സംസ്ഥാനത്ത് മൊത്തം നഷ്ടത്തിലാകുമ്പോഴും: മലയോരത്ത് കെ.എസ്.ആര്‍.ടിസി പണം വാരുന്നു
നിലമ്പൂര്‍: കെ.എസ്.ആര്‍.ടി.സിയുടെ സര്‍വിസ് നഷ്ടത്തിലോടുമ്പോഴും മലയോര മേഖലക്ക് ഉണര്‍വേകി നിലമ്പൂര്‍ -നായാടംപൊയില്‍ സര്‍വിസ്. മലയോര പാതയില്‍ അനുവദിച്ച കെ.എസ്.ആര്‍.ടി.സി സര്‍വിസാണ് ജനകീയമായി മാറിയിരിക്കുകയാണ്. ഗ്രാമീണ മേഖലയായിട്ടുകൂടി ദിനംപത്രി 15,000ത്തിനു മുകളിലാണ് കളക്ഷന്‍. കോഴിക്കോട്-മലപ്പുറം ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന നിലമ്പൂര്‍-കോഴിപ്പാറ-തിരുവമ്പാടി സര്‍വിസില്‍ യാത്രക്കാരുടെ തിരക്കു വര്‍ധിച്ചതും സ്വകാര്യ ബസ് സര്‍വിസ് ഇല്ലാത്തതുമാണ് കെ.എസ്.ആര്‍.ടി.സിക്ക് കൊയ്ത്തായി മാറിയത്.
ചാലിയാര്‍ പഞ്ചായത്തിലെ മൂലേപ്പാടത്ത് കുറുവന്‍പുഴക്ക് കുറുകെയുള്ള പാലം ഉദ്ഘാടനം ചെയ്തതോടെയാണ് ഈ റൂട്ടില്‍ അന്നത്തെ ഗതാഗത വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ നിര്‍ദേശ പ്രകാരം കെ.എസ്.ആര്‍.ടി.സി അനുവദിച്ചത്. ജലടൂറിസം കേന്ദ്രമായ കോഴിപ്പാറ വെള്ളച്ചാട്ടത്തിന് 500 മീറ്റര്‍ അകലെ കോഴിപ്പാറ വരെ ഈ സര്‍വിസ് പോകുന്നത് ടൂറിസ്റ്റുകള്‍ക്ക് ഏറെ സഹായകരമാകുകയാണ്.
ദിനംപ്രതി നൂറുക്കണക്കിന് വിനോദസഞ്ചാരികളാണ് വിവിധ ജില്ലകളില്‍ നിന്നും ഇവിടെയെത്തുന്നത്. നിലമ്പൂരില്‍നിന്നും കോഴിക്കോട്ടേക്കുള്ള ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ പാത കൂടിയാണിത്. വയനാട്, നാടുകാണി ചുരങ്ങളെ വെല്ലുന്ന പാതയായി നിലമ്പൂര്‍ നായാടംപൊയില്‍ മലയോരപാത മാറിയിട്ടുണ്ട്. രാവിലെ 8.10ന് നിലമ്പൂരില്‍ നിന്നും പുറപ്പെടുന്ന ബസ് അകമ്പാടം, മൂലേപ്പാടം, വെണ്ടേക്കുംപൊയില്‍, കക്കാടംപൊയില്‍ വാളം തോടുവഴി 9.25ന് കോഴിപ്പാറ ടൂറിസ്റ്റ് കേന്ദ്രത്തില്‍ എത്തും. തുടര്‍ന്ന് ഇതേ റൂട്ടിലൂടെ 11ന് നിലമ്പൂരില്‍ തിരിച്ചെത്തും.
11.30ന് നിലമ്പൂരില്‍ നിന്നും പുറപ്പെട്ട് അകമ്പാടം, മൂലേപ്പാടം, കക്കാടംപൊയില്‍ വഴി കോഴിക്കോട് ജില്ലയിലെ കൂമ്പാറ, കുടരഞ്ഞിയിലൂടെ തിരുവമ്പാടിയിലെത്തും. 2.25ന് തിരുവമ്പാടിയില്‍ നിന്നും കോഴിപ്പാറ വഴി നിലമ്പൂരിലേക്ക്. വൈകിട്ട് 4.40ന് നിലമ്പൂരില്‍നിന്നും കോഴിപ്പാറയിലേക്കും അവിടെനിന്ന് അകമ്പാടം, നിലമ്പൂരിലേക്കും സര്‍വിസ് നടത്തും. നൂറുക്കണക്കിന് കുടിയേറ്റ കുടുംബങ്ങള്‍ക്കും ഒന്‍പത് ആദിവാസി കോളനികള്‍ക്കും ഈ ബസ് സര്‍വിസ് ഏറെ പ്രയോജനപ്പെടുന്നുണ്ട്.
ജില്ലയിലെ തന്നെ പ്രധാന ടൂറിസം കേന്ദ്രം കൂടിയാണ് ഈ മലയോര മേഖല. മൂലേപ്പാടം മുതല്‍ കോഴിപ്പാറ വരെയുള്ള 12 കിലോമീറ്റര്‍ ദൂരത്തില്‍ പന്തീരായിരം വനഭൂമി അതിരിട്ട് ഒഴുകുന്ന കുറുവന്‍പുഴയില്‍ ചെറുതും വലുതുമായ 12 വെള്ളച്ചാട്ടങ്ങളുമുണ്ട്. കൂടാതെ വിനോദസഞ്ചാരികളെ വരവേല്‍ക്കാന്‍ തോട്ടപ്പള്ളി, വാളാംതോട്, നായാടംപൊയില്‍ എന്നിവിടങ്ങളില്‍ റിസോര്‍ട്ടുകളും ഒരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."