ശ്രീരാമകൃഷ്ണനെന്ന പേരില്‍ പലതുമിരിക്കുന്നു..!
പഴയ ഒരു 'ബോബനും മോളിയും' കഥ ഇങ്ങനെ- നേതാവ് ക്ഷീരവികസനത്തെപ്പറ്റി പ്രസംഗിക്കുകയാണ്. ക്ഷീരത്തിനു പകരം ചീരയാണു കക്ഷിയുടെ മനസില്‍. ചീരയുടെ ഗുണഗണങ്ങള്‍ പറഞ്ഞുകൊണ്ട് ആള്‍ കത്തിക്കയറുന്നതിനിടയില്‍ അബദ്ധം മനസിലാക്കിയ ആരോ മൂപ്പരുടെ ചെവിയില്‍ മന്ത്രിച്ചു; 'ചീരയല്ല, ക്ഷീരം, ഡയറി ഡയലപ്‌മെന്റ്, അതാണ് വിഷയം.'
ഒട്ടും കൂസാതെ നേതാവ് വിഷയം മാറ്റി- ''അതുതന്നെ, നമുക്ക് ഏറ്റവും ഉപകാരപ്രദമായ വസ്തുവാണു ഡയറി. ഡയറിയില്‍ നമുക്ക് എല്ലാകാര്യങ്ങളും കുറിച്ചിടാം. ഡയറി നോക്കി ഓരോദിവസവും എങ്ങനെ ചെലവഴിക്കാമെന്നു പ്ലാന്‍ ചെയ്യാം.'' നേതാവിനെ തിരുത്താന്‍ തുനിഞ്ഞ ആള്‍ക്ക് അന്നേരം എന്തുസംഭവിച്ചുവെന്നു കാര്‍ട്ടൂണിലില്ല.
ഈ കഥ ഓര്‍ക്കാന്‍ നിമിത്തമായതു കേരളത്തിന്റെ കായികമന്ത്രി ഇ.പി ജയരാജനാണ്. ബോക്‌സിങ് ഇതിഹാസം മുഹമ്മദലി (പഴയ കാഷ്യസ് ക്ലേ) നിര്യാതനായപ്പോള്‍ പ്രതികരണമാരാഞ്ഞ ചാനല്‍പ്രവര്‍ത്തകയോടു മന്ത്രി ലോകകായികഭൂപടത്തില്‍ ഇന്ത്യക്കു സ്ഥാനം കണ്ടെത്തിക്കൊടുക്കുകയും ഇന്ത്യക്കുവേണ്ടി മെഡല്‍ നേടുകയുംചെയ്ത മലയാളിതാരം മുഹമ്മദലിയെപ്പറ്റി വിശദമായിത്തന്നെ പറഞ്ഞുകൊടുത്തു.
അമേരിക്കയില്‍ നിര്യാതനായ സ്വന്തംനാട്ടുകാരനെപ്പറ്റിയുള്ള അഭിമാനം തുടിച്ചുനില്‍ക്കുന്നതായിരുന്നു ഓരോ വാക്കും. അപ്പോള്‍ അന്തിച്ചുപോയതു ചാനല്‍ അവതാരകയാണ്. കാര്‍ട്ടൂണിസ്റ്റ് വരച്ചുണ്ടാക്കിയ വികലകഥാപാത്രത്തേക്കാള്‍ കോമാളിയോ നമ്മുടെ മന്ത്രി.
പിന്നീടുണ്ടായത് സ്വാഭാവികമായും മന്ത്രിയെ നിര്‍ത്തിപ്പൊരിക്കുകയെന്ന സോഷ്യല്‍ മീഡിയാദൗത്യമാണ്. ജയരാജന്‍മന്ത്രിയുടെ വങ്കത്തങ്ങള്‍ ഒരുപാടു നുറുങ്ങുകഥകളിലൂടെ ആവിഷ്‌ക്കരിക്കപ്പെട്ടു. എളമരം കരീം അയച്ച റമദാന്‍ ആശംസാസന്ദേശത്തിലെ റമദാന്‍... കരീം എന്നതു കണ്ട് 'റമദാന്‍ ജയരാജന്‍' എന്ന് മന്ത്രി തിരിച്ചൊരു സന്ദേശമയച്ച കഥയാണ് അതിലൊന്ന്. ജയരാജന്‍ മുഹമ്മദലിയെപ്പറ്റി പറഞ്ഞതുപോലെ എന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സൃഷ്ടിച്ച ഉപമാലങ്കാരം മറ്റൊന്ന്. ട്രോളര്‍മാര്‍ക്ക് ഇതിലും വലിയയൊരു ഇരയെ കിട്ടാനില്ലായിരുന്നു.
