വ്യാജമദ്യ ദുരന്തം; 28 മരണം
ലഖ്‌നൗ/ഡെറാഡൂണ്‍: ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും വിഷമദ്യ ദുരന്തം. രണ്ടിടത്തുമായി 28 പേര്‍ മരിച്ചു. നിരവധി പേരുടെ നില ഗുരുതരമാണ്. സംഭവവുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡില്‍ 13 എക്‌സൈസ് ഓഫിസര്‍മാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
ഉത്തരാഖണ്ഡിന്റെയും ഉത്തര്‍പ്രദേശിന്റെയും അതിര്‍ത്തി ജില്ലകളായ സഹാറന്‍പൂര്‍, ഹരിദ്വാര്‍ എന്നിവിടങ്ങളിലെ അയല്‍ഗ്രാമങ്ങളിലാണ് ആദ്യ സംഭവം നടന്നത്. സഹാറന്‍പൂരില്‍ 16ഉം ഹരിദ്വാറില്‍ 12ഉം പേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ സഹാറന്‍പൂര്‍ ജില്ലയിലാണ് ആദ്യം ദുരന്തം റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ രാവിലെ അഞ്ചുപേര്‍ മരിക്കുകയും പത്തുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതിനു പിറകെ ശര്‍ബത്പൂര്‍ ഗ്രാമത്തിലും സമീപ പ്രദേശങ്ങളിലും സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍ ജില്ലയില്‍ ജബ്രദ പൊലിസ് സ്റ്റേഷന്‍ പരിധിയിലെ ബാലുപൂര്‍ ഗ്രാമത്തിലാണു വിഷമദ്യ ദുരന്തമുണ്ടായത്. ഉത്തരാഖണ്ഡ് ക്രമസമാധാന ചുമതലയുള്ള ഡയരക്ടര്‍ ജനറല്‍ നല്‍കുന്ന വിവരം ഇങ്ങനെ:
ഹരിദ്വാറിലും സഹാറന്‍പൂരിലുമുള്ള നാലോളം അയല്‍ഗ്രാമങ്ങളിലെ ജനങ്ങള്‍ വ്യാഴാഴ്ച രാത്രി ഹരിദ്വാറില്‍ ഒരു മരണാനന്തര ചടങ്ങിന്റെ ഭാഗമായുള്ള പ്രത്യേക പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയതായിരുന്നു.
ചടങ്ങിനു ശേഷം കൂട്ടമായിരുന്നു മദ്യം കഴിക്കുകയും ചെയ്തു. തിരിച്ച് വീട്ടിലേക്കു മടങ്ങിയ ശേഷമാണ് എല്ലാവരും തളര്‍ന്നുവീഴുകയും ഉടന്‍ ആശുപത്രിയിലെത്തിക്കുകയും ചെയ്തത്. വിഷമദ്യമാണു ദുരന്തത്തിനിടയാക്കിയതെന്നാണ് പൊലിസ് കരുതുന്നത്. എന്നാല്‍, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷമേ യഥാര്‍ഥ ദുരന്തകാരണം വ്യക്തമാകൂവെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ചികിത്സയിലുള്ളവര്‍ക്ക് 50,000 രൂപയും നല്‍കുമെന്ന് യോഗി അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ ജില്ലാ എക്‌സൈസ് ഓഫിസര്‍മാര്‍ക്കെതിരേ വകുപ്പുതല നടപടിക്ക് മുഖ്യമന്ത്രി ഉത്തരവിട്ടു. ദിവസങ്ങള്‍ക്കുമുന്‍പ് യു.പിയിലെ തന്നെ കുഷിനഗറില്‍ വിഷമദ്യ ദുരന്തത്തില്‍ 10 പേര്‍ മരിച്ചിരുന്നു.
സംഭവമറിഞ്ഞ് ഡി.ഐ.ജി ഗര്‍വാള്‍ അജയ് റൗത്തല, ജില്ലാ മജിസ്‌ട്രേറ്റ് ദീപക് റാവത്ത്, സീനിയര്‍ പൊലിസ് സൂപ്രണ്ട് ജന്‍മേജയ ഖന്തൂരി എന്നിവര്‍ സ്ഥലത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."