നഷ്ടമായതു നഗരവികസന ശില്‍പിയെ
കണ്ണൂര്‍: ഫുട്‌ബോള്‍ സംഘാടകന്‍, വ്യവസായി എന്നതിലുമപ്പുറം മികച്ച ഭരണാധികാരി കൂടിയെന്നതിന്റെ സാക്ഷ്യമായിരുന്നു പി.പി ലക്ഷ്മണന്‍ നഗരസഭാ ചെയര്‍മാനായ രണ്ടുവര്‍ഷക്കാലം. 11 വര്‍ഷം നഗരസഭാ കൗണ്‍സിലറായി പ്രവര്‍ത്തിച്ച ലക്ഷ്മണന്‍ 1999-2000 കാലയളവിലാണു ജില്ലാ ആസ്ഥാനത്തെ നഗരപിതാവായത്. ചുരുങ്ങിയ കാലഘട്ടത്തില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയ ലക്ഷ്മണന്റെ ആശയമായിരുന്നു പയ്യാമ്പലത്തെ വൈദ്യുത ശ്മശാനം. ദീര്‍ഘ വീക്ഷണത്തോടെയുള്ള പദ്ധതിയായിരുന്നുവെങ്കിലും പ്രവൃത്തി പൂര്‍ത്തിയാവാതെ സഹപ്രവര്‍ത്തകരുടെ നിര്‍ബന്ധപ്രകാരം വൈദ്യുതി ശ്മശാനം ഉദ്ഘാടനം ചെയ്തതിനെ തുടര്‍ന്നുണ്ടായ വിവാദത്തെക്കുറിച്ച് ചോദിക്കുമ്പോഴെല്ലാം സങ്കടം അടക്കിപ്പിച്ച മനസുമായായിരുന്നു ലക്ഷ്മണന്റെ പ്രതികരണം. കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ ഫഌഡ്‌ലിറ്റ് സ്ഥാപിക്കാന്‍ മുന്നിട്ടിറങ്ങിയ ഇ. അഹ്മദിന് നിര്‍ലോഭമായ പിന്തുണയാണ് അദ്ദേഹം നല്‍കിയത്.
തളാപ്പ് വാര്‍ഡില്‍ നിന്ന് ആദ്യം നഗരസഭയിലെത്തിയ ലക്ഷ്മണന്‍ രണ്ടാമൂഴത്തില്‍ താളിക്കാവ് വാര്‍ഡില്‍നിന്നു ജനവിധി തേടിയെങ്കിലും ഒരു വോട്ടിനു തോറ്റു. പിന്നീടു നടന്ന നഗരസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ആദ്യഘട്ടത്തില്‍ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായി അദ്ദേഹത്തെ പരിഗണിച്ചിരുന്നുവെങ്കിലും പിന്നീടു മുതിര്‍ന്ന നേതാവ് പി. ഭാസ്‌കരന് അവസരം നല്‍കണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ സ്വയം മാറിനിന്നു. ഒരുവര്‍ഷത്തിനു ശേഷം അനാരോഗ്യം കാരണം പി. ഭാസ്‌കരന്‍ രാജിവച്ചപ്പോള്‍ നേതൃത്വം വീണ്ടും പി.പിയെ പരിഗണിച്ചു. ഇതിനിടെ തളാപ്പ് വാര്‍ഡ് കൗണ്‍സിലര്‍ ആയാടത്തില്‍ മുകുന്ദന്റെ നിര്യാണത്തെ തുടര്‍ന്നുണ്ടായ ഉപതെരഞ്ഞടുപ്പില്‍ ലക്ഷ്മണന്‍ ജനവിധി തേടുകയും ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."