പരിഹാസശരങ്ങളില്‍നിന്ന് ഒരുവിധം രക്ഷപ്പെട്ടുകിട്ടാന്‍ മന്ത്രി നടത്തിയ അതിദയനീയമായ പരിശ്രമങ്ങള്‍ അദ്ദേഹത്തെ കൂടുതല്‍ അപകടത്തിലാക്കുകയാണു ചെയ്തത്. കൂടുതല്‍ വിശദീകരിക്കുന്തോറും അദ്ദേഹം കൂടുതല്‍ പരിഹാസ്യനായി. തിരുവനന്തപുരം മൃഗശാലയിലേയ്ക്കു ജിറാഫുകളെ ഇറക്കുമതിചെയ്യുന്നതു സംബന്ധിച്ചു പ്രജാസഭ ചര്‍ച്ചചെയ്യുമ്പോള്‍ പൊടുന്നനെ ഉറക്കം ഞെട്ടിയുണര്‍ന്നു വിളിച്ചുപറഞ്ഞ പഞ്ഞിക്കാരന്‍ കുഞ്ഞിത്തൊമ്മന് ഒരു പിന്‍ഗാമിയെ കിട്ടുകയായിരുന്നു. ഈ പ്രതിഛായയില്‍നിന്നു മുക്തനാവാന്‍ ഇനിയുള്ള കാലത്ത് ഇ.പി ജയരാജന് ഒരുപാടു കഷ്ടപ്പെടേണ്ടിവരും.
വിവരമില്ലായ്മയെന്ന, മാപ്പാക്കാവുന്ന പിഴവുമാത്രമേ ജയരാജന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളൂ. ഒരാള്‍ക്കു ലോകകാര്യങ്ങളെപ്പറ്റി വിവരമില്ലെന്നത് അത്രവലിയ കുറ്റമൊന്നുമല്ലല്ലോ. ജയരാജനാണെങ്കില്‍ ഇനി പി.എസ്.സി പരീക്ഷയെഴുതാനൊന്നും പോകുന്നുമില്ല. എന്നിട്ടും ആ മനുഷ്യനെ നിരന്തരം വേട്ടയാടി. ഇനിയും എന്തൊക്കെ സഖാവു സഹിക്കേണ്ടി വരില്ലെന്ന് ആരു കണ്ടു.
അതേസമയം, കേരളത്തിലെ അറിയപ്പെട്ട ഒരു രാഷ്ട്രീയനേതാവ് ഇതേകാലത്തു നടത്തിയ ഒരു പ്രസ്താവനയെ നാം എങ്ങനെയാണു സമീപിച്ചതെന്നുകൂടി ആലോചിക്കേണ്ടതുണ്ട്. നിയമസഭാസ്പീക്കര്‍ സ്ഥാനത്തേയ്ക്കു നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ഒരേയൊരു എം.എല്‍.എ ഒ രാജഗോപാലന്‍ സി.പി.എം സ്ഥാനാര്‍ഥി ശ്രീരാമകൃഷ്ണനു വോട്ടുചെയ്തു. മത്സരവും വോട്ടെടുപ്പും തികച്ചും ഔപചാരികം മാത്രമായിരുന്നതിനാലും ശ്രീരാമകൃഷ്ണന്റെ വിജയം ഉറപ്പായിരുന്നതിനാലും ഒ രാജഗോപാല്‍ ആര്‍ക്കു വോട്ടുചെയ്യുന്നുവെന്നതു പ്രശ്‌നമേ ആയിരുന്നില്ല.
