മദ്‌റസാ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയ സംഭവം:യുവതി അറസ്റ്റില്‍
തിരൂരങ്ങാടി: ചെമ്മാട്ടുനിന്നും മദ്‌റസാ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഉപേക്ഷിച്ച സംഭവത്തില്‍ യുവതിയെ പൊലിസ് അറസ്റ്റ് ചെയ്തു. താനൂര്‍ മഠത്തില്‍ റോഡ് എടക്കാമഠത്തില്‍ സജ്‌ന (27) യെയാണ് തിരൂരങ്ങാടി പൊലിസ് അറസ്റ്റ് ചെയ്തത്.
സി.സി.ടി.വി ദൃശ്യങ്ങളും മൊബൈല്‍ ടവറുകളും കേന്ദ്രീകരിച്ചു പൊലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി പൊലിസ് പറഞ്ഞു. പെണ്‍കുട്ടിയുടെ വീട്ടിലും കുട്ടിയെ കൊണ്ടുപോയ സ്ഥലങ്ങളിലും ഇന്നലെ തെളിവെടുപ്പ് നടത്തി. കുട്ടിയുടെ മദ്‌റസാ പുസ്തകങ്ങളടങ്ങിയ ബാഗ് കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിലെ കാട്ടില്‍നിന്നും വിദ്യാര്‍ഥിനിയുടെ കൈയില്‍നിന്നു മുറിച്ചെടുത്ത മുക്കാല്‍ പവന്‍ സ്വര്‍ണം താനൂരിലെ ജ്വല്ലറിയില്‍നിന്നും പൊലിസ് കണ്ടെടുത്തു.
വള 16,500 രൂപയ്ക്കാണ് വില്‍പന നടത്തിയത്. തട്ടിക്കൊണ്ടുപോകാനുപയോഗിച്ച കെ.എല്‍ 55 ഡബ്ലിയു 7436 ഫാസിന സ്‌കൂട്ടര്‍ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുട്ടിയെ സ്‌കൂട്ടറില്‍ കയറ്റി വെഞ്ചാലി കോണ്‍ക്രീറ്റ് റോഡ് വഴി പരപ്പനങ്ങാടി, വള്ളിക്കുന്ന്, അത്താണി, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി, ചെട്ട്യാര്‍മാട് വഴി പന്തീരാങ്കാവ് വരെ സ്‌കൂട്ടറിലാണ് കൊണ്ടുപോയത്. ഇവിടെനിന്ന് ഓട്ടോ വിളിച്ചു കോഴിക്കോട് കമ്മത്ത് ലൈനിലെത്തി വള മുറിച്ച ശേഷം വീണ്ടും ഓട്ടോയില്‍ കോഴിക്കോട് മൊഫ്യൂസ്യല്‍ ബസ് സ്റ്റാന്‍ഡിനു മുന്‍വശത്തെത്തി മെഡിക്കല്‍ കോളജിലേക്കു ബസ് കയറുകയായിരുന്നു. കടയില്‍നിന്നു സാധങ്ങള്‍ വാങ്ങി വരാമെന്നു പറഞ്ഞു കുട്ടിയെ മെഡിക്കല്‍ കോളജില്‍ ഉപേക്ഷിക്കുകയായിരുന്നുവത്രേ.
ചെമ്മാട് കൊടിഞ്ഞി റോഡ് ബാപ്പുട്ടി ഹാജി നഗറില്‍ താമസിക്കുന്ന ഏഴു വയസുകാരിയെയാണ് 26നു രാവിലെ 6.45നു മണ്ണാടിപറമ്പ് ഖിദമത്തുല്‍ ഇസ്‌ലാം എ ബ്രാഞ്ച് മദ്‌റസയിലേക്കുള്ള യാത്രാമധ്യേ സ്‌കൂട്ടറില്‍ തട്ടിക്കൊണ്ടുപോയത്. പത്തു വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ ചേര്‍ത്താണ് പൊലിസ് കേസെടുത്തിട്ടുള്ളത്.
എസ്.ഐ വിശ്വനാഥന്‍ കാരയില്‍, സ്‌പെഷല്‍ ബ്രാഞ്ച് എ.എസ്.ഐ സത്യനാഥന്‍, സി.പി.ഒ പമിത്ത്, വനിതാ പൊലിസുകാരായ സുജാത, ഷീജാകുമാരി, പ്രജിഷ തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."