ഇശ്രത് ജഹാന്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍: ചിദംബരം
ന്യൂഡല്‍ഹി: ഇശ്രത് ജഹാന്‍ കൊല്ലപ്പെട്ടതു വ്യാജ ഏറ്റുമുട്ടലിലാണെന്ന തന്റെ നിലപാട് ആവര്‍ത്തിച്ചു പി. ചിദംബരം. കേസുമായി ബന്ധപ്പെട്ട രേഖകള്‍ കാണാതായതിനെക്കുറിച്ച് അന്വേഷിക്കുന്ന ആഭ്യന്തരമന്ത്രാലയ ഉദ്യോഗസ്ഥന്‍ സാക്ഷിയെ സ്വാധീനിക്കുന്നതിന്റെ ഫോണ്‍രേഖകള്‍ ഈ ആഴ്ച പുറത്തുവന്നതിനു ശേഷം എഴുതിയ ലേഖനത്തിലാണ് ചിദംബരം നിലപാട് ആവര്‍ത്തിച്ചത്.
ഏറ്റുമുട്ടല്‍ വ്യാജമാണോ അല്ലയോ എന്നതിനെക്കുറിച്ചു തനിക്കറിയില്ലെന്നു പറഞ്ഞ് ആരംഭിക്കുന്ന ലേഖനം, മെട്രോപൊളിറ്റന്‍ മജിസ്ട്രറ്റ് ജഡ്ജി തമങ്, ഗുജറാത്ത് ഹൈക്കോടതി രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം, അതിനു ശേഷം സി.ബി.ഐ തുടങ്ങി സംഭവത്തെക്കുറിച്ച് അന്വേഷിച്ചവരെല്ലാം സംഭവം വ്യാജ ഏറ്റുമുട്ടലാണെന്നു കണ്ടെത്തിയിട്ടുണ്ടെന്ന് ഓര്‍മിപ്പിച്ചു. 2014 ജൂണ്‍ 14ന് ഗുജറാത്ത് പൊലിസ് കസ്റ്റഡിയിലായിരിക്കെയാണ് ഇശ്രത് അടക്കമുള്ളവര്‍ കൊല്ലപ്പെട്ടതെന്നും കാറിലിരിക്കവെ വളരെ അടുത്തുനിന്നുള്ള വെടിയേറ്റാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നും നിയമവിരുദ്ധമായ തോക്കുകളാണ് വധിക്കാന്‍ ഉപയോഗിച്ചതെന്നുമുള്ള ജഡ്ജി തമങ്ങിന്റെ കണ്ടെത്തലുകള്‍ പരാമര്‍ശിക്കുന്ന ലേഖനം, ഏഴ് പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചതും ചൂണ്ടിക്കാട്ടി.
ഏറ്റുമുട്ടല്‍ യഥാര്‍ഥമായിരുന്നെന്നു വാദിക്കുന്നവരോട് ചിദംബരം ലേഖനത്തില്‍ തെളിവ് ആവശ്യപ്പെടുന്നുണ്ട്. ഇങ്ങനെ ചെയ്യുന്ന പലരും സംഭവവുമായി ബന്ധപ്പെട്ട കേസ് ഡയറി, സാക്ഷി മൊഴി, ഫോറന്‍സിക് റിപ്പോര്‍ട്ട് എന്നിവയെക്കുറിച്ച് യാതൊരു അറിവുമില്ലാതെയാണ് സംസാരിക്കുന്നതെന്നും അദ്ദേഹം എഴുതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."