എങ്കിലും, താന്‍ സി.പി.എമ്മിനു വോട്ടുചെയ്തതിന് ഒരു കാരണമുണ്ടെന്നും ആ കാരണം സി.പി.എം സ്ഥാനാര്‍ഥിയുടെ പേരു ശ്രീരാമകൃഷ്ണനെന്നായതാണെന്നും തെരഞ്ഞെടുപ്പു കഴിഞ്ഞശേഷം അദ്ദേഹം വെളിപ്പെടുത്തി. ഇ.പി ജയരാജന്റെ നാക്കുപിഴ ആവേശപൂര്‍വം ആഘോഷിച്ച നാം രാജേട്ടന്റെ വെളിപ്പെടുത്തല്‍ തികച്ചും നിഷ്‌കളങ്കമാണെന്നമട്ടില്‍ ചിരിച്ചുതള്ളുകയാണു ചെയ്തത്. ഈ പ്രസ്താവനയ്ക്കുപിന്നില്‍ ഒളിഞ്ഞുകിടക്കുന്ന അര്‍ഥതലങ്ങള്‍ ശരിയായരീതിയില്‍ ആരും ഉള്‍ക്കൊണ്ടിട്ടില്ല.
നിയമസഭയില്‍ സമാജികര്‍ പ്രത്യേകനിലപാടു കൈകൊള്ളുന്നതും വോട്ടുചെയ്യുന്നതും കൃത്യമായ ദിശാബോധത്തിന്റെ അടിസ്ഥാനത്തിലാണ്. ചുമ്മാ ഒരു രസത്തിനുവേണ്ടി ലാഘവപൂര്‍വം ചെയ്യുന്നതല്ല അത്. രാജഗോപാല്‍ ശ്രീരാമകൃഷ്ണനു വോട്ടുചെയ്യുന്നതിനുപിന്നില്‍ അങ്ങനെയൊരു ദിശാബോധമില്ലെന്ന് അദ്ദേഹത്തിന്റെ പ്രസ്താവന തെളിയിക്കുന്നു. പാര്‍ട്ടിയുടെ നിലപാടുമായി ബന്ധമുള്ള നടപടിയായിരുന്നില്ല അത്. അതുകൊണ്ടാണു ബി.ജെ.പി നേതാക്കള്‍ക്ക് അതില്‍ ഇഷ്ടക്കേടുണ്ടായത്.
രാഷ്ട്രീയവിലയിരുത്തലൊന്നും നടത്താതെ രാജഗോപാല്‍ ഇടതുപക്ഷസ്ഥാനാര്‍ഥിക്കു വോട്ടുചെയ്തുവെന്നുവേണം കരുതാന്‍. അതായത്, ബി.ജെ.പി എം.എല്‍.എ തികച്ചും നിരുത്തരവാദപരമായാണു വോട്ടുചെയ്തത്. ഇത്രയും നിരുത്തരവാദപരമായ നിലപാടല്ല ബി.ജെ.പിയെപ്പോലുള്ള രാഷ്ട്രീയപ്പാര്‍ട്ടിയുടെ പ്രതിനിധിയുടെ ഭാഗത്തുനിന്നുണ്ടാകേണ്ടത്. ഒ രാജഗോപാല്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പും വോട്ടുചെയ്യലും കളിയായിട്ടെടുത്തു. അത് ഉചിതമായ നടപടിയല്ലെന്നു നമുക്കു പറയാം.
പക്ഷേ, ഇങ്ങനെ പറയാന്‍സാധിക്കുന്നില്ലെന്ന തരത്തിലാണ് അദ്ദേഹത്തിന്റെ പ്രസ്താവനയുടെ ശരിയായ കിടപ്പ്. ശ്രീരാമകൃഷ്ണന്റെ പേരില്‍ ശ്രീരാമനും കൃഷ്ണനും ഉള്ളതുകൊണ്ടു താന്‍ അയാള്‍ക്കു വോട്ടുചെയ്‌തെന്നു ഒരു എം.എല്‍.എയ്ക്കു പറയാനാകുമോ. വ്യക്തിയുടെ പേരിന്റെ പത്രാസു കണ്ടാണോ അയാള്‍ ചെയ്യുന്ന പ്രവൃത്തിയുമായി ബന്ധപ്പെട്ട നിലപാടെടുക്കുന്നത്.
