'ദുരന്ത' കേരളം
നെയ്‌വേലി: ഗോള്‍ അടിക്കാന്‍ അറിയാത്ത കേരളം സന്തോഷ് ട്രോഫിയില്‍നിന്ന് പുറത്ത്. ഏകപക്ഷീയമായ ഒരു ഗോളിന് കേരളത്തെ തകര്‍ത്ത് സര്‍വിസസ് 73 ാമത് സന്തോഷ് ട്രോഫി ടൂര്‍ണമെന്റിന്റെ ഫൈനല്‍ റൗണ്ടിലേക്ക് ദക്ഷിണമേഖല ബി ഗ്രൂപ്പില്‍നിന്ന് യോഗ്യത നേടി.
63 ാം മിനുട്ടില്‍ ബികാഷ് ഥാപ്പയാണ് കേരളത്തിന് പുറത്തേക്ക് വഴികാട്ടിയ വിജയ ഗോള്‍ നേടിയത്. ബി ഗ്രൂപ്പില്‍നിന്ന് ആറ് പോയിന്റുമായാണ് പട്ടാളക്കാര്‍ ഫൈനല്‍ റൗണ്ടിലേക്ക് കയറിയത്. തെലങ്കാനയെ ഗോള്‍ രഹിത സമനിലയില്‍ തളച്ച പുതുച്ചേരി കേരളത്തിന് അവസാന നിമിഷം വരെ ഫൈനല്‍ റൗണ്ട് പ്രതീക്ഷ നല്‍കിയിരുന്നു. മൈതാനത്ത് കളി മറന്ന ചാംപ്യന്മാര്‍ അനിവാര്യമായ ദുരന്തം ഇരന്നു വാങ്ങി. മൂന്ന് കളികളില്‍ ഒരു ഗോള്‍ പോലും അടിക്കാതെയാണ് കേരളം നെയ്‌വേലി ഭാരതി മൈതാനത്ത്‌നിന്ന് മടങ്ങിയത്.
വിജയതൃഷ്ണയില്ലാത്ത താരങ്ങള്‍
അവസാന മത്സരത്തില്‍ രാവിലെ പുതുച്ചേരി തെലങ്കാനയെ സമനിലയില്‍ തളച്ചതോടെ കേരളത്തിന്റെ ഫൈനല്‍ റൗണ്ട് പ്രതീക്ഷ ഉയര്‍ന്നിരുന്നു. രണ്ട് ഗോളിന്റെ വിജയം നേടിയാല്‍ കേരളം അഞ്ചു പോയിന്റുമായി ഫൈനല്‍ റൗണ്ടിലേക്ക് കടക്കുമായിരുന്നു.
സര്‍വിസസിന് എതിരേ ആദ്യമിനുട്ടുകളില്‍ തന്നെ മികച്ച മുന്നേറ്റമാണ് കേരളം നടത്തിയത്. മികച്ചൊരു മുന്നേറ്റത്തിന് ഒടുവില്‍ ജിപ്‌സണ്‍ ജസ്റ്റസ് തൊടുത്ത ഷോട്ട് സര്‍വിസസ് ഗോളി വി.കെ വിഷ്ണു കോര്‍ണര്‍ വഴങ്ങിയാണ് കുത്തിയകറ്റിയത്. കോര്‍ണറിലും അപകടകരമായ മുന്നേറ്റം കേരളം സൃഷ്ടിച്ചു. സര്‍വിസസ് പ്രതിരോധത്തിലേക്ക് പിന്‍വലിഞ്ഞതോടെ കേരളം ആക്രമണം ശക്തമാക്കി. വീണ്ടും മികച്ചൊരു അവസരം തുറന്നു കിടന്ന പോസ്റ്റില്‍ ഗോളി മാത്രം മുന്നില്‍ നില്‍ക്കേ ജിപ്‌സണ്‍ പുറത്തേക്ക് അടിച്ചു കളഞ്ഞു. വിജയം തേടി മുന്നേറ്റം സൃഷ്ടിച്ച കേരളം പതിയെ പഴയ അവസ്ഥയിലേക്ക് വീണു. വിജയ തൃഷ്ണയില്ലാത്ത താരങ്ങള്‍ അവസരങ്ങളെ മുതലാക്കാന്‍ ശ്രമിക്കാതെ കളിക്കളത്തില്‍ ഉഴറി നടന്നു. മധ്യനിരയും പ്രതിരോധവുമെല്ലാം പാളിയപ്പോള്‍ മുന്നേറ്റനിര ലക്ഷ്യബോധമില്ലാത്തവരെ പോലെയായി.
പട്ടാളത്തിന്റെ ആക്രമണം,
ചിന്നിച്ചിതറിയ കേരളം
ആദ്യ പകുതിയില്‍ കേരളത്തെ ഗോളടിപ്പിക്കാതെ നിര്‍ത്തിയ സൈനികര്‍ രണ്ടാം പകുതിയുടെ തുടക്കം മുതലേ ആക്രമണം അഴിച്ചു വിട്ടു. പട്ടാളത്തിന്റെ ആക്രമണത്തിന് പ്രത്യാക്രമണം നടത്തിയ കേരളം തുറന്ന പോസ്റ്റിന് മുന്നില്‍നിന്ന് പന്ത് ബാറിന് മുകളിലൂടെ പുറത്തേക്ക് പറത്തി. 63 ാം മിനുട്ടില്‍ കേരളത്തിന്റെ അലസതക്ക് വലിയ പിഴ നല്‍കേണ്ടി വന്നു. കൗണ്ടര്‍ അറ്റാക്കിങില്‍ പന്തുമായി മുന്നേറിയ ബികാഷ് ഥാപ്പ പ്രതിരോധത്തെ ചിതറിച്ചു ഗോളി വി. മിഥുനെ നിഷ്പ്രഭനാക്കി കേരളത്തിന്റെ വലയിലേക്ക് അനായാസം നിറയൊഴിച്ചു. സ്‌കോര്‍: കേരളം 0, സര്‍വിസസ് 1.
ഒരു ഗോളിന് പിന്നിലായതിന് പിന്നാലെ സര്‍വിസസ് താരത്തെ ബോക്‌സിനുള്ളില്‍ ഫൗള്‍ ചെയ്ത അലക്‌സ് സജി ചുവപ്പ് കാര്‍ഡ് ചോദിച്ചു വാങ്ങി. ഇതോടെ പത്തു പേരുമായി കളിച്ച കേരളം കൂടുതല്‍ ഗോള്‍ വഴങ്ങാതെ അനിവാര്യമായ പതനം ഇരന്നു വാങ്ങി. തെലങ്കാനയോട് 2-1 ന്റെ തോല്‍വിയും പുതുച്ചേരിയോട് 3-0 ന്റെ വിജയവും നേടിയ സര്‍വിസസ് കേരളം സമ്മാനിച്ച വിലപ്പെട്ട മൂന്ന് പോയിന്റുമായി ആറു പോയിന്റ് നേട്ടവുമായാണ് ഫൈനല്‍ റൗണ്ട് യോഗ്യത ഉറപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."