വനത്തില്‍ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ അയല്‍വാസി അറസ്റ്റില്‍
ആദൂര്‍(കാസര്‍കോട്): വനത്തില്‍ വച്ച് യുവാവിനെ തലയിലും മുഖത്തും കല്ലുകൊണ്ടടിച്ചു കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസി അറസ്റ്റില്‍. അഡൂര്‍ കാട്ടിക്കജെയിലെ എം.കെ. ചിതാനന്ദ എന്ന സുധാകര (36)നെ തലയിലും മുഖത്തും കല്ലുകൊണ്ടടിച്ചു കൊലപ്പെടുത്തിയ കേസില്‍ ആണ് അയല്‍വാസിയായ ഗണപ്പ നായക് (35) അറസ്റ്റിലായത്.
ആദൂര്‍ സി.ഐ എം.എ. മാത്യു, എസ്.ഐ. നിബിന്‍ ജോയ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ ഉച്ചയോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകുന്നേരം സുധാകരന്റെ മൃതദേഹം വനത്തില്‍ കണ്ടെത്തുകയായിരുന്നു. ബുധനാഴ്ച രാവിലെ ജോലിക്ക് പോയ സുധാകരന്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പരിസരവാസികളും ബന്ധുക്കളും നടത്തിയ അന്വേഷണത്തിലാണ് വീടിന് അരകിലോമീറ്റര്‍ അകലെയുള്ള ബള്ളക്കാന വനമേഖലയില്‍ മൃതദേഹം കണ്ടെത്തിയത്. മുഖത്തും തലയിലും കല്ലുകൊണ്ടു കുത്തേറ്റ പരുക്കുകളും ഉണ്ടായിരുന്നു.
ഗണപ്പയുടെ കവുങ്ങിന്‍ തോട്ടത്തില്‍ കൂടിയാണ് നിത്യേന സുധാകരന്‍ ജോലിക്ക് പോയിരുന്നത്. അതിനിടെ അടയ്ക്ക മോഷ്ടിക്കുന്നതായും പറമ്പില്‍വച്ച് മദ്യപിക്കുന്നതായും ആരോപണം ഉയര്‍ന്നിരുന്നു.
ബുധനാഴ്ച വൈകുന്നേരം സുധാകരന്‍ തന്റെ പറമ്പിലിരുന്നു മദ്യപിക്കുന്നത് കണ്ട ഗണപ്പ വഴക്കിട്ടിരുന്നുവത്രെ. അതിനിടെ വാക്കേറ്റവും മല്‍പിടിത്തവും ഉണ്ടാവുകയും സുധാകരന്റെ മുഖത്തും തലയ്ക്കും കല്ലുകൊണ്ടടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലിസിനു നല്‍കിയ മൊഴി. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കാട്ടക്കജെയിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."