എങ്കില്‍ ആദിശങ്കരന്റെ പേരുമായി വന്നുനില്‍ക്കുന്ന ഇ.എം.എസ് നമ്പൂതിരിപ്പാടിനും ശ്രീകൃഷ്ണഭഗവാന്റെ നാമധാരിയായ അച്ചുതാനന്ദനുമൊക്കെ രാജേട്ടന്‍ വോട്ടുചെയ്തുവെന്നുവരും. വട്ടിയൂര്‍ക്കാവിലാണു വോട്ടെങ്കില്‍ കുമ്മനം രാജശേഖരനെന്നല്ല, സാക്ഷാര്‍ കെ മുരളീധരനായിരിക്കണം അദ്ദേഹം വോട്ടുചെയ്യുക. രാഷ്ട്രീയത്തില്‍ ഇത്തരമൊരു നിലപാടു പടുവങ്കത്തമാണ്. ആ നിലപാടു വെളിപ്പെടുത്തിയെന്നത് ഇ.പി ജയരാജന്‍ പറഞ്ഞതിനേക്കാള്‍ വലിയ കോമാളിത്തമാണ്. പക്ഷേ, നമ്മുടെ ഫേസ്ബുക്ക് പോസ്റ്റുകാരൊന്നും രാജേട്ടന്റെ വങ്കത്തത്തെ ഗൗനിച്ചില്ല. എന്തുകൊണ്ട്.
ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും പേരുകളോടുള്ള കരകവിഞ്ഞൊഴുകുന്ന ഭക്ത്യാദരങ്ങള്‍ വോട്ടെടുപ്പുവേളയില്‍ രാജഗോപാലിനെ സ്വാധീനിച്ചുവെങ്കില്‍ ഇതിനൊരു റിവേഴ്‌സ് ഇഫക്ടും ഉണ്ടായിക്കൂടേ അതായത്, മറ്റു ചിലപേരുകളോട് അലര്‍ജിയുണ്ടാവില്ലല്ലോ അദ്ദേഹത്തിന്. ശ്രീരാമകൃഷ്ണനെന്നു കേട്ട സന്തോഷത്തില്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിനു വോട്ടുചെയ്ത രാജേട്ടന്‍, തത്സ്ഥാനത്തേയ്ക്കു മത്സരിച്ചിരുന്നതു പട്ടാമ്പിയില്‍നിന്നു ജയിച്ച സി.പി.ഐ എം.എല്‍.എ മുഹമ്മദ് മുഹ്്‌സിനായിരുന്നുവെങ്കില്‍ വോട്ടുചെയ്യുമായിരുന്നില്ലെന്നു കരുതാമോ ഒ രാജഗോപാലിനെ പ്രചോദിപ്പിക്കുന്ന യാതൊന്നും മുഹ്‌സിന്‍ എന്ന പേരിലില്ലെന്നു മാത്രമല്ല, ശ്രീരാമകൃഷ്ണനെന്നു കേള്‍ക്കുമ്പോള്‍ കൈകൂപ്പാന്‍ വെമ്പുന്ന ആ മനസ് മുഹമ്മദ് മുഹ്‌സിനെന്നു കേള്‍ക്കുമ്പോള്‍ കാറിത്തുപ്പിയെന്നും വരും.
ചില പേരുകള്‍ തീവ്രഹിന്ദുത്വത്തെ പ്രകോപിപ്പിക്കുന്നുണ്ടല്ലോ. അതുകൊണ്ടാണല്ലോ ചില പ്രദേശങ്ങളുടെയും സ്ഥാപനങ്ങളുടെയും പേരുമാറ്റാന്‍ ബി.ജെ.പി നേതാക്കള്‍ കൊണ്ടുപിടിച്ചു ശ്രമിക്കുന്നത്. സ്ഥലനാമങ്ങള്‍ മാറ്റാന്‍ സുബ്രഹ്്മണ്യന്‍ സ്വാമിയും മറ്റും നടത്തുന്ന മഹായജ്ഞങ്ങളില്‍ അടങ്ങിയിട്ടുള്ളത് രാജഗോപാലിന്റെ വോട്ടുചെയ്യലില്‍ അടങ്ങിയ മന:ശാസ്ത്രംതന്നെയാണ്. അലഹാബാദും ഷാജഹാന്‍പൂരും വേണ്ട, രാംപൂരും കൃഷ്ണനഗറും മതി, കല്‍ക്കത്ത വേണ്ട, കാളീഘട്ട് മതി, സുല്‍ത്താന്‍ ബത്തേരിയെന്ന പേരുമാറ്റി ഗണപതിവട്ടമെന്നാക്കണം... ഇത്തരം ആവശ്യങ്ങള്‍ ഉയരുന്നതു തങ്ങള്‍ക്കിഷ്ടമില്ലാത്ത പേരുകള്‍ മനസില്‍ ചൊറിച്ചിലുണ്ടാക്കുന്നതിനാലാണ്.
