍, 2014-15ല്‍ ഇത് 1,98,000 ഹെക്ടറായി കുറഞ്ഞു. പത്തുവര്‍ഷം കൊണ്ട് 32 ശതമാനം നെല്‍വയലുകളാണ് നികത്തപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തത്. എന്നാല്‍, തണ്ണീര്‍ത്തടങ്ങള്‍ നികത്തിയതിന്റെ കണക്കുകള്‍ സര്‍ക്കാരിന്റെ പക്കലില്ല. 2013ല്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ റവന്യൂമന്ത്രിയായിരിക്കേ സംസ്ഥാനത്തെ റീസര്‍വേ പൂര്‍ത്തിയാക്കാന്‍ ഉപഗ്രഹ ചിത്രങ്ങളെടുക്കുന്നതിന് പദ്ധതിയിട്ടിരുന്നു. എന്നാല്‍, ഉപഗ്രഹ ചിത്രങ്ങള്‍ വഴിയുള്ള സര്‍വേ രാജ്യസുരക്ഷയ്ക്കു ഭീഷണിയാകുമെന്ന വാദം ശക്തമായതോടെയാണ് പദ്ധതി ഉപേക്ഷിച്ചത്.
മരടില്‍ തണ്ണീര്‍ത്തടങ്ങള്‍;
കഴക്കൂട്ടത്ത് നെല്‍വയലുകള്‍
മരട് വില്ലേജില്‍ കൂടുതലായുള്ളത് തണ്ണീര്‍ത്തടങ്ങളാണ്. കൊച്ചിയുടെ വികസനത്തിന്റെ ഭാഗമായി തണ്ണീര്‍ത്തടങ്ങളും കണ്ടല്‍ക്കാടുകളും വ്യാപകമായാണ് ഇവിടെ നശിപ്പിക്കുന്നത്.
കഴക്കൂട്ടം വില്ലേജില്‍ തണ്ണീര്‍ത്തടങ്ങള്‍ കുറവാണെങ്കിലും നെല്‍കൃഷി വ്യാപകമാണ്. എന്നാല്‍, ഐ.ടി, വ്യവസായ സ്ഥാപനങ്ങളുടെ വരവ് നെല്‍കൃഷിക്ക് ഭീഷണിയായിട്ടുണ്ട്. എങ്കിലും പരമ്പരാഗത കൃഷിക്കാര്‍ ഇപ്പോഴും നെല്‍കൃഷി ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."