ബി.ജെ.പി കൗണ്‍സിലറുടെ നിലപാട് സി.പി.എമ്മിന് തിരിച്ചടിയായേക്കും
തിരൂര്‍: തിരൂര്‍ നഗരസഭാ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ബി.ജെ.പി കൗണ്‍സിലറുടെ നിലപാട് സി.പി.എമ്മിന് തിരിച്ചടിയായേക്കും. എല്‍.ഡി.എഫ് ഭരണസമിതി ജനങ്ങളുടെ പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ചവച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ ബി.ജെ.പി കൗണ്‍സിലര്‍ നിര്‍മ്മല കുട്ടികൃഷ്ണന്‍ തെഞ്ഞെടുപ്പില്‍ പാര്‍ട്ടി തീരുമാനം പ്രകാരം നിലപാടെടുക്കുമെന്ന് വ്യക്തമാക്കി.
സി.പി.എം-ടി.ഡി.എഫ് രാഷ്ട്രീയ ധാരണപ്രകാരം സി.പി.എം പ്രതിനിധിയായ ചെയര്‍മാന്‍ അഡ്വ. എസ് ഗിരീഷ് രാജിവച്ചതോടെ ടി.ടി.എഫ് പ്രതിനിധിയും നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ കെ. ബാവയെ ചെയര്‍മാനാക്കണമെന്ന് ടി.ടി.എഫ് നേതൃത്വം യോഗം ചേര്‍ന്ന് ആവശ്യപ്പെട്ടിരുന്നു.
ഇതിനിടെ ഒരു സി.പി.എം കൗണ്‍സിലര്‍ ആറു മാസത്തേക്ക് ചെയര്‍മാന്‍ സ്ഥാനം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ടി.ടി.എഫിലെ കെ. ബാവയ്ക്ക് ചെയര്‍മാന്‍ സ്ഥാനം നല്‍കുന്നതിനോട് വിയോജിപ്പുള്ള ഒരു വിഭാഗം സി.പി.എം കൗണ്‍സിലര്‍മാരുടെയും നേതാക്കളുടെയും പിന്തുണയോടെയായിരുന്നു കൗണ്‍സിലറുടെ നീക്കം. ഇതിനിടയിലാണ് ഭരണത്തില്‍ നിര്‍ണായക ഘടകമായ ബി.ജെ.പി പ്രതിനിധിയും രാഷ്ട്ട്രീയപരമായ നിലപാടെടുക്കുമെന്ന സൂചന നല്‍കിയത്. ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പ്രതിനിധി യു.ഡി.എഫിനൊപ്പം നിന്നാല്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും അംഗബലം തുല്യമാകും. അങ്ങനെ വന്നാല്‍ തെരഞ്ഞെടുപ്പ് നറുക്കെടുപ്പിലേക്ക് വഴിമാറും.
അതിനാല്‍ തന്ത്രപരമായ നീക്കങ്ങളുമായാണ് ഇരുമുന്നണികളും നീങ്ങുന്നത്. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ബി.ജെ.പി നേതൃത്വം എന്തുതീരുമാനമെടുക്കുമെന്നതും കൗണ്‍സിലറുടെ നിലപാടും ഇരുമുന്നണികള്‍ക്കും ഏറെ നിര്‍ണായകമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."