HOME
DETAILS
MAL
സഊദിയിൽ സ്വകാര്യ മേഖലയിൽ നിബന്ധനകൾ കൂടാതെ തൊഴിലാളികളെ കൈമാറാൻ അനുവാദം
backup
March 27 2020 | 07:03 AM
റിയാദ്: സഊദിയിൽ സ്വകാര്യ മേഖലയിൽ നിബന്ധനകൾ കൂടാതെ തൊഴിലാളികളെ കൈമാറാൻ അനുവാദം നൽകി. കോവിഡ് 19 പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് ഇതിനു ഉത്തരവിട്ടത്. ഇതോടെ വിവിധ സ്വകാര്യമേഖല കമ്പനികൾക്കും സ്ഥാപനങ്ങൾക്കുമിടയിൽ യാതൊരു നിബന്ധനകളും കൂടാതെ വിദേശ തൊഴിലാളികളെ കൈമാറാനാകും.
കൊറോണ വൈറസ് പ്രതിസന്ധി പരിഹരിക്കുന്നതിനായി ആരംഭിച്ച പുതിയ ക്രമീകരണം മന്ത്രാലയത്തിന്റെ 'അജീർ' പോർട്ടലിലൂടെയാണ് നടപ്പിലാക്കുക. തൊഴിലുടമകളും ജീവനക്കാരും തമ്മിലുള്ള കരാർ പോർട്ടൽ കൈകാര്യം ചെയ്യുന്നുണ്ട്. പുതിയ സംവിധാനത്തിൽ സ്വകാര്യ സംരംഭങ്ങൾക്ക് അവരുടെ വാണിജ്യ പ്രവർത്തനങ്ങളുടെ തരം നിശ്ചയിക്കാതെ തന്നെ വിദേശ തൊഴിലാളികളെ കൈമാറാൻ കഴിയുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
നിലവിലെ കൊവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തിൽ മന്ത്രാലയം പ്രഖ്യാപിച്ച ആനുകൂല്യത്തിലാണ് പുതിയ സംവിധാനം. കൂടുതൽ വിദേശ തൊഴിലാളികളെ ആവശ്യമായ മേഖലകൾക്ക് ലഭ്യമാക്കുക എന്നതാണ് ഈ തീരുമാനത്തിന് പിന്നിൽ. സംരംഭങ്ങളുടെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും തൊഴിൽ വിപണിയിൽ ലഭ്യമായ മാൻപവർ പ്രയോജനപ്പെടുത്താനും ലക്ഷ്യമിട്ടാണ് നടപടി. കൂടുതൽ തൊഴിലാളികളെ ആവശ്യമുള്ള മേഖലകളെ പിന്തുണയ്ക്കുകയും ലക്ഷ്യമിടുന്നുണ്ട്.
സ്വകാര്യ സ്ഥാപനങ്ങൾ https://ajeer.qiwa.sa എന്ന ഇലക്ട്രോണിക് സംവിധാനം വഴിയാണ് കൈമാറ്റം ചെയ്യേണ്ടത്. ഇതിനായി മന്ത്രാലയ ശാഖകളുമായി ബന്ധപ്പെടേണ്ട ആവശ്യമില്ല. സ്പോൺസർഷിപ്പ് മാറ്റത്തിനായി വ്യവസ്ഥകളിൽ നിരവധി ഇളവുകൾ നൽകിയിട്ടുണ്ട്. ഒരേ വാണിജ്യ മേഖലയിൽ മാത്രം തൊഴിലാളികളെ കൈമാറാൻ അനുവദിച്ചിരുന്ന വ്യവസ്ഥയ്ക്കുള്ള ഇളവ് ഇതിൽ പ്രധാനമാണ്. കൂടാതെ കൈമാറ്റത്തിനുള്ള ഉയർന്ന പരിധി സ്ഥാപനത്തിലെ ജീവനക്കാരുടെ എണ്ണത്തിന്റെ 20 ശതമാനമാണെന്നതും ഒഴിവാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."