ഇഷ്ടമുള്ള പേരിനെ പിന്തുണയ്ക്കുന്നതിന്റെ മറുവശമാണ് ഇഷ്ടമില്ലാത്ത പേരിനെ എതിര്‍ക്കുന്നതും. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത പേരുള്ള വ്യക്തിയെയോ മതത്തെയോ സമുദായത്തെയോ നിരാകരിക്കുന്ന സമീപനമാണിത്. തികച്ചും പ്രതിലോമമായ ഈ നിലപാടിന്റെ മറ്റൊരു രൂപമാണ് ഒ രാജഗോപാലിന്റെ നടപടിയിലുള്ളത്. അതാരും കണ്ടില്ല. ശ്രീരാമകൃഷ്ണനെന്നു കേട്ടപ്പോള്‍ ഒ രാജഗോപാല്‍ വികാരതരളിതനായിപ്പോവുകയും അദ്ദേഹം പ്രതിനിധാനംചെയ്യുന്ന പ്രസ്ഥാനം തനിക്കു ചതുര്‍ഥിയായിട്ടുപോലും അദ്ദേഹത്തിനു വോട്ടുനല്‍കുകയുംചെയ്തതിനു പിന്നില്‍ പ്രത്യയശാസ്ത്രവിവക്ഷകളുണ്ടെന്നുചുരുക്കം.
അറിയാതെ ചെയ്തുപോയ അബദ്ധമല്ല അത്. ചില പേരുകളോട്, ആ പേരുകള്‍ സൂചിപ്പിക്കുന്ന വിശ്വാസ ദര്‍ശനങ്ങളോട്, പ്രസ്തുതദര്‍ശനങ്ങളുടെ വക്താക്കളോട് ഒക്കെയുള്ള അസഹിഷ്ണുത മറ്റുചില പേരുകളോടും ആശയങ്ങളോടുമുള്ള പ്രതിപത്തിയുടെ മറുവശം തന്നെ. ഒ രാജഗോപാല്‍ ഒരു നിര്‍ണയാകഘട്ടത്തില്‍ ഇപ്പറഞ്ഞ പ്രതിപത്തിപ്രകടനമാക്കുന്നുവെങ്കില്‍ അതിന്റെ നേര്‍വിപരീതമായ അസഹിഷ്ണുതയും ആ മനസ്സില്‍ കുടികൊള്ളുന്നുവെന്നു കരുതുന്നതില്‍ തെറ്റില്ല.
പേരിലെന്തിരിക്കുന്നുവെന്നു പറഞ്ഞ് ഒന്നും തള്ളിക്കളയുന്നില്ല അദ്ദേഹം. പേരില്‍ പലതുമിരിക്കുന്നുവെന്നു കൃത്യമായി അദ്ദേഹത്തിനറിയാം. പേരുകേള്‍ക്കുമ്പോള്‍ത്തന്നെ അദ്ദേഹം കൃത്യമായി തീരുമാനങ്ങളെടുക്കുകയും ചെയ്യുന്നു. ഒ രാജഗോപാല്‍ എന്ന ഹിന്ദുത്വരാഷ്ട്രീയത്തിന്റെ വക്താവിനു തീരുമാനമെടുക്കാന്‍ ബന്ധപ്പെട്ട വ്യക്തിയുടെ പേരുമാത്രം മതി. നേമത്തുകാര്‍ മാത്രമല്ല, കേരളത്തിലെ ജനങ്ങള്‍ മുഴുവന്‍ ഈ സംഗതി മനസ്സിലാക്കിക്കൊള്ളണമെന്നാണു മൂപ്പരുടെ പ്രസ്താവനയുടെ പൊരുള്‍.
ജയരാജനെ നിര്‍ത്തിപ്പൊരിച്ച സോഷ്യല്‍ മീഡിയക്കാര്‍ ഇതുവല്ലതും കണ്ടുവോ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."