കൊറോണക്കാലത്തെ സ്‌നേഹക്കാഴ്ചകള്‍ സഹജീവികളുടെ വിശപ്പകറ്റാന്‍ ഒത്തുചേര്‍ന്ന് കേരളം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: പ്രളയകാലത്തെ സ്‌നേഹസന്ദേശം കൊറോണക്കാലത്തും നെഞ്ചിലേറ്റി കേരളം. സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപനത്തോടെ അന്നന്നുള്ള ഭക്ഷണം പോലും പ്രതിസന്ധിയിലായ മനുഷ്യര്‍ക്കായി കേരളം ഒറ്റക്കെട്ടായി രംഗത്തിറങ്ങുന്ന കാഴ്ചകളാണ് സംസ്ഥാനത്ത്.
കൊവിഡ് പ്രതിരോധത്തിനായുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും ഭക്ഷണ വിതരണത്തിനു മുന്നിട്ടിറങ്ങിയിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ കമ്മ്യൂണിറ്റി കിച്ചന്‍ എന്ന ആശയത്തിന് ഹോട്ടല്‍ ഉടമകളും കാറ്ററിങ് സ്ഥാപനങ്ങളും 700ഓളം കിച്ചനുകള്‍ നല്‍കാമെന്ന് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. വിവിധ മത, രാഷ്ട്രീയ, യുവജന സംഘടനകളും പിന്തുണയുമായി രംഗത്തെത്തിയിട്ടുമുണ്ട്.
തദ്ദേശ സ്ഥാപങ്ങള്‍ കമ്മ്യൂണിറ്റി കിച്ചന്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ കോര്‍പറേഷനുകളില്‍ പ്രത്യേകം സജ്ജീകരണങ്ങള്‍ ഏര്‍പെടുത്തിയിട്ടുണ്ട്. ആശുപത്രി കാന്റീനുകള്‍ കേന്ദ്രീകരിച്ചും ഭക്ഷണ വിതരണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. പത്തനംതിട്ട ജനറല്‍ ആശുപത്രി ഇതിനു മാതൃകയാവുകയാണ്. മലപ്പുറത്ത് കുടുംബശ്രീയുടെ നേതൃത്വത്തിലും ഭക്ഷണവിതരണം നടക്കുന്നുണ്ട്.
തെരുവോരങ്ങളില്‍ അന്തിയുറങ്ങുന്ന അശരണര്‍ക്കു ഭക്ഷണം നല്‍കുന്ന പദ്ധതിക്കു കേരള പൊലിസും തുടക്കം കുറിച്ചു. ഏപ്രില്‍ 14 വരെ ദിവസം മൂന്നു നേരം തിരുവനന്തപുരം നഗരത്തിലെ അശരണര്‍ക്കു ഭക്ഷണം നല്‍കാനാണ് 'ഒരു വയര്‍ ഊട്ടാം, ഒരു വിശപ്പടക്കാം' എന്ന പദ്ധതിയിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്.
സ്റ്റുഡന്റ് പൊലിസ് കേഡറ്റ്, ഔര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍, നന്മ ഫൗണ്ടേഷന്‍, മിഷന്‍ ബെറ്റര്‍ ടുമോറോ, ട്രൂ ടി.വി, ലൂര്‍ദ് മാതാ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍ എന്നിവയുടെ സഹകരണവും പദ്ധതിക്കുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."