അഞ്ചാം മന്ത്രിയിലും ഉയര്‍ന്ന സന്തുലനവാദം
ഇഖ്ബാല്‍ വാവാട്,
ഉബൈദുല്ല കോണിക്കഴി#
സീറ്റ് വിഭജനവും സാമുദായിക സന്തുലനവും - 2
കോണ്‍ഗ്രസ് പ്രത്യേക പരിഗണന നല്‍കുന്ന നായര്‍ വിഭാഗത്തിലെ 34 ശതമാനവും ക്രിസ്ത്യാനികളിലെ 10 ശതമാനവും പൊതുശത്രുവായ ബി.ജെ.പിക്കൊപ്പം നിന്നപ്പോഴും യു.ഡി.എഫിനെ രക്ഷിച്ചത് മുസ്‌ലിം വോട്ടുകളാണ്. മാത്രമല്ല, മുസ്‌ലിം വിരുദ്ധത പറഞ്ഞാണ് കോണ്‍ഗ്രസ് ഇപ്പോഴും നായര്‍- ഹിന്ദു വോട്ടുകള്‍ നേടുന്നതെങ്കില്‍ ഒരു ദേശീയ പാര്‍ട്ടിയുടെ ആശയ പാപ്പരത്തമായേ അതിനെ കാണാനാവൂ. ടി.ഒ ബാവയ്ക്കു ശേഷം കഴിഞ്ഞ അഞ്ച് ദശകത്തിനിടെ എം.എം ഹസന്‍ എന്ന മുസ്‌ലിമല്ലാതെ ആരും കെ.പി.സി.സി പ്രസിഡന്റാവാത്തത് ലീഗിന്റെ പ്രസിഡന്റ് മുസ്‌ലിമായതു കൊണ്ടാണെന്ന് പറയുന്നത്രയും അബദ്ധമാണ് കോണ്‍ഗ്രസിന്റെ സന്തുലനവാദം. എന്നും യു.ഡി.എഫിന്റെ വോട്ട് ബാങ്കായി നിന്ന മുസ്‌ലിംകളോടുള്ള അവഗണന കൂടിയാണ് സന്തുലന വാദവും ജനസംഖ്യാനുപാതിക വിഭജനവും.
ഇനി സന്തുലനത്തിന്റെ പേരില്‍ ലീഗിനെ വിമര്‍ശിക്കുന്ന ഇടതുപക്ഷത്തിന്റെ കാര്യവും വ്യത്യസ്തമല്ല. അഞ്ചാം മന്ത്രി വിവാദത്തില്‍ അസന്തുലിതാവസ്ഥാ വാദവുമായി ഇറങ്ങിയ വി.എസ് അച്യുതാനന്ദനും മറ്റുള്ളവരും ലീഗിനെ വിമര്‍ശിക്കുന്നതിനു പിന്നില്‍ രാഷ്ട്രീയ വിരോധം മാത്രമല്ലെന്നു വ്യക്തമാണ്. അതേ ഇടതുപക്ഷത്തിന്റെ നിലവിലെ പിണറായി മന്ത്രിസഭയിലും 2006ലെ വി.എസ് മന്ത്രിസഭയിലും രണ്ടു മുസ്‌ലിംകളേ ഉണ്ടായിരുന്നുള്ളൂ. 2004ലും 2014ലും മലപ്പുറത്തും പൊന്നാനിയിലുമല്ലാതെ ഒരേയൊരു സീറ്റാണ് എല്‍.ഡി.എഫ് മുസ്‌ലിംകള്‍ക്കു നല്‍കിയത്. 2009ല്‍ രണ്ടും. ഇതൊന്നും ഒരു സന്തുലനാവസ്ഥയെയും പരിഗണിച്ചുകൊണ്ടായിരുന്നില്ല.
