യന്ത്രത്തകരാര്‍: നീലേശ്വരത്ത് പുറംകടലില്‍ കുടുങ്ങിയ 12 മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു
നീലേശ്വരം: യന്ത്രത്തകരാര്‍ വന്ന ബോട്ടില്‍ പുറംകടലില്‍ കുടുങ്ങിയ 12 മല്‍സ്യത്തൊഴിലാളികളെ അതിസാഹസികമായി രക്ഷപ്പെടുത്തി. കൊച്ചി തോപ്പുംപടിയിലെ ജോണ്‍സണ്‍ (48), ജോബി (32), കന്യാകുമാരി ജില്ലയില്‍ ഇരവിപുത്തന്‍ തുറൈയിലെ മുത്തപ്പന്‍ (30), ആല്‍ബര്‍ട് (64), ജയപാലന്‍ (42), രാമന്‍ തുറയിലെ സുനില്‍ (37), പെരിയവിളയിലെ ജാന്‍ എഡിസന്‍ (31), വിഴിഞ്ഞത്തെ സുരേഷ് (21), ബെപ്‌സന്‍ (21), പൂന്തുറയിലെ ബേബി ജോണ്‍ (21), ബല്ലാര്‍മിന്‍ (40), അസം സ്വദേശി സിജിന്‍ദാസ് (19) എന്നിവരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്.
കഴിഞ്ഞ 26 നു കര്‍ണാടകയിലെ മല്‍പ്പെ ഹാര്‍ബറില്‍ നിന്നു മല്‍സ്യബന്ധനത്തിനു പുറപ്പെട്ട അല്‍ അമീന്‍ എന്ന എറണാകുളം രജിസ്‌ട്രേഷന്‍ ബോട്ട് ആണു നീലേശ്വരം അഴിമുഖത്തിനു 90 കിലോമീറ്റര്‍ ആകലെ കടലില്‍ അകപ്പെട്ടത്. കെ.എസ് ഹുസൈനിന്റെ ഉടമസ്ഥതയിലുള്ളതാണു ബോട്ട്. 28 ന് രാത്രിയാണ് ബോട്ട് അപകടത്തിലായത്. 29 ന് കോസ്റ്റ് ഗാര്‍ഡിന്റെ കപ്പല്‍ എത്തി തൊഴിലാളികളെ രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും ബോട്ട് കെട്ടിവലിക്കാനാകില്ലെന്നതിനാല്‍ തൊഴിലാളികള്‍ ബോട്ടില്‍ നിന്ന് ഇറങ്ങിയില്ല.
തുടര്‍ന്നു കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ ഇവിടെ തന്നെ നിലയുറപ്പിച്ചു. ഇതുവഴി കടന്നു പോയ സെന്റ് മേരീസ് എന്ന ബോട്ട് അപകട വിവരം വയര്‍ലസ് വഴി അറിയിച്ചു. ഈ സിഗ്‌നല്‍ ലഭിച്ച ഹാം റേഡിയോ വയര്‍ലസ് ഓപ്പറേറ്റര്‍ പിലാത്തറ സി.എം നഗറിലെ റോണി മൂര്‍ക്കോത്ത് തീരദേശ പൊലിസിനു വിവരം കൈമാറുകയായിരുന്നു.
കാസര്‍കോട് കലക്ടര്‍ കെ.ജീവന്‍ ബാബു ഇടപെട്ട് എറണാകുളം കലക്ടര്‍ കെ.മൊഹമ്മദ്.വൈ.സഫിറുള്ളയുമായി ബന്ധപ്പെട്ടു വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ഫിഷറീസ് അസി.ഡയറക്ടര്‍ പി.വി.സതീശന്‍, കോസ്റ്റല്‍ സി.ഐ, എസ് .നന്ദകുമാര്‍ എന്നിവരുടെ നിര്‍ദേശപ്രകാരം ചൊവ്വാഴ്ച രാവിലെ 10 ഓടെ ഫിഷറീസ് രക്ഷാബോട്ട് രക്ഷാപ്രവര്‍ത്തനത്തിനായി പുറം കടലിലേക്കു പുറപ്പെട്ടു.
ഏഴു മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനു ശേഷം ഇന്നലെ പുലര്‍ച്ചെ രണ്ടോടെയാണു അപകടത്തില്‍ പെട്ട ബോട്ടും 12 തൊഴിലാളികളെയും നീലേശ്വരം അഴിമുഖത്തെത്തിച്ചത്. ഫിഷറീസ് റസ്‌ക്യു ഗാര്‍ഡ് പി.മനു, ഒ.ധനീഷ്, ഡ്രൈവര്‍മാരായ പി.വി.നാരായണന്‍, കെ.കണ്ണന്‍, സിവില്‍ പൊലീസ് ഓഫിസര്‍ പി.വി. ഉണ്ണിരാജന്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയത്. യന്ത്രത്തകരാര്‍ പരിഹരിച്ച ശേഷം തൊഴിലാളികളുമായി ബോട്ട് മടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."