പാത്രിയാര്‍ക്കീസ് ബാവക്ക് നേരെ ചാവേറാക്രമണം: രക്ഷപ്പെട്ടത് തലനാരിഴക്ക്
ഡമാസ്‌കസ്: സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭാതലവന്‍ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാവക്ക് നേരെ ചാവേറാക്രമണം. ആക്രമണത്തില്‍ നിന്നും ബാവ കഷ്ടിച്ചു രക്ഷപ്പെട്ടു. കേരളത്തിലെ യാക്കോബായ സഭ ഉള്‍പ്പെടെയുള്ള സുറിയാനി സഭകളുടെ പരമാധ്യക്ഷനാണ് പാത്രിയാര്‍ക്കീസ് ബാവ. പാത്രിയാര്‍ക്കീസ് ബാവയുടെ ജന്മനാടായ ഖാമിഷ്‌ലി ജില്ലയിലെ ഖാതിയില്‍ 1915 ലെ സെയ്‌ഫോ കൂട്ടക്കൊലയില്‍ മരിച്ചവരെ അനുസ്മരിക്കാന്‍ ചേര്‍ന്ന പ്രാര്‍ഥനാ ചടങ്ങിനിടെയാണ് ആക്രമണം.
ചാവേറായി വന്ന ഭീകരനും സുരക്ഷാചുമതലയുള്ള സംഘത്തിലെ ഒരാളും കൊല്ലപ്പെട്ടു. ശരീരത്തില്‍ ബോംബുഘടിപ്പിച്ചെത്തിയ ചാവേറാണ് പാത്രിയാര്‍ക്കീസ് ബാവയെ വധിക്കാന്‍ ശ്രമിച്ചത്. ബാവയുടെ സുരക്ഷക്കായുള്ള സുതുറോ എന്ന പ്രത്യേക സംരക്ഷണ സേന ചെറുത്തു നിന്നതുകൊണ്ടാണ് ചാവേറിന് അദ്ദേഹത്തിന്റെ അടുത്തെത്താന്‍ കഴിയാതിരുന്നത്. ലക്ഷ്യത്തിലെത്തും മുന്‍പു തന്നെ ചാവേര്‍ പൊട്ടിത്തെറിച്ചു മരിച്ചു. സുതുറോയിലെ ഒരംഗവും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. എട്ടു പേര്‍ക്കു ഗുരുതരമായും പരുക്കേറ്റു. പാത്രിയാര്‍ക്കീസ് ബാവയ്ക്കു പരുക്കില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."