ഇലിസ് മുഖ്യമന്ത്രിയെ കണ്ടു: സര്‍ക്കാരില്‍ നിന്ന് പിന്തുണ ലഭിച്ചിട്ടുണ്ടെന്ന് പ്രതികരണം
തിരുവനന്തപുരം: ദുരൂഹസാഹചര്യത്തില്‍ കോവളത്ത് മരിച്ചനിലയില്‍ കണ്ടെത്തിയ വിദേശവനിതയുടെ സഹോദരി ഇലിസ് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. സര്‍ക്കാര്‍ നല്‍കിയ പിന്തുണയ്ക്കും സഹായത്തിനും നന്ദി അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
വിഷമഘട്ടത്തില്‍ സര്‍ക്കാരില്‍നിന്ന് എല്ലാവിധ പിന്തുണയും ലഭിച്ചിട്ടുണ്ട്. എന്നിട്ടും ചില മാധ്യമങ്ങളില്‍ സര്‍ക്കാരിനെതിരെ തെറ്റായ പ്രചരണം വന്നതില്‍ അതിയായ ദുഃഖമുണ്ട്. അതിന് മുഖ്യമന്ത്രിയോട് ക്ഷമ ചോദിക്കാന്‍ കൂടിയാണ് താന്‍ വന്നതെന്ന് ഇലിസ് പറഞ്ഞു. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനോടൊപ്പമാണ് ഇലിസ് മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ ഓഫിസില്‍ സന്ദര്‍ശിച്ചത്.
തെറ്റായ വാര്‍ത്തകളും പ്രചാരണവും ഉണ്ടായതില്‍ വിഷമിക്കേണ്ടെന്നും അതിന് പിന്നില്‍ രാഷ്ട്രീയ ഉദ്ദേശ്യമാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ദുഃഖകരമായ ഈ സംഭവത്തില്‍ സര്‍ക്കാരിന് സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. സര്‍ക്കാര്‍ വിദേശ വനിതയുടെ കുടുംബത്തോടൊപ്പമുണ്ട്. ഡി.ജി.പിയെ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹം എല്ലാ സഹായവും ചെയ്തിട്ടുണ്ടെന്നും ഇലിസ് പറഞ്ഞു.
നിയമനടപടികള്‍ പൂര്‍ത്തിയായതിനാല്‍ വിദേശ വനിതയുടെ മൃതദേഹം മേയ് 3 വ്യാഴാഴ്ച തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കരിക്കും. ടൂറിസം വകുപ്പ് മുന്‍കൈയെടുത്ത് മെയ് ആറിന് ഞായറാഴ്ച നിശാഗന്ധിയില്‍ ലിഗ അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നുണ്ട്. പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കണമെന്ന ആഗ്രഹവും ഇലിസ് പ്രകടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."