ജുമുഅയും നാല്പതാളുകളും
എം.ടി അബൂബക്കര്‍ ദാരിമി
ഇസ്‌ലാമിന്റെ അടിസ്ഥാനതത്വങ്ങളായ വിശ്വാസാദര്‍ശങ്ങളും, ശാഖാപരങ്ങളായ അനുഷ്ഠാനാചാരങ്ങളും തമ്മില്‍ പല വേര്‍തിരിവുമുണ്ട്. വിശ്വാസങ്ങള്‍ മനസ്സില്‍ ഉറപ്പിക്കേണ്ടതും അനുഷ്ടാനങ്ങള്‍ ശാരീരിക പ്രവര്‍ത്തനങ്ങളുമാണ്. വിശ്വാസങ്ങള്‍ ഇസ്‌ലാമിന്റെ മൗലികാദര്‍ശങ്ങളാണ്. അവ സര്‍വ്വപ്രാധാന്യമുള്ളതും ഇളവുകള്‍ക്ക് വിധേയമല്ലാത്തതുമാണ്. പ്രവാചകന്മാരുടെ ശരീഅത്തുകള്‍ക്കിടയിലോ ഇമാമുമാരുടെ മദ്ഹബുകള്‍ക്കിടയിലോ അഖീദകളില്‍ വൈവിദ്ധ്യം ഇല്ല. സ്ഥലകാല, സ്ത്രീ പുരുഷ, പ്രായ, രോഗാരോഗ്യ, ഇതര സ്ഥിതിവ്യത്യാസങ്ങള്‍ അവയ്ക്ക് ബാധകമല്ല. എന്നല്ല, ഇഹലോകത്തും പരലോകത്തും, സ്വര്‍ഗ്ഗ നരകത്തില്‍ പോലും ആദര്‍ശം മാറാന്‍പോകുന്നില്ല. പുറമെ ആദര്‍ശം മാറ്റിപ്പറയേണ്ടി വരുന്ന ഭീഷണമായ സാഹചര്യം സംഭവിച്ചാല്‍ പോലും ഹൃദയം തികച്ചും അഖീദയില്‍ അടിയുറച്ചിരിക്കണം.
അനുഷ്ടാനങ്ങളില്‍ ഇസ്‌ലാമിന്റെ നെടുംതൂണുകളായിട്ടുള്ള അഞ്ചു കാര്യങ്ങള്‍ തന്നെ നോക്കൂ. ഒന്നാം കാര്യമായ ശഹാദത്തുകലിമ രണ്ടുമുച്ചരിക്കല്‍ ഇസ്‌ലാമാശ്ലേഷണ സമയത്തു മാത്രം നിര്‍ബന്ധമുള്ളതാണ്. അഞ്ചുനേര നിസ്‌കാരം പോലും ഒരു തവണ നിര്‍വഹിച്ചാല്‍ ചില പ്രത്യേക കാരണങ്ങള്‍ കൂടാതെ ആവര്‍ത്തിക്കാന്‍ പാടില്ലാത്തതാണ്. സകാത്തുബാധ്യതര്‍ക്ക് സകാത്ത് കൊടുത്തുവീട്ടല്‍ ഫര്‍ള് ഐനാണെങ്കില്‍, അവകാശികള്‍ക്ക് അത് വാങ്ങല്‍ ഫര്‍ള് കിഫായയാണുള്ളത്. യാത്രക്കാര്‍, രോഗികള്‍ പോലുള്ളവര്‍ക്ക് റമസാനിലെ നോമ്പ് തത്സമയം നിര്‍ബന്ധമില്ല. പിന്നീട് നോറ്റാലും മതി. ചിലര്‍ മുദ്ദ് നല്‍കിയാലും മതി. ഹജ്ജ് കര്‍മ്മം സാധിക്കുന്നവര്‍ക്ക് മാത്രമാണല്ലോ നിര്‍ബന്ധമാകുന്നത്. അതുതന്നെയും ജീവിതത്തില്‍ ഒരു തവണ മാത്രം. 'ഇസ്‌ലാം കാര്യങ്ങള്‍' എന്ന പേരിലറിയപ്പെടുന്ന ഇത്തരം വിഷയങ്ങള്‍ സ്ഥലകാലങ്ങള്‍ക്കനുസരിച്ചും, വൈയക്തികവും സാമൂഹികവുമായ വേറെ കാരണങ്ങള്‍ മൂലവും വ്യത്യാസപ്പെടാറുണ്ട്. 