സമ്പൂര്‍ണ്ണ സഊദി വല്‍ക്കരണത്തിലെ അപാകത ചൂണ്ടിക്കാണിച്ച് ആസ്സൂത്രണ മന്ത്രി: ഘട്ടം ഘട്ടമായി നടപ്പിലാക്കണം
റിയാദ്: നിലവില്‍ സഊദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം നടപ്പിലാക്കി കൊണ്ടിരിക്കുന്ന സമ്പൂര്‍ണ്ണ സഊദി വല്‍ക്കരണ പദ്ധതികളിലെ അപാകത ചൂണ്ടികാണിച്ച് സഊദി ആസൂത്രണ മന്ത്രി രംഗത്തെത്തി. വിവിധ മേഖലകളില്‍ ഒറ്റയടിക്കു നടപ്പിലാക്കുമെന്ന് പ്രഖാപിച്ചു സമ്പൂര്‍ണ്ണ സഊദി വല്‍ക്കരണ പദ്ധതി തെറ്റാണെന്നും ഇത് ശരിയായ തീരുമാനമല്ലെന്നും സഊദി സാമ്പത്തിക ആസൂത്രണ മന്ത്രി മുഹമ്മദ് അല്‍ തുവൈജിരിയാണ് വ്യക്തമാക്കിയത്. റിയാദ് ചേംബര്‍ അധികൃതരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്ത് വിവിധ മേഖലകില്‍ നൂറു ശതമാനം സഊദി വല്‍ക്കരണം പ്രഖ്യാപിക്കുകയും വിവിധ മേഖലകളില്‍ ശക്തമായി നടപ്പിലാക്കുകയും ചെയ്യുന്നതിനിടെയാണ് മന്ത്രിയുടെ പ്രസ്താവന. കടുത്ത സ്വദേശി വല്‍ക്കരണ നീക്കം പല വ്യാപാര സ്ഥാപനങ്ങളിലും കടുത്ത സ്തംഭനാവസ്ഥ സൃഷ്ടിച്ചിരുന്നു. ഇതേ കുറിച്ച് വാണിജ്യ സംഘടനകള്‍ വിവിധ മന്ത്രാലയ വകുപ്പുകളുമായി ചര്‍ച്ചകളും നടത്തിയിരുന്നു.
രാജ്യം ലക്ഷ്യമാക്കുന്ന സ്വദേശിവത്കരണം ഘട്ടം ഘട്ടമായാണ് നടപ്പിലാക്കേണ്ടത്. എന്നാല്‍ 100 ശതമാനം സ്വദേശിവത്കരണം എന്നത് ശരിയായ രീതിയല്ല. തൊഴില്‍ വിപണിയുടെ സ്വഭാവമനുസരിച്ചാണ് ആസൂത്രണം നടത്തേണ്ടത്. രാജ്യത്തെ സാമ്പത്തിക മേഖലയില്‍ 20 ശതമാനം ബിനാമി ഇടപാട് നിലനില്‍ക്കുന്നുണ്ട്. സാമ്പത്തിക കാഴ്ചപ്പാടോടെയാണ് ഇതിന് പരിഹാരം കാണേണ്ടത്. സഊദി സമ്പദ്ഘടനയുടെ ഇരുപത് ശതമാനവും ബിനാമിയാണെന്നും അദ്ദേഹം പറഞ്ഞു.
സ്വകാര്യ, പൊതു മേഖലകള്‍ തമ്മിലുള്ള പങ്കാളിത്തം ക്രമീകരിക്കുന്ന നിയമം വൈകാതെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമുദ്ര ജല ശുദ്ധീകരണശാലകള്‍, മൈദ മില്ലുകള്‍, വിമാനത്താവളങ്ങള്‍, ഗതാഗതം, ആരോഗ്യ മേഖല എന്നിവയടക്കമുള്ള ചില മേഖലകള്‍ സ്വകാര്യ വല്‍ക്കരിക്കും. വെറും സാമ്പത്തിക വളര്‍ച്ചയല്ല, മറിച്ചു ഗുണമേന്മയുള്ള സാമ്പത്തിക വളര്‍ച്ചയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ വല്‍ക്കരണത്തിന്റെ സാധ്യതകള്‍ സഊദിയിലെയും വിദേശത്തെയും നിക്ഷേപകര്‍ക്ക് ഏറെ ഉപകാരപ്രദമാകുമെന്നും ആസൂത്രണ മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."