ലീഗിന് ഒരു മന്ത്രിസ്ഥാനം അധികം ലഭിക്കുന്നു എന്ന സ്ഥിതി ഉണ്ടായപ്പോള്‍ മാത്രമാണ് സമുദായ സന്തുലനം കേരളത്തില്‍ ചര്‍ച്ചയാവുന്നത്. ഇത് മുഖ്യധാരയില്‍ വിവാദമാക്കിയത് കോണ്‍ഗ്രസ് തന്നെയായിരുന്നു എന്നതാണ് വസ്തുത. അതും 26.56 ശതമാനമുള്ളവര്‍ക്ക് വെറും 30 ശതമാനം പങ്കു ലഭിച്ചപ്പോഴായിരുന്നു എന്നതും 1991നു മുന്‍പ് ഇത്തരം പങ്കുകളെക്കുറിച്ചോ അനുപാതത്തെക്കുറിച്ചോ ആരും വേവലാതിപ്പെട്ടിരുന്നില്ലെന്നും മന്ത്രിസഭയിലെ പ്രാതിനിധ്യം പരിശോധിക്കുമ്പോള്‍ വ്യക്തമാണ്. 1977ലെ 18 അംഗ ആന്റണി മന്ത്രിസഭയില്‍ മുഖ്യമന്ത്രിയടക്കം ഏഴു ക്രിസ്ത്യന്‍ മന്ത്രിമാരും (38.8 ശതമാനം) മൂന്ന് മുസ്‌ലിം മന്ത്രിമാരുമാണ് (16.6 ശതമാനം) ഉണ്ടായിരുന്നെന്നതടക്കമുള്ള ചരിത്രം ഇപ്പോള്‍ ചികഞ്ഞെടുക്കുന്നതില്‍ പ്രത്യേകിച്ചു ഗുണമില്ല.
ഈ സന്തുലന പ്രക്രിയയാണ് യു.ഡി.എഫിന്റെ ഓഹരിവയ്ക്കലുകളില്‍ ഭാവിയില്‍ നടക്കാന്‍ പോകുന്നതെങ്കില്‍ ലീഗും കോണ്‍ഗ്രസിലെ മുസ്‌ലിംകളും ഒരു പുനര്‍വിചിന്തനം നടത്തേണ്ടിയിരിക്കുന്നു. രാഷ്ട്രീയ വളര്‍ച്ചയും തെരഞ്ഞെടുപ്പ് പ്രകടനവും അടിസ്ഥാനമാക്കി ഒരു നേട്ടവും ഉണ്ടാക്കാനാവില്ലെന്നിരിക്കെ അസന്തുലന വാദം ലീഗിനെ പിന്നോട്ടടിക്കാനുള്ള ഒരു ആയുധമായി തുടരും. പാര്‍ട്ടി വോട്ടര്‍മാരെ അവഗണിച്ച് സ്ഥാനാര്‍ഥികളെ നിര്‍ണയിക്കാന്‍ ഒരു പാര്‍ട്ടിയും തയാറല്ലെന്നിരിക്കെ മുസ്‌ലിം ലീഗിനു മാത്രം മാറി നടക്കാനാവില്ല. ഇതേ രീതിയില്‍ യു.ഡി.എഫിലും സീറ്റ് വിഭജനം നടന്നാല്‍ മാത്രമേ കോണ്‍ഗ്രസ് വാദത്തിന് അനുസൃതമായ വിഭജനം പോലും സാധ്യമാവുകയും ലീഗിനും മുസ്‌ലിംകള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുകയുമുള്ളൂ. ലീഗിന്റെ രാഷ്ട്രീയ ശക്തിയും അതിന് ആനുപാതികമായ സീറ്റ് വിഭജനവും ഇതിന്റെ തുടര്‍ച്ചയായി വരേണ്ടതുണ്ട്. സമുദായപ്പാര്‍ട്ടി എന്നതിനപ്പുറത്തേക്ക് രാഷ്ട്രീയപ്പാര്‍ട്ടി എന്ന പരിഗണന ലീഗിനു ലഭിച്ചാല്‍ മാത്രമേ അത്തരം പ്രതീക്ഷകള്‍ക്കു വകയുള്ളൂ. യു.ഡി.എഫ് എന്ന സുശക്തമായ ഒരു സംവിധാനത്തിനു ലീഗ് നല്‍കുന്ന സംഭാവന ചെറുതല്ല. സീറ്റ് അധികം ചോദിക്കുന്നത് ആ സംവിധാനത്തെ തകര്‍ക്കാനുള്ള ശ്രമമായി വിലയിരുത്തുന്നത് രാഷ്ട്രീയ എതിരാളികളാണ്. ആ ശ്രമങ്ങളെ ഇല്ലാതാക്കുകയും അര്‍ഹമായ വിഭജനം നടത്തുകയും ചെയ്ത് ഐക്യത്തോടെ മുന്നോട്ടുപോകണമെന്നു തന്നെയാണ് ലീഗ് അണികള്‍ ആഗ്രഹിക്കുന്നത്.