'നിങ്ങളില്‍ ഓരോ വിഭാഗത്തിനും ഓരോ നടപടിക്രമവും മാര്‍ഗവും നാം നിശ്ചയിച്ചുതന്നിട്ടുണ്ട്' എന്ന ആശയം കുറിക്കുന്ന ഖുര്‍ആനിക സൂക്തം (5 48) വിശദീകരിച്ചുകൊണ്ട് ഖുര്‍ആന്‍വ്യാഖ്യാതാക്കളും മറ്റും ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നു. കര്‍മ്മസംബന്ധിയായ ഈ സാന്ദര്‍ഭികത സാര്‍വ്വത്രികമായതും അത്യപൂര്‍വ്വമായതുമുണ്ട്. അതേസമയം ദീനിന്റെ അടിസ്ഥാനങ്ങളായ വിശ്വാസങ്ങള്‍ ഇത്തരത്തില്‍ സാന്ദര്‍ഭികങ്ങളല്ല. അവയ്ക്ക് മാറ്റമോ മാറ്റിവയ്ക്കലോ ഇല്ല. എന്നാല്‍ ഇതൊന്നും മനസ്സിലാക്കാതെ, സാന്ദര്‍ഭികമായി ചില അനുഷ്ടാനങ്ങളെ മാറ്റിവയ്ക്കുന്നതോ മാറ്റിച്ചെയ്യുന്നതോ കണ്ട് ചില യുക്തിവാദികളും നിര്‍മ്മതക്കാരും ഇസ്ലാമിനെ പരിഹസിച്ചവതരിപ്പിച്ചത് എത്രമാത്രം അപഹാസ്യമാണ്‍
അഞ്ചുനേരത്തെ നിര്‍ബന്ധ നിസ്‌കാരങ്ങളില്‍ ഉച്ച സമയത്തുള്ളതാണ് ളുഹ്ര്‍ നിസ്‌കാരമെങ്കിലും, വെള്ളിയാഴ്ചയില്‍ ജുമുഅ നിസ്‌കാരമാണ് വാജിബ്. ശാരീരിക ആരാധനകളില്‍ ഏറ്റവും ശ്രേഷ്ഠമാണത്. ഓരോ നാട്ടിലെയും ജനങ്ങളുടെ ഒത്തൊരുമയും ഇണക്കവും അത് അടയാളപ്പെടുത്തുകയും ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ തന്നെ 'ഒരു നാട്ടില്‍ ഒരു സ്ഥലത്ത് ഒരു ജുമുഅ' എന്നാണ് അടിസ്ഥാനം. ചില പ്രത്യേക കാരണങ്ങളുണ്ടെങ്കില്‍ മാത്രമേ പലയിടത്തു മാത്രമായി ഒന്നിലധികം ജുമുഅ പറ്റുകയുള്ളൂ.
ജുമുഅ നിര്‍ബന്ധമില്ലാത്തവര്‍ക്കും ജുമുഅ തരപ്പെടാന്‍ സാധ്യതയില്ലാത്തവിധം നഷ്ടപ്പെട്ടവര്‍ക്കും മാത്രമേ ളുഹ്ര്‍ നിസ്‌കരിക്കാവൂ. യാത്രക്കാര്‍, അടിമകള്‍, സ്ത്രീകള്‍, കുട്ടികള്‍, രോഗം പോലുള്ള പ്രതിബന്ധമുള്ളവര്‍ എന്നിവര്‍ക്ക് ജുമുഅ നിര്‍ബന്ധമില്ല. അവര്‍ക്ക് ജുമുഅയുടെ സ്ഥാനത്തു ളുഹ്ര്‍ നിസ്‌കരിക്കാം. അവരല്ലാത്ത ഓരോ മുകല്ലഫായ മുസ്‌ലിമിനും ജുമുഅ ഫര്‍ളുഐനാണ് അഥവാ വ്യക്തിഗത ബാധ്യത.
പക്ഷേ ജുമുഅയ്ക്ക് ഇതര നിസ്‌കാരങ്ങളെ അപേക്ഷിച്ച് അതു നിര്‍ബന്ധമാകാനും സാധുവാകാനും വകവയ്ക്കപ്പെടാനും ചില പ്രത്യേക നിയമങ്ങളുണ്ട്. നാട്ടിലെ താമസക്കാരായ പുരുഷന്‍മാര്‍ക്കെല്ലാം ജുമുഅ നിര്‍ബന്ധമാണ്. എങ്കിലും സ്ഥിരതാമസക്കാരായ നാല്‍പതു പേരുണ്ടെങ്കിലേ ശാഫിഈ മദ്ഹബിലെ പ്രബലമായ അഭിപ്രായ പ്രകാരം ജുമുഅ നിര്‍ബന്ധമാകുകയും സാധുവാകുകയുമുള്ളൂ. നിബന്ധനകളൊത്തവരുണ്ട്, പക്ഷേ നാല്‍പ്പതു പേര്‍ തികച്ചില്ലാത്ത നാട്ടുകാര്‍ ജുമുഅ നടക്കുന്ന അടുത്ത നാട്ടില്‍ നിന്നുള്ള ബാങ്കുവിളി,
കര്‍മ്മശാസ്ത്ര നിയമപ്രകാരം കേള്‍ക്കുന്നവരാണെങ്കില്‍ പ്രസ്തുത ജുമുഅയില്‍ സംബന്ധിക്കല്‍ നിര്‍ബന്ധമാണ്.
