ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് വിപുലമായ ഒരുക്കങ്ങള്‍
ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നതായി ജില്ലാ കലക്ടര്‍ ടി.വി അനുപമ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പോളിങ് സ്റ്റേഷനുകളിലും വിവി പാറ്റ് സംവിധാനമായിരിക്കും പ്രവര്‍ത്തിക്കുക. ഇതിനായി 500 ബാലറ്റ് യൂനിറ്റുകളും 400 കണ്‍ട്രോള്‍ യൂനിറ്റുകളും 212 മെഷീനുകളും ആദ്യഘട്ട പരിശോധനക്കായി ലഭ്യമായിട്ടുണ്ട്. 200 വിവി പാറ്റ് മെഷീനുകള്‍ കൂടി തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കലക്ടര്‍ പറഞ്ഞു.
പെരുമാറ്റ ചട്ടം നിലവില്‍ വന്ന 26 മുതല്‍ ആലപ്പുഴ സബ് കലക്ടറുടെ നേതൃത്വത്തില്‍ ചട്ടലംഘനം നിരീക്ഷിക്കുന്നുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം ഒരു പരാതി പോലും ലഭിച്ചിട്ടില്ല.
പണമൊഴുക്ക് സംബന്ധിച്ച് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് മുമ്പ് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മിഷനാണ്. കമ്മിഷന്‍ നിര്‍ദേശിക്കുന്നതനുസരിച്ച് നടപടി സ്വീകരിക്കും. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനം നിരീക്ഷിക്കാനായി വിവിധ വിഭാഗങ്ങളിലായി 26 സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
സ്റ്റാറ്റിക് സര്‍വയലന്‍സ്(18), ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡ്(2), വീഡിയോ സര്‍വയലന്‍സ് ടീം(1), ഫ്‌ളൈയിങ് സ്‌ക്വാഡ്(3), വീഡിയോ വീവിങ് ടീം(1), എക്‌സ്‌പെന്‍ഡിച്ചര്‍ മോണിട്ടറിങ് ടീം(1) എന്നിങ്ങനെയാണ് വിവിധ സംഘങ്ങളെ നിയോഗിച്ചിട്ടുള്ളത്.
ഇതിനും പുറമെ മാധ്യമങ്ങളെ നിരീക്ഷിക്കാനായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്, കലക്ടറേറ്റ്, ചെങ്ങന്നൂര്‍ റെസ്റ്റ് ഹൗസ് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് മൂന്ന് എം.സി.എം.സി സംഘങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷിക്കുന്നതിനുള്ള ഒബ്‌സര്‍വര്‍ മൂന്നിന് ജില്ലയിലെത്തും.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ക്രമസമാധാന പ്രശ്‌നങ്ങള്‍ ജില്ലാ പൊലിസ് ചീഫ്, ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ എന്നിവരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. മണ്ഡലത്തില്‍ ആകെ 164 പോളിങ് സ്റ്റേഷനുകളാണുള്ളത്. നിലവില്‍ 23 പ്രശ്‌ന ബാധിത ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്.
ഇതില്‍ ക്രിറ്റിക്കല്‍ എ വിഭാഗത്തില്‍ ആറും ക്രിറ്റിക്കല്‍ ബി വിഭാഗത്തില്‍ 17ഉം ബൂത്തുകളാണുള്ളത്.പ്രശ്‌നബാധിത ബൂത്തുകളുടെ എണ്ണം കണക്കിലെടുത്ത് കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുമെന്ന് അവര്‍ പറഞ്ഞു. ഇതിനായി വേണ്ടി വന്നാല്‍ ജില്ലക്ക് പുറത്ത് നിന്നും കൂടുതല്‍ പൊലിസ് സേനയെ നിയോഗിക്കും. എ.ഡി.എമ്മിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജാണ് തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണ കേന്ദ്രവും വോട്ടെണ്ണല്‍ കേന്ദ്രവും. വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്നതും ഇവിടെ തന്നെയായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."