ജിദ്ദയിലെ സ്‌ഫോടനം; ചാവേര്‍ ഇന്ത്യക്കാരനെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു
ജിദ്ദ: സഊദിയിലെ മൂന്ന് സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യക്കാരനെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ജിദ്ദയിലും മദീനയിലുമുള്‍പ്പെടെ മൂന്ന് സ്‌ഫോടനങ്ങള്‍ നടത്തിയ സംഘത്തിലെ പ്രധാനി ഇന്ത്യക്കാരനായിരുന്നു. ഇയാള്‍ അമേരിക്കന്‍ കോണ്‍സുലേറ്റിന് മുന്നില്‍ ശരീരത്തില്‍ ബോംബ് ഘടിപ്പിച്ചെത്തി ചാവേറായി പൊട്ടിത്തെറിക്കുകയും ചെയ്തു. സംഭവസ്ഥലത്ത് നിന്ന് ശേഖരിച്ച സാംപിളുകളില്‍ നടത്തിയ പരിശോധനകളിലാണ് ഇന്ത്യക്കാരനാണെന്ന് തെളിഞ്ഞത്. ഇയാളെ സംബന്ധിച്ച് ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായി സഊദി ചര്‍ച്ച നടത്തിയിരുന്നു. മഹാരാഷ്ട്ര സ്വദേശിയാണ് ആക്രമണം നടത്തിയതെന്നാണ് ഒടുവില്‍ തെളിഞ്ഞത്. അന്വേഷണത്തിന്റെ വിവരങ്ങള്‍ ഇങ്ങനെ ജിദ്ദയില്‍ അമേരിക്കന്‍ കോണ്‍സുലേറ്റിന് മുമ്പില്‍ 2016 ജൂലൈ നാലിനാണ് സ്‌ഫോടനമുണ്ടായത്. ചാവേറായി വന്ന വ്യക്തി പൊട്ടിത്തെറിക്കുകയായിരുന്നു. ഇയാളുടെ ഡി.എന്‍.എ പരിശോധനകളിലാണ് ഇന്ത്യക്കാരനാണെന്ന് വ്യക്തമായത്. ഡി.എന്‍.എ സാംപിള്‍ പരിശോധനയുടെ ഭാഗമായി ഇന്ത്യയും സഊദിയും സഹകരിച്ചിരുന്നു.
ഫയാസ് കഗ്‌സിയാണ് ജിദ്ദയില്‍ പൊട്ടിത്തെറിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി എന്ന് മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു. ഇയാള്‍ ലഷ്‌കറെ ത്വയ്യിബ പ്രവര്‍ത്തകനാണ്. മഹാരാഷ്ട്രയിലെ ബീഡ് സ്വദേശിയാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
ആക്രമണം നടന്ന ജിദ്ദയിലെ സ്ഥലത്ത് നിന്നു ഡി.എന്‍.എ സാംപിളുകള്‍ സഊദി പോലിസ് ശേഖരിച്ചിരുന്നു. ഫയാസ് കഗ്‌സിയുടെ ഡി.എന്‍.എ സാംപിളുകള്‍ നേരത്തെ ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികളും ശേഖരിച്ചിരുന്നു. ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ഈ സാംപിളുകള്‍ സഊദി അധികൃതര്‍ക്ക് കൈമാറി. ജിദ്ദയില്‍ കൊല്ലപ്പെട്ട വ്യക്തിയുടേതുമായി യോജിക്കുന്നുണ്ട്. ഇങ്ങനെയാണ് ഫയാസ് കഗ്‌സിയാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചത്.
ജിദ്ദയിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റിരുന്നു. സഊദിയെ വിറപ്പിച്ച് ഒരേ ദിവസം മൂന്ന് സ്‌ഫോടനങ്ങളാണ് അന്ന് നടന്നത്. ആദ്യത്തേതായിരുന്നു ജിദ്ദയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് മുമ്പില്‍. രണ്ടാമത്തേത് ഖത്തീഫിലെ ഷിയാ പള്ളിക്ക് മുമ്പിലും മൂന്നാമത്തേത് മദീനയിലെ പ്രവാചകന്റെ പള്ളിക്ക് പുറത്തുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."