മറ്റു മദ്ഹബുകളില്‍ നിബന്ധനകളിലും ആളെണ്ണത്തിലും പല വീക്ഷണങ്ങളുമുണ്ട്. അവയെല്ലാം തെളിവുകളുടെ വെളിച്ചത്തിലുള്ളതാണ്. അംഗീകൃതമായ ഏതു മദ്ഹബ് അനുസരിച്ചു അമലുചെയ്താലും, ഒരു മദ്ഹബിലെ തന്നെ മറ്റൊരു അംഗീകൃത അഭിപ്രായം അവലംബിച്ചാലും അതതു മദ്ഹബിലെ തത്സംബന്ധമായ നിബന്ധനകളെല്ലാം പാലിക്കേണ്ടതാണ്. ഒരു മദ്ഹബ് കൊണ്ട് പ്രവര്‍ത്തിക്കല്‍ ദുഷ്‌കരമാകുമ്പോള്‍ ഉടനെ മറ്റു മദ്ഹബനുസരിച്ച് ആ പ്രവൃത്തി ചെയ്യാനുദ്ദേശിക്കുന്നവര്‍ ഇക്കാര്യം പ്രത്യേകം ഗൗനിക്കേണ്ടതാണ്. പ്രസ്തുത മദ്ഹബനുസരിച്ചാണ് അനുഷ്ഠിക്കുന്നതെന്ന കരുതല്‍ ഉണ്ടാവേണ്ടതാണ്.
കോവിഡ് 19 എന്ന മഹാമാരി ലോകത്ത് പല രാജ്യങ്ങളിലും അതിഭയാനകമായി ബാധിച്ചിരിക്കുകയാണല്ലോ. നമ്മുടെ രാജ്യത്തും സംസ്ഥാനത്തും ഓരോ ജില്ലയിലും ജില്ലകളിലെ ഓരോ മേഖലയിലും ഈ രോഗബാധയുടെ സാഹചര്യം മാറിമറിഞ്ഞുവരികയാണ്. കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍ സാഹചര്യാനുസരണം കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കൊണ്ടിരിക്കുന്നു. കൂടുതല്‍ ആളുകള്‍ കൂട്ടംകൂടുന്നതും സമ്പര്‍ക്കം പുലര്‍ത്തുന്നതും നിരോധിച്ചിരിക്കുകയാണ്. ബഹു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പണ്ഡിതന്മാര്‍ എടുത്തുചാട്ടമില്ലാതെ തികച്ചും സന്ദര്‍ഭോജിതമായ നിര്‍ദ്ദേശങ്ങളാണ് ജുമുഅയുടെയും പൊതുജമാഅത്തുകളുടെയും വിഷയത്തില്‍ അതതു സമയത്ത് സമൂഹത്തിന് നല്‍കിപ്പോന്നത്. പുതിയ സാഹചര്യത്തില്‍ ചുരുങ്ങിയത് നാല്‍പ്പതാളുകള്‍ ചേര്‍ന്നുള്ള ജുമുഅയ്ക്ക് പ്രയാസമുള്ളതിനാല്‍ ശാഫിഈ മദ്ഹബനുസരിച്ച് നിബന്ധനയൊത്ത ജുമുഅയ്ക്ക് നിവൃത്തിയില്ലാതായിരിക്കുന്നു. നാട്ടുകാര്‍ക്ക് മൊത്തം ജുമുഅ ഒഴിവാകുന്ന ഈ ഘട്ടത്തില്‍, പകരം നിര്‍ബന്ധമായും ളുഹ്ര്‍ നിസ്‌കരിക്കേണ്ടതാണെന്നും, സുന്നത്തായ ഇബാദത്തുകളും പ്രാര്‍ത്ഥനകളും വര്‍ദ്ധിപ്പിക്കണമെന്നുമുള്ള സമസ്ത ഉലമാക്കളുടെ ആഹ്വാനം അനുസരിക്കേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."