ലീഗും കോണ്‍ഗ്രസും എതിര്‍പക്ഷത്തായി മത്സരിച്ച 1957, 1962, 1967 ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ കേരളത്തില്‍ കോണ്‍ഗ്രസിന് ഒറ്റ മുസ്‌ലിം എം.പിയും ഇല്ലായിരുന്നുവെന്നതും ലീഗ്- കോണ്‍ഗ്രസ് സഖ്യം വന്ന ശേഷമാണ് 1977ല്‍ പാലക്കാട് മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ ആദ്യ മുസ്‌ലിമായി സുന്ന സാഹിബ് വിജയിച്ചതെന്നതും ചരിത്രമാണ്. അതിനു ശേഷമാണ് ചിറയിന്‍കീഴില്‍ എ.എ റഹീമും തലേക്കുന്നില്‍ ബഷീറുമൊക്കെ കോണ്‍ഗ്രസിനായി ജയിച്ചുകയറിയത്. ടി.എ മുഹമ്മദിന്റെ 'കേരള മുസ്‌ലിം രാഷ്ട്രീയം: 1921- 1967' എന്ന ഗവേഷണ പഠനത്തില്‍ കോണ്‍ഗ്രസിനകത്തു മുസ്‌ലിംകള്‍ക്ക് അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്ന് വ്യക്തമാക്കുന്നുണ്ട്. കെ.പി.സി.സി പ്രസിഡന്റ്, മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, സ്പീക്കര്‍ എന്നീ പദവികളില്‍ മുസ്‌ലിം കോണ്‍ഗ്രസുകാരന്‍ ഉണ്ടായിട്ടില്ല. അസന്തുലിതാവസ്ഥാ വാദം ഉന്നയിക്കുന്നതിനു മുന്‍പ് സ്വന്തം പാര്‍ട്ടിയില്‍ നടന്ന ഇത്തരം വിവേചനങ്ങളെ തിരുത്താനുള്ള ബാധ്യതയും കോണ്‍ഗ്രസിനുണ്ട്. ഇടതുപക്ഷം കൈയടാന്‍ ശ്രമിക്കുന്ന മുസ്‌ലിം വോട്ടുകളുടെ ഒരു പങ്കു നേടിയെടുക്കാന്‍ കോണ്‍ഗ്രസിന് ഇതിലൂടെ കഴിയുകയും ചെയ്യും.
സന്തുലനവാദം പല പ്രശ്‌നങ്ങള്‍ നിറഞ്ഞതാണെങ്കിലും ആ അനുപാതം തന്നെ കഴിഞ്ഞ കാലങ്ങളില്‍ കോണ്‍ഗ്രസ് പാലിച്ചോ എന്നും വിജയ സാധ്യതയുള്ള സീറ്റുകള്‍ മുസ്‌ലിംകള്‍ക്കു നല്‍കിയോ എന്നും ലീഗ് വന്ന ശേഷം കോണ്‍ഗ്രസിന്റെ മുസ്‌ലിം വോട്ടുകളില്‍ എത്ര ശതമാനം വര്‍ധിച്ചുവെന്നുമുള്ള സൂക്ഷ്മ വിശകലനം ലീഗിന്റെ അധിക സീറ്റുകള്‍ക്കായുള്ള അര്‍ഹത വര്‍ധിപ്പിക്കുകയേ ഉള്ളൂ. മാത്രമല്ല, പാര്‍ട്ടി- മുന്നണി വോട്ടര്‍മാരെ അവഗണിച്ചുകൊണ്ടുള്ള സീറ്റ് വിഭജനവും അസന്തുലിതാവസ്ഥാ വാദവും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണം ചെയ്യുകയുമില്ല. കോണ്‍ഗ്രസ് മാത്രമല്ല, ലീഗിനെ ആക്രമിക്കാന്‍ മുന്നില്‍ നില്‍ക്കുന്ന ഇടതുപക്ഷവും നായര്‍, ഈഴവ വിഭാഗങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും നല്‍കുന്ന പരിഗണനയും അതിലെ ഏറ്റക്കുറച്ചിലുകളും മുസ്‌ലിംകളോടുള്ള അവഗണനയും വല്ലപ്പോഴും ചിന്തിക്കേണ്ടിയിരിക്കുന്നു.
(അവസാനിച്ചു)
* നായര്‍, ഈഴവ, എസ്.സി, എസ്.ടി അല്ലാത്ത ഹിന്ദുക്കളുടെ മുന്നണികള്‍ക്കുള്ള വോട്ട് വിഹിതം ആനുപാതിക കണക്കാണ്. അതിന്റെ വേര്‍തിരിച്ചുള്ള കണക്കു ലഭിച്ചിട്ടില്ല.
* ബാഫഖി സ്റ്റഡി സര്‍ക്കിള്‍, ജെ.എന്‍.യു യൂണിറ്റ് നടത്തുന്ന 'മുസ്‌ലിം ലീഗ് തെരഞ്ഞെടുപ്പുകളിലൂടെ' എന്ന പഠനത്തിന്റെ ഭാഗമായി